Connect with us

Kerala

ബി ജെ പിയും യു ഡി എഫും കലാപത്തിന് ശ്രമിക്കുന്നു: എല്‍ ഡി എഫ്

Published

|

Last Updated

തിരുവവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന്റെ പേരില്‍ വിശ്വാസികളെ ഇളക്കിവിട്ട് ബി ജെ പിയും യു ഡി എഫും സംസ്ഥാനത്ത് കലാപത്തിന് ആസൂത്രിത നീക്കം നടത്തുകയാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. വിശ്വാസികളെ തടഞ്ഞും അക്രമിച്ചും സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഇരുകൂട്ടരുടെയും ശ്രമം. ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള നീക്കമാണ് നിലയ്ക്കലും പമ്പയിലും അരങ്ങേറുന്നത്. ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും ലക്ഷ്യം ഭരണഘടന തകര്‍ക്കുകയാണ്. അതിന് ഒത്താശ ചെയ്യുന്ന കോണ്‍ഗ്രസ് ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയാണ്.

നിയമവാഴ്ച തകര്‍ത്ത് കലാപമുണ്ടാക്കാനുള്ള ഇരുകൂട്ടരുടെയും ശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികളും യഥാര്‍ഥ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. ഏത് വിധേനയും സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കം. കേരളത്തിന്റെ മതേതര മനസ്സിനെ തകര്‍ക്കാനുള്ള ആസൂത്രിതമായ പരിശ്രമത്തിലാണ് യു ഡി എഫും ബി ജെ പിയും.

കോണ്‍ഗ്രസ് തങ്ങളുടെ പാരമ്പര്യം ആര്‍ എസ് എസിന് അടിയറ വെച്ച് വര്‍ഗീയത ആളിക്കത്തിക്കാന്‍ ഇരുകൂട്ടരും കൈകോര്‍ത്ത് നീങ്ങുകയാണ്. വിധിയോട് വിയോജിപ്പുള്ള നിരവധി പേര്‍ ഇതിനകം റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിന് ശ്രമിക്കാതെ കലാപത്തിനാണ് ഇരുവരും കോപ്പുകൂട്ടുന്നത്. വിധി നടപ്പാക്കുക എന്ന ഭരണഘടനാപരമായ ബാധ്യതയും ഉത്തരവാദിത്വവും സര്‍ക്കാറിനുണ്ട്. വിശ്വാസത്തിന്റെ പേരില്‍ എന്തും ആകാമെന്ന നിലയിലേക്ക് കോണ്‍ഗ്രസും ആര്‍ എസ് എസും അധഃപതിച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധിയോട് വിയോജിപ്പുണ്ടെങ്കില്‍ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിക്കുകയാണ് ബി ജെ പിയും കോണ്‍ഗ്രസും ചെയ്യേണ്ടതെന്നും എല്‍ ഡി എഫ് ആവശ്യപ്പെട്ടു.