റിയാദ് മെട്രോ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി; 190 ട്രെയിനുകള്‍ സര്‍വീസ് നടത്തും

Posted on: October 17, 2018 5:51 pm | Last updated: October 17, 2018 at 5:51 pm

ദമ്മാം: റിയാദ് മെട്രോ പദ്ധതിയുടെ പാലം നിര്‍മാണം പൂര്‍ത്തിയായി. മെട്രോ പാലത്തിന്റെ അവസാന കോണ്‍ക്രീറ്റ് ഭാഗവും ഘടിപ്പിച്ചതോടെയാണ് പാലം നിര്‍മാണം പൂര്‍ത്തിയായതെന്ന് കിംഗ് അബ്ദുല്‍ അസീസ് പൊതുയാത്ര പദ്ധതി അധികൃതര്‍ വ്യക്തമാക്കി.
റിയാദ് നഗര പരിഷ്‌കരണ ഉന്നതാധികാര സമിതി തലവന്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ കഴിഞ്ഞമാസം യോഗം ചേര്‍ന്ന് പദ്ധതി വിലയുരുത്തി 75 ശതമാനവും പൂര്‍ത്തിയായതായി അറിയിച്ചിരുന്നു.

385 കിലോമീറ്ററാണ് റിയാദ് മെട്രോ പദ്ധതിയുടെ ദൈര്‍ഘ്യം. 85 സ്റ്റേഷനുകളാണ് മെട്രോ പദ്ധതിയിലുള്ളത്. റിയാദ് പട്ടണത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു യാത്ര പദ്ധതിയാണിത്. ഉപരിതലത്തില്‍ നിന്നും 25 മീറ്റര്‍ താഴെയായി 7,280 മീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 190 തീവണ്ടികള്‍ സര്‍വീസ് നടത്തും. അന്താരാഷ്ട്ര തലത്തിലുള്ള മൂന്ന് കമ്പനികള്‍ക്കാണ് ട്രെയിനുകള്‍ നിര്‍മാണത്തിനുകരാര്‍ നല്‍കിയിട്ടുള്ളത്. ഇതിനകം 60 ഏറെ ട്രെയിനുകള്‍ റിയാദില്‍ എത്തിച്ചു കഴിഞ്ഞു.