കേന്ദ്രമന്ത്രി എംജെ അക്ബര്‍ രാജിവെച്ചു

Posted on: October 17, 2018 4:54 pm | Last updated: October 18, 2018 at 10:51 am

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിന്റെ ഭാഗമായുള്ള വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവെച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും അക്ബര്‍ രാജി പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിരവധി വനിതാ മാധ്യമ പ്രവര്‍ത്തകരാണ് അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച അക്ബര്‍ തനിക്കെതിരെ ആദ്യമായി ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

പ്രിയ രമണി അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെ ഒരു ഡസനോളം വനിതാ മാധ്യമപ്രവര്‍ത്തകര്‍ ലൈംഗികാതിക്രമത്തിന്റെ കഥകള്‍ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ അക്ബറിന്റെ രാജിക്കായി സമ്മര്‍ദം ശക്തമായി. ആരോപണങ്ങള്‍ ഉയര്‍ന്ന സമയത്ത് വിദേശത്തായിരുന്ന അക്ബര്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. തിരിച്ചെത്തിയ വേളയില്‍ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും രാജിയെക്കുറിച്ച് അദ്ദേഹ മൗനം പാലിക്കുകയായിരുന്നു.

കേന്ദ്ര, വിനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിക്ക് പുറമെ മന്ത്രിസഭയിലെ തന്നെ മറ്റൊരംഗമായ സ്മൃതി ഇറാനിയും എം ജെ അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു. അക്ബര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസും സി പി എമ്മും ആവശ്യപ്പെട്ടിരുന്നു.