Connect with us

Articles

വിശ്വാസ കേരളത്തിലെ ജാതി ഗര്‍ത്തങ്ങള്‍

Published

|

Last Updated

ശബരിമിയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പരമോന്നത കോടതില്‍ നിന്നുണ്ടായ ഉത്തരവ് വിശ്വാസികളില്‍ ഉണ്ടാക്കിയ എതിര്‍പ്പ് ചെറുതല്ല. കോടതി ഉത്തരവിന് എതിരെയുള്ള പ്രതിഷേധങ്ങളെ കേവലം വിശ്വാസപരമായി മാത്രം വായിക്കേണ്ടതല്ല. അതിനപ്പുറം ഈ പ്രതിഷേധങ്ങള്‍ക്ക് മറ്റ് ചില തലങ്ങള്‍ കൂടിയുണ്ട്. രാഷ്ട്രീയ, സാമൂഹിക നവോത്ഥാനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നമ്മുടെ തെരുവുകളും റോഡുകളും കവലകളും എത്ര പെട്ടന്നാണ് വിശ്വാസികളുടെ നാമജപത്തില്‍ അമര്‍ന്നുപോയത്? കോടതി വിധി ഹിന്ദു മതവിശ്വാസത്തിനുള്ളിലേക്കുള്ള കടന്നുകയറ്റമായി പ്രഖ്യാപിച്ചാണ് പ്രതിഷേധമെങ്കിലും അതിനുമപ്പുറം ചില സവര്‍ണ ജാതി താത്പര്യങ്ങള്‍ ഈ സമരത്തിന് പിന്നിലുണ്ട്. അത് ജനാധിപത്യ വിരുദ്ധമാണ്.
കോടതിവിധിയെ അതിന്റെ യുക്തി പരതയില്‍ നിന്നു വീക്ഷിക്കുന്നതിന് പകരം വിശ്വാസപരമായി കാണുമ്പോഴാണ് കുഴപ്പങ്ങള്‍ ഉണ്ടാകുന്നത്. വിധിയെ വൈകാരിക വിഷയമാക്കി മാറ്റുക വഴി പൊതുസമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് സവര്‍ണ താത്പര്യങ്ങള്‍ ഇപ്പോള്‍ ചെയ്തു വരുന്നത്. തുടക്കത്തില്‍ ഇതൊരു വിശ്വാസ സമൂഹങ്ങളുടെ പ്രതിഷേധമായിരുന്നെങ്കില്‍ പിന്നീട് അതിന്റെ സ്വഭാവവും രീതിയും മാറുകയാണ്. കൊട്ടാരവും തമ്പ്രാക്കന്മാരും കുലസ്ത്രീ തെറികളും ഇതിന്റെ ഭാഗമായിട്ടുണ്ടായതാണ്.
വിശ്വാസ കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി ബോധത്തിന്റെ ആഴങ്ങളിലേക്ക് നോക്കാന്‍ ഇത് കാരണമായിട്ടുണ്ട്. എന്തുകൊണ്ടാണ് ശബരിമല കോടതിവിധി ഭരണഘടനാനുസൃതമായി നിലവില്‍ വന്നിട്ടും അതിനെ അംഗീകരിക്കുന്നതിന് പകരം ഭരണഘടനാ തത്വങ്ങളെ വിശ്വാസത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്? ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലേക്ക് വിശ്വാസം വളരുന്നത് എന്തുകൊണ്ടാണ്? എന്നീ കാര്യങ്ങള്‍ പരിശോധിക്കേണ്ട അവസരം കൂടിയാണിത്. ഹിന്ദു മതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും വര്‍ണാശ്രമ ധര്‍മങ്ങളിലൂടെ വളര്‍ന്നുവരികയും പിന്നീടത് ഹിന്ദു സമൂഹത്തെ അസമത്വത്തിലേക്ക് നയിക്കുന്നതിന് കാരണമായി തീരുകയും ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള പാരമ്പര്യവുമായി സവര്‍ണ ഹൈന്ദവത വളര്‍ന്ന് വന്നപ്പോള്‍ നവോത്ഥാന കാലഘട്ടങ്ങളില്‍ ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ ഇന്ത്യയിലെ ഇതര ദേശങ്ങളിലും പ്രത്യേകിച്ച് കേരളത്തിലും നടന്നിട്ടുണ്ട്. അത് പലപ്പോഴും സാമൂഹിക പരിഷ്‌കരണങ്ങളെക്കാള്‍ രാഷ്ട്രീയ പ്രതിഷേധങ്ങളായി ഉയര്‍ന്നിട്ടുണ്ട്. അത്തരമൊരു ചരിത്ര പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് കേരളത്തില്‍ ഇന്ന് കാണുന്ന വിശ്വാസി സമൂഹത്തിന്റെ തെരുവ് പ്രതിരോധങ്ങളെ തിരിച്ചറിയേണ്ടത്.

കേരളത്തിലെ സവിശേഷമായ സാമൂഹിക പുരോഗതിയെ നിര്‍ണയിച്ച പ്രധാന ഘടകങ്ങളിലൊന്ന് ജാതി ബോധങ്ങള്‍ സൃഷ്ടിച്ച അസമത്വങ്ങളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതാണ്. അത് രാഷ്ട്രീയമായ വിജയം കൂടിയായിരുന്നു. സവര്‍ണ ഹൈന്ദവ പാരമ്പര്യവാദികള്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല അത്. അവര്‍ ഇപ്പോഴും ജാതിയുടെ മേലാളത്ത ബോധത്തെ മുറുക്കിപ്പിടിച്ചു കൊണ്ടാണ് ജീവിക്കുന്നത്. കൊട്ടാരവും തമ്പ്രാന്‍ അധികാരബോധവും ഉള്ളില്‍ സൂക്ഷിച്ചാണ് അവര്‍ ഇപ്പോഴും ജീവിക്കുന്നത്. ചെറിയ അവസരം കിട്ടിയപ്പോള്‍ അതുണ്ടാക്കിയ വിസ്‌ഫോടനമാണ് കുലസ്ത്രീകളില്‍ നിന്നുണ്ടായ തെറി അഭിഷേകം പോലും. ഇത് സാന്ദര്‍ഭികമായി ഉണ്ടായതല്ല. മറിച്ച് കേരളത്തിലെ പൊതുബോധത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ കൊട്ടാര ജീവിതവും കുലമഹിമയും തമ്പ്രാക്കന്മാരുടെ അധികാര ബോധവും ഇപ്പോഴും വിശ്വാസ തലങ്ങളില്‍ നിലനില്‍ക്കുന്നു എന്നതാണതിന്റെ കാരണം. ഇത് സ്വകാര്യതയില്‍ നിന്നും തെരുവിലേക്ക് ഇറങ്ങുമ്പോള്‍ ജനാധിപത്യവിരുദ്ധമായി തീരുന്നു. ഇതിനൊപ്പം നില്‍ക്കേണ്ടവരാണോ ദളിത് പിന്നാക്ക വിഭാഗങ്ങള്‍ എന്നതാണ് പ്രധാന വിഷയം?

കേരളത്തിലെ ദളിത് പിന്നാക്ക വിഭാഗങ്ങളെ സാമൂഹിക അസമത്വങ്ങളില്‍ നിന്നു വിമോചിപ്പിക്കുന്നതില്‍ അയ്യന്‍കാളിയും ശ്രീനാരയണ ഗുരുവും വഹിച്ച പങ്ക് ചെറുതല്ല. അവരുടെ ഇടപെടല്‍ മുഴുവന്‍ സവര്‍ണ ജാതി ബോധത്തിന് എതിരായിരുന്നു. മാറ് മറക്കലും പൊതുവഴിയിലെ സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും സവര്‍ണ ഹൈന്ദവതയോട് ഏറ്റുമുട്ടി നേടിയതാണ്. വര്‍ഗ വിഭജനവും വര്‍ഗ ചൂഷണവും പിന്നാക്ക വിഭാഗങ്ങളുടെ നേരിയ പുരോഗതിയെ പോലും നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് വലിച്ചു. വര്‍ണാശ്രമ വ്യവസ്ഥ അടിമത്വത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു. അവയെയൊക്കെ ബ്രാഹ്മണിക്കല്‍ ബോധം ഹിന്ദു വിശ്വാസത്തെ മുന്‍നിര്‍ത്തി മനുഷ്യനെ അടിമയാക്കാനും തോട്ടി പണിയെടുക്കാനുമുള്ള അധികാരത്തിന്റെ ഉപകരണമാക്കി. ബ്രഹ്മാവിന്റെ വായില്‍ നിന്ന് ബ്രാഹ്മണരും കൈകളില്‍ നിന്ന് ക്ഷത്രിയരും തുടകളില്‍ നിന്ന് വൈശ്യരും കാലടികളില്‍ നിന്ന് ശുദ്രരും ഉണ്ടായി എന്നാണ് വൈദിക്കന്മരുടെ പുരുഷസൂക്ത പ്രഖ്യാപനം. ഇതില്‍ കാലടികളില്‍ നിന്നും ഉണ്ടായരാണ് എക്കാലത്തും ജാതിയുടെ സര്‍വ പീഡനങ്ങളും ഏറ്റുവാങ്ങിയത്. ബ്രാഹ്മണര്‍ അവരെ ജാതി എന്ന ചങ്ങലകൊണ്ട് നുറ്റാണ്ടുകളായി കെട്ടിയിട്ടു. ഈ ജാതിയുടെ പ്രഭവകേന്ദ്രം ഹൈന്ദവ മതമാണ്. അതുണ്ടാക്കിയ പിഡനങ്ങള്‍ ഇന്നും അനുഭവിക്കുന്നവരാണ് പഴയ കുലമഹിമക്കാരോടൊപ്പം ആചാര പുനഃസ്ഥാപനത്തിന് വേണ്ടി തെരുവിലിറങ്ങിയത്. ഇത് സ്വന്തം ചരിത്രത്തെ നിഷേധിക്കുന്നതിന് തുല്യമാണ്.
ശബരിമലയുടെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ ആദിവാസികള്‍ക്ക് ഉള്ള അവകാശങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. കാലക്രമത്തില്‍ സവര്‍ണ വിഭാഗം എങ്ങനെ അതിന്റെ ആചാരങ്ങളില്‍ ആധിപത്യം സ്ഥാപിച്ചു എന്നതും ഏറെക്കുറെ വ്യക്തമാണ്. അത്തരമൊരിടത്ത് സ്ത്രീ പ്രവേശനം സാധ്യമാകുമ്പോള്‍ അതിനെ എതിര്‍ക്കുന്നവരുടെ മനസ്സില്‍ ഇപ്പോഴും പഴയ വര്‍ണാശ്രമബോധം പതച്ച് പൊങ്ങുന്നുണ്ട് ഇതിനൊപ്പം നില്‍ക്കാന്‍ ഈഴവരും മറ്റ് പിന്നാക്ക വിഭാഗങ്ങളും തയ്യാറായി എന്നത് അതിശയം ജനിപ്പിക്കുന്നതാണ്.

1917ല്‍ ശ്രീനാരായണ ഗുരു പറഞ്ഞ വാക്കുകള്‍ക്ക് ഇക്കാലത്ത് ഏറെ പ്രാധാന്യമുണ്ട്. “ക്ഷേത്രം ജാതി വ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുപ്പാന്‍ ശ്രമിക്കാം. അവര്‍ക്ക് അറിവുണ്ടാകട്ടെ .അതു തന്നെയാണ് അവരെ നന്നാക്കുവാനുള്ള മരുന്ന്”. എന്നാല്‍ ആധുനിക കാലത്ത് ക്ഷേത്ര വിശ്വാസത്തിന് വേണ്ടി ജനം റോഡിലൂടെ പ്രതിഷേധിക്കുന്ന കാഴ്ച കാണുമ്പോള്‍ ഗുരുവിന്റെ വാക്കുകള്‍ക്ക് ഇന്നും പ്രസക്തി വര്‍ധിക്കുകയാണ്. കാലം ഏറെ മുന്നോട്ടു പോയപ്പോള്‍ ഉണ്ടായ രാഷ്ട്രീയമായ വളര്‍ച്ചയെ ഏത് വിശ്വാസത്തിന്റെ പേരിലായാലും പിന്നോട്ട് വലിക്കാന്‍ അനുവദിക്കരുത്.

അസമത്വങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ കഴിഞ്ഞത് നാം ജനാധിപത്യത്തിന്റെ വഴിയെ സഞ്ചരിച്ചതുകൊണ്ടാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പു കാലത്തെങ്കിലും വ്യവസ്ഥിതിക്കെതിരെ പ്രതിഷേധിക്കാന്‍ കഴിയുന്നത് രാഷ്ട്രീയ അധികാരത്തിന്റെ ഭാഗമായി അവര്‍ മാറിയതുകൊണ്ടാണ്. രാഷ്ട്രീയ അധികാര വര്‍ഗം എപ്പോഴൊക്കെ സവര്‍ണ ബോധത്തിന്റെ ഭാഗമായോ അപ്പോഴൊക്കെ ഈ വിവേചനം രാഷ്ട്രീയമായും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജനാധിപത്യവും രാഷ്ട്രീയവും തങ്ങളുടെ പാരമ്പര്യ ജാതി ബോധത്തെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ഘടകമല്ല എന്ന് സവര്‍ണര്‍ക്ക് അറിയാം. അതുകൊണ്ടാണ് തെരുവിലിറങ്ങിയ കുലസ്ത്രീകള്‍ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ തെറി വിളിക്കുന്നത്. ഇത് സംഭവിക്കുന്നത് വിശ്വാസത്തിന്റെ പേരില്‍ റോഡിലിറങ്ങിയ പിന്നാക്ക വിഭാഗങ്ങളുടെ നടുവില്‍ നിന്നാണ്. ജാതിബോധവും സവര്‍ണബോധവും നല്‍കിയ വിവേചനത്താല്‍ മുഖ്യധാരയില്‍ നിന്നും വലിച്ചെറിയപ്പെട്ടവരാണിവര്‍. അതിന്റെ അടയാളങ്ങള്‍ ഇപ്പോഴും കേരളത്തില്‍ കാണാം. പുറമ്പോക്കുകളില്‍ സ്വന്തമായി ഒരുപിടി മണ്ണില്ലാതെ, വീടില്ലാതെ വെയിലും മഴയും കൊണ്ട് ജീവിക്കുന്ന മനുഷ്യരൊക്കെ തന്നെ ദളിത് പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരാണ്. എന്തുകൊണ്ടാണ് ഇവര്‍ ഇപ്പോഴും പുറമ്പോക്കില്‍ ജീവിക്കേണ്ടി വരുന്നത് എന്ന് പരിശോധിക്കുമ്പോഴാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഹിന്ദുത്വം ഉണ്ടാക്കിയ സവര്‍ണതയുടെ ഇരകളാണ് തങ്ങള്‍ എന്ന സത്യത്തിലെത്തുക. ആരംഭ കാലത്ത് ജാതിയുടെ ഘടന അടിമത്തവും അനന്തരകാലത്ത് ഫ്യൂഡല്‍ വ്യവസ്ഥയുടെ ഭാഗമായും അത് മാറിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും പിന്നാക്കം നിന്ന ഈ വലിയ വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഭരണഘടനാപരമായിട്ടുള്ള സംവരണം നിലവില്‍ വന്നത്. ഇതിനെതിരെ ജാതിയില്‍ മുന്നിട്ടുനില്‍ക്കുന്ന എന്‍ എസ് എസ് ഹൈക്കോടതിയില്‍ കേസിനു പോയത് ഈയടുത്ത കാലത്താണ്. ഈ യാഥാര്‍ഥ്യത്തെ മനസ്സിലാക്കാന്‍ പോലും കഴിയാതെ വിശ്വാസത്തിന്റെ പേരില്‍ റോഡിലിറങ്ങിയ പിന്നാക്ക വിഭാഗങ്ങള്‍ക്ക് എന്തുകൊണ്ട് ഇത്തരം സവര്‍ണ ബോധത്തെ തിരിച്ചറിയാന്‍ കഴിയുന്നില്ല?
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ സതി എന്ന ദുരാചാരത്തിന് എതിരെയും പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിനെതിരെ ഉണ്ടായ കോടതി വിധിയിലും പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയവരില്‍ പിന്നാക്ക ജാതിക്കാര്‍ ഉണ്ടായിരുന്നു. ഇത് എങ്ങനെ ഉണ്ടാകുന്നു എന്ന അന്വേഷണത്തിലാണ് ജാതി ഈ വിഭാഗങ്ങളില്‍ മാനസികമായ അടിമത്തം തീര്‍ക്കുന്ന ഒന്നായി മാറിയതായി മനസ്സിലാക്കാന്‍ കഴിയുക. കേരളത്തിലെ വിദ്യാസമ്പന്നരില്‍ പലരും ഇത്തരം ജാതി ചിന്തയുടെ ഭാഗമായി വളര്‍ന്നവരാണ്. “സവര്‍ണ കുട്ടികളെയും പുലയ കുട്ടികളെയും സ്‌കൂളില്‍ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് കുതിരയെയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുമ്പോലെയാണെന്ന രീതിയിലുള്ള സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മുഖപ്രസംഗം സവര്‍ണരെ വീണ്ടും അവര്‍ക്കെതിരെ തിരിയാന്‍ കാരണമായി ” എന്ന് “മഹാത്മ അയ്യങ്കാളിയുടെ അറിയപ്പെടാത്ത ചരിത്രം” എന്ന പുസ്തകത്തില്‍ കുന്നുകുഴി എസ് മണി, വി എസ് അനിരുദ്ധന്‍ എന്നിവര്‍ എഴുതിയിട്ടുണ്ട്. (ഡി സി ബുക്‌സ് പേജ് 85) ഇത്തരമൊരവസ്ഥയില്‍ നിന്നും കേരളത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത് നിരവധി പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ്. എന്നിട്ടും വീണ്ടും അടിമ ജീവിതം ചോദിച്ചു വാങ്ങുന്നത് എന്തുമാത്രം കഷ്ടമാണ്.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ ഒരുമിക്കുന്നത് കേവലം വൈകാരികതയുടെ ഭാഗമാണെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ചരിത്രപരമായ വസ്തുതകളെ മുന്‍നിര്‍ത്തി വേണം ഈ പങ്കാളിത്തത്തെ പരിശോധിക്കേണ്ടത്. ഹിന്ദുവായി പിറന്നു എന്നതുകൊണ്ട് മാത്രമാണ് സാധാരണ മനുഷ്യര്‍ക്ക് ലഭിക്കേണ്ട സാമൂഹിക സ്വാതന്ത്ര്യവും മാനവികമായ ഇടപെടലും പിന്നാക്ക ജനവിഭാഗത്തിന് നഷ്ടപ്പെട്ടത്. അതിന്റെ കാരണക്കാരായവരുടെ പിന്മുറക്കാരാണ് ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളെ നിയന്ത്രിക്കുന്നത്. തങ്ങള്‍ക്കെതിരെ നിലകൊണ്ട ഒരു വിഭാഗത്തോടൊപ്പം നില്‍ക്കുക എന്നുള്ളത് സ്വന്തം പൂര്‍വകാല ചരിത്രത്തെ നിഷേധിക്കലാണ്. രാഷ്ട്രീയമായി പുരോഗമിച്ച ഒരു സമൂഹത്തില്‍ ഇത്തരത്തിലുള്ള സമയങ്ങളില്‍ ഇടപെടേണ്ടത് പുരോഗമന പക്ഷത്ത് നിന്നു കൊണ്ടായിരിക്കണം. പിറവി കൊണ്ടും നിറം കൊണ്ടും സാമ്പത്തികമായും സാമൂഹികമായും തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ട് ഏറെ താഴ്ന്നുനില്‍ക്കുന്നവരാണ് പിന്നാക്കക്കാര്‍. എല്ലാ മനുഷ്യ വിഭാഗത്തെയും ഒപ്പം നിര്‍ത്തുന്ന യുക്തിപൂര്‍വമായ തീരുമാനമാണ് പരമോന്നത കോടതി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, ഇത് പാരമ്പര്യ ആചാര ശീലങ്ങള്‍ക്ക് എതിരാണെന്നുപറയുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. ഇത്തരം ആചാരങ്ങളാണ് നേരത്തെ തങ്ങളെ ബഹുദൂരം പിന്നിലേക്ക് വലിച്ചെറിഞ്ഞ് ചവിട്ടി മെതിച്ചത് എന്നതാണത് ഈ യാഥാര്‍ഥ്യത്തെ നാം മറന്നുപോകരുത്. കേരളത്തിന്റെ സവിശേഷ സാമൂഹിക സാഹചര്യം അതിന്റെ വളര്‍ച്ചയെ നിര്‍ണയിച്ച രാഷ്ട്രീയ ഘടകങ്ങളെ ഒരിക്കലും നമുക്ക് മാറ്റിനിര്‍ത്താന്‍ കഴിയില്ല. അയ്യങ്കാളിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ഇടപെടല്‍ സാമൂഹികപരവും രാഷ്ട്രീയപരമായി ഓരോ കേരളീയനെയും സ്വാധീനിച്ചിട്ടുണ്ട്. എന്നിട്ടും കേരളത്തിന്റെ പുറമ്പോക്കില്‍ അന്തിയുറങ്ങുന്ന മനുഷ്യര്‍ മുഴുവനായും പിന്നാക്ക ജനവിഭാഗമാണ് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാവണം. നുറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ ജാതി എന്ന സാമൂഹിക അസമത്വത്തിന്റെ ജീവിക്കുന്ന ഇരകളാണിവര്‍. ഇത്തരം തിരിച്ചറിവില്‍ നിന്നാണ് വിശ്വാസ കേരളത്തിലെ ജാതി ഗര്‍ത്തങ്ങളെ നാം തിരിച്ചറിയേണ്ടത്. ജാതിയെ പുനഃസ്ഥാപിക്കാനുള്ള ശ്രമം സവര്‍ണ കൊട്ടാര ജീവികളുടെ ആഢ്യമനോഭാവത്തിന്റെ ഭാഗമാണ്.

ജനാധിപത്യ സമൂഹത്തില്‍ നിന്നുകൊണ്ട് കൊട്ടാര ജീവിതവും തമ്പ്രാന്‍ അഭിസംബോധനവും തങ്ങളുടെ പൂര്‍വകാല ജീവിതത്തിലേക്ക് തിരിച്ചുപോകാനുള്ള വഴി അന്വേഷിക്കലാണ്. ആ വഴിയില്‍ വെച്ചാണ് നവോത്ഥാന നായകന്മാര്‍ പോരാട്ടം നയിച്ചത് എന്നെങ്കിലും ഓര്‍ക്കണം. അതുപോലും ഓര്‍ക്കാന്‍ കഴിയാത്ത വിധം ആചാരാനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി സവര്‍ണ ഹൈന്ദവ ബോധത്തോടൊപ്പം നില്‍ക്കുന്നതാണ് വിശ്വാസകേരളത്തിലെ ജാതി ഗര്‍ത്തങ്ങള്‍. പിന്നാക്ക വിഭാഗങ്ങള്‍ ഈ സമയത്ത് ചെയ്യേണ്ടത് തങ്ങളുടെ വിശ്വാസത്തെ നിലനിര്‍ത്തി കൊണ്ടു തന്നെ ജനാധിപത്യപരമായി സാമൂഹിക ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തുകയാണ്.

Latest