Connect with us

Kerala

നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമണം; വാഹനങ്ങളും ക്യാമറകളും തകര്‍ത്തു- VIDEO

Published

|

Last Updated

പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും നേരേ വ്യാപക ആക്രമണമുണ്ടായി. എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി, എന്‍ഡിടിവിയിലെ സ്‌നേഹ കോശി, സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, ന്യൂസ് മിനുട്ട് റിപ്പോര്‍ട്ടര്‍ സരിത ബാലന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെബി ശ്രീധരനും ക്യാമറാമാന്മാരായ അഭിലാഷിനും സുധീഷിനും പരുക്കേറ്റു.

ഏഷ്യാനെറ്റിന്റെ ഡിഎസ്എന്‍ജി വാഹനവും റിപ്പബ്ലിക് ടിവിയുടേയും ന്യൂസ് 18ന്റേയും വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തത്. നൂറിലധികം പേര്‍ വരുന്ന ജനക്കൂട്ടമാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പബ്ലിക് ടി വി പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടായി. കലാപഭീതിയുണര്‍ത്തിയ പ്രതിഷേധക്കാരില്‍ പലരും മുഖം മറച്ചാണ് ആക്രമണം നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ നിരവധി ക്യാമറകളും തകര്‍ന്നിട്ടുണ്ട്.

ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ന്യൂസ് മിനിട്ട്‌സ് റിപ്പോര്‍ട്ടര്‍ സരിതാ ബാലന് നേരെ പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് ആക്രമണമുണ്ടായത്. ബസിനകത്തുണ്ടായിരുന്ന അയ്യപ്പഭക്തന്‍മാര്‍ മാന്യമായി പെരുമാറിയപ്പോള്‍ നിലയ്ക്കല്‍ മേഖലയില്‍ തമ്പടിച്ച ആള്‍ക്കൂട്ടമാണ് ആക്രമിച്ചതെന്ന് സരിത പറയുന്നു. ബസിനുള്ളില്‍ നിന്ന തന്നെ കണ്ടതോടെ ആള്‍ക്കൂട്ടം ഇരച്ച്കയറി അസഭ്യവര്‍ഷം നടത്തിയെന്നും ബസില്‍ നിന്ന് ഇറക്കിവിട്ടെന്നും സരിത വ്യക്തമാക്കി.