ദുരൂഹം സി ബി ഐ പിന്മാറ്റം

Posted on: October 17, 2018 10:32 am | Last updated: October 17, 2018 at 10:32 am

അതീവ ദുരൂഹമാണ് ജെ എന്‍ യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം. അതിനേക്കാളേറെ ദുരൂഹമാണ് ഇതു സംബന്ധിച്ച കേസ് അവസാനിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഹരജി നല്‍കാന്‍ സി ബി ഐ കാണിച്ച തിടുക്കവും ഹരജി സമര്‍പ്പണത്തിന് അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി നിലപാടും. 2016 ഒക്ടോബര്‍ 15നാണ് ജെ എന്‍ യു ക്യാമ്പസിലെ മഹി മാണ്ഡവി ഹോസ്റ്റലില്‍ നിന്ന് നജീബിനെ കാണാതായത്. വിദ്യാര്‍ഥിയുടെ തിരോധാനം സംബന്ധിച്ച് തുടക്കത്തില്‍ ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ തുമ്പുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് സി ബി ഐ കേസ് ഏറ്റെടുത്തത്. എന്നാല്‍ അന്വേഷണം ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
കേസില്‍ ഒന്നോ രണ്ടോ വര്‍ഷം അത്ര വലിയ കലാവധിയല്ല. അനേക വര്‍ഷങ്ങളെടുക്കാറുണ്ട് ചില കേസുകള്‍ തെളിയിക്കാന്‍. ദശകങ്ങള്‍ പഴക്കം ചെന്ന കേസുകള്‍ സമര്‍ഥമായി തെളിയിച്ച പാരമ്പര്യം സി ബി ഐക്കുണ്ട് താനും. കുറ്റാന്വേഷണ രംഗത്ത് ഹൈടെക് സംവിധാനങ്ങള്‍ കടന്നുവന്ന കാലമാണിത്. കുറ്റവാളികള്‍ മൊബൈല്‍ ഫോണിലൂടെ നടത്തുന്ന ആശയവിനിമയങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്‌പെക്ട്ര തുടങ്ങി അതിനൂതന സംവിധാനങ്ങളും മാര്‍ഗങ്ങളും വന്നുകഴിഞ്ഞു. കൊച്ചിയിലെ ഒരു വ്യവസായിയുമായി ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട് 68 ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശി ജയേഷ് കുമാര്‍ അഗര്‍വാളിനെയും സംഘത്തെയും കേരളത്തിലെ സൈബര്‍ പോലീസ് പിടികൂടിയത് കുറ്റവാളിയുടെ ഇ മെയില്‍ ചോര്‍ത്തിയാണ്. വേറെയും പല കേസുകളും ഇതുപോലെ സമര്‍ഥമായി തെളിയിച്ചിട്ടുണ്ട്. എന്നിട്ടും അത്തരം മാര്‍ഗങ്ങളിലേക്കൊന്നും പ്രവേശിക്കാതെ എന്തിനാണ് തിടക്കപ്പെട്ട് കേസ് അവസാനിപ്പിച്ചത്?
ശരിയായ രീതിയിലല്ല സി ബി ഐ അന്വേഷണം നടന്നതെന്നാണ് നജീബിന്റെ മാതാവ് ഫാത്വിമ നഫീസ പറയുന്നത്. സി ബി ഐ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എ ബി വി പി പ്രവര്‍ത്തകര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന തെളിവുകളും സാക്ഷികളും ഉണ്ടായിരിക്കെ സി ബി ഐ അവയെ നിരാകരിക്കുകയായിരുന്നുവെന്നും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് കേസ് അവസാനിപ്പിച്ചതെന്നും അവര്‍ പരാതിപ്പെടുകയുണ്ടായി. നജീബിനെ അക്രമിക്കുന്നതിന് ദൃക്‌സാക്ഷികളായ 18 വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ എട്ട് അക്രമികളെ തിരിച്ചറിഞ്ഞിട്ടും അവരെ കണ്ടെത്താനോ മൊഴിയെടുക്കാനോ സി ബി ഐ തയ്യാറായില്ലെന്ന് കോടതിയില്‍ ഫാത്വിമ നഫീസക്ക് വേണ്ടി ഹാജരായ വക്കീലും പറയുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ മാറ്റി പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഫാത്വിമ നഫീസ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കോടതി അത് തള്ളുകയാണുണ്ടായത്. നജീബിനെ കാണാതാകുന്നതിന്റെ തലേദിവസം ക്യാമ്പസില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചതുമായി ബന്ധപ്പെട്ട് എ ബി വി പി വിദ്യാര്‍ഥികള്‍ നജീബിനെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി നജീബിന്റെ തിരോധാനത്തിന് ബന്ധമുണ്ടെന്നാണ് മാതാവും വിദ്യാര്‍ഥികളും വിശ്വസിക്കുന്നത്. ജെ എന്‍ യു ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലൊന്നും ബി ജെ പിക്കും സംഘ്പരിവാര്‍ സംഘടനകള്‍ക്കും വിദ്യാര്‍ഥികള്‍ക്കിടയില്‍ മേധാവിത്വം സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ജനാധിപത്യ, ഇടത്, ദളിത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കാണ് ഇവിടങ്ങളിലെല്ലാം മേല്‍ക്കൈ.

നജീബിന്റെ തിരോധാനം സംബന്ധിച്ച കേസില്‍ ജെ എന്‍ യു അധികൃതരും പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചത്. സ്ഥാപനത്തിലെ ഒരു വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ടും അധികൃതര്‍ പോലീസില്‍ പരാതിപ്പെടുകയോ നജീബിനെ മര്‍ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്തില്ല. അതേസമയം ക്യാമ്പസില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച സംഭവത്തില്‍ അവര്‍ മണിക്കൂറുകള്‍ക്കകം അന്വേഷണം ആരംഭിക്കുകയും നടപടികളിലേക്ക് നീങ്ങുകയുമുണ്ടായി. സര്‍വകലാശാലാ അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നജീബിനെ കുഴപ്പക്കാരനായി കുറ്റപ്പെടുത്തുകയും സ്ഥാപനത്തില്‍ അക്രമം അഴിച്ചുവിട്ട എ ബി വി പി വിദ്യാര്‍ഥികള്‍ക്കെതിരെ മൗനം പാലിക്കുകയും ചെയ്തതും അവരുടെ തനിനിറം തുറന്നു കാട്ടുന്നുണ്ട്.

സര്‍ക്കാറിന്റെ ചട്ടുകങ്ങളായിരിക്കയാണ് സി ബി ഐ, എന്‍ ഐ എ തുടങ്ങിയ ദേശീയ അന്വേഷണ ഏജന്‍സികളെന്ന ആരോപണത്തെ ശരിവെക്കുകയല്ലേ ഇത്തരം കാര്യങ്ങള്‍? ഭരണത്തിലിരിക്കുന്നവരുടെ ഇംഗിതത്തിനൊത്ത് കേസുകള്‍ അട്ടിമറിക്കലും സര്‍ക്കാറിന്റെ ആജ്ഞ അനുസരിക്കാത്തവരെയും ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയും റെയ്ഡിലൂടെയും കള്ളക്കേസുകള്‍ മെനഞ്ഞും പീഡിപ്പിക്കലും ഇത്തരം ഏജന്‍സികളുടെ പതിവു ശൈലിയായി മാറിയിട്ടുണ്ട്. കല്‍ക്കരിപ്പാടം അഴിമതിക്കേസിന്റെ പരിഗണനാ വേളയില്‍ സുപ്രീം കോടതി സി ബി ഐയുടെ ഈ പരിതാവസ്ഥ ചൂണ്ടിക്കാട്ടിയതാണ്. മുന്‍ സി ബി ഐ ഉദ്യോഗസ്ഥനായിരുന്ന ബി ആര്‍ ലാല്‍ എഴുതിയ ‘സി ബി ഐ ആര്‍ക്ക് സ്വന്തം’ എന്ന പുസ്തകത്തിലും തന്റെ അനുഭവങ്ങള്‍ മുന്‍വെച്ച് ഇക്കാര്യം വെട്ടിത്തുറന്ന് പറയുന്നുണ്ട്. നജീബിന്റെ തിരോധാന കേസില്‍ സി ബി ഐക്ക് പെട്ടെന്ന് തന്നെ കേസ് അവസാനിപ്പിക്കേണ്ടി വന്നതും ഈ നിസ്സഹായാസ്ഥ മൂലമായിരിക്കണം. ഇനി സുപ്രീം കോടതിയിലാണ് ഫാത്വിമ നഫീസയുടെയും സത്യം പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവരുടെയും പ്രതീക്ഷ. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഫാത്വിമ നഫീസ വ്യക്തമാക്കിയിട്ടുണ്ട്.