Connect with us

Kerala

കേരളാ-ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസം; ഹംസഫര്‍ ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍

Published

|

Last Updated

കൊച്ചി: കേരളാ-ബെംഗുളൂരു യാത്രക്കാര്‍ക്ക് ആശ്വാസമായ ഹംസഫര്‍ ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ ഓടിത്തുടങ്ങും. കൊച്ചുവേളിയില്‍ നിന്ന് ബെംഗളൂരുവിലെ ബാന്‍സ്‌വാടി വരെയാണ് സര്‍വീസ്. ശനിയാഴ്ച രാവിലെ 11ന് കൊച്ചുവേളി സ്റ്റേഷനില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സര്‍വീസ് ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച വൈകുന്നേരം 3.30ന് ട്രെയിന്‍ ബാനസവാടിയിലെത്തും. ഉദ്ഘാടന ദിനത്തിലെ പ്രത്യേക സര്‍വീസിന് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം, ബങ്കാറപ്പെട്ട്, വൈറ്റ് ഫീല്‍ഡ്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. സ്ഥിരസര്‍വീസ് ഞായറാഴ്ച ബാനസവാടിയില്‍ നിന്ന് ആരംഭിക്കും. 16 തേര്‍ഡ് എ സി കോച്ചുകള്‍ ഈ ട്രെയിനിന്റെ പ്രത്യേകതയാണ്.

16319 നമ്പര്‍ ട്രെയിന്‍ വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.05ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് ബാനസവാടിയിലെത്തും. സ്റ്റോപ്പുകള്‍: കൊല്ലം (6.58), ചെങ്ങന്നൂര്‍ (രാത്രി 7.53), കോട്ടയം (9.13), എറണാകുളം ടൗണ്‍ (10.33), തൃശൂര്‍ (11.48), പാലക്കാട് (12.57), കോയമ്പത്തൂര്‍ (പുലര്‍ച്ചെ 2.45), ഈറോഡ് (4.15), സേലം (5.30), ബംഗാരപേട്ട് (8.43), വൈറ്റ്ഫീല്‍ഡ് (9.30), കെ ആര്‍ പുരം (9.48). 16320-ാം നമ്പര്‍ ട്രെയിന്‍ ബാനസവാടിയില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം ഏഴിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.05ന് കൊച്ചുവേളിയിലെത്തും.

സ്റ്റോപ്പുകള്‍: കെ ആര്‍ പുരം (രാത്രി 7.11), വൈറ്റ്ഫീല്‍ഡ് (7.21), ബംഗാരപേട്ട് (8.01), സേലം (10.35), ഈറോഡ് (11.30),കോയമ്പത്തൂര്‍ (പുലര്‍ച്ചെ 1.00), പാലക്കാട് (2.07), തൃശൂര്‍ (3.08), എറണാകുളം ടൗണ്‍ (4.28), കോട്ടയം (5.43), ചെങ്ങന്നൂര്‍ (6.19), കൊല്ലം (7.28).
കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് ട്രെയിന്‍ അനുവദിച്ചത്. 2014 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച ട്രെയിനിന്റെ സര്‍വീസ് ബെംഗളൂരു സിറ്റി സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ കുറവ് ചൂണ്ടിക്കാണിച്ച് ദീര്‍ഘിപ്പിക്കുകയായിരുന്നു. തീവണ്ടിയുടെ അവസാന സ്റ്റോപ്പായി നിലവില്‍ നിശ്ചയിച്ചിരിക്കുന്നത് ബാനസവാടിയാണ്. സര്‍വീസ് ബെംഗളൂരു സിറ്റിയില്‍ വരെ എത്തുന്ന രീതിയില്‍ സര്‍വീസ് നീട്ടിയാല്‍ മാത്രമാണ് തങ്ങള്‍ക്ക് ഉപകാരപ്രദമാകുകയുള്ളുവെന്നാണ് യാത്രക്കാരുടെ അഭിപ്രായം. ഈ ആവശ്യവുമായി ഓള്‍ കേരള റെയില്‍വേ യൂസേഴ്സ് അസോസിയേഷന്‍ റെയില്‍വേ മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.