റഫാല്‍ കരാര്‍: റിലയന്‍സിനായി കേന്ദ്രത്തിന്റെ സമ്മര്‍ദം; രേഖകള്‍ പുറത്ത്

Posted on: October 16, 2018 12:55 pm | Last updated: October 16, 2018 at 12:55 pm

പാരിസ്: റഫാല്‍ യുദ്ധവിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചതിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്. ഫ്രഞ്ച് ബ്ലോഗായ പോര്‍ടെയ്ല്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച രേഖകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കരാര്‍ ലഭിക്കുന്നതിനായി റിലയന്‍സിനെ പങ്കാളിയാക്കുകയല്ലാതെ ഡാസോയ്ക്ക് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇതെന്നും രേഖയില്‍ പറയുന്നുണ്ട്.

റഫാല്‍ കരാറില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് കനത്ത വ്യവസ്ഥയുണ്ടായിരുന്നതായി കഴിഞ്ഞ ആഴ്ച ഫ്രഞ്ച് മാധ്യമം ‘മീഡിയപാര്‍ട്ട്’ വെളിപ്പെടുത്തിയിരുന്നു. ഫ്രാന്‍സ് സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പുറപ്പെടുന്നതിനു തൊട്ടുമുന്‍പായിരുന്നു വാര്‍ത്ത പുറത്തുവന്നത്. കരാറില്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ കൊണ്ടുവന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രന്‍സ്വ ഒലോന്‍ദും വെളിപ്പെടുത്തിയിരുന്നു.