സഊദി സ്വദേശി വത്കരണം: 84 ശതമാനം സ്ഥാപനങ്ങളും ഉത്തരവ് പാലിച്ചുവെന്ന് മന്ത്രാലയം

Posted on: October 15, 2018 9:10 pm | Last updated: October 15, 2018 at 9:10 pm

ദമ്മാം: സഊദി തൊഴില്‍ മന്ത്രാലയം വാണിജ്യ സ്ഥാപനങ്ങളില്‍ പുതുതായി പുറപ്പെടുവിച്ച സ്വദേശി വത്കരണം 84 ശതമാനം സ്ഥാപനങ്ങളും നടപ്പാക്കിയതായി സഊദി തൊഴില്‍ സാമുഹ്യ ക്ഷേമ അസിസ്റ്റന്റ് മന്ത്രി ഡോ.അബ്ദുല്ലാ അബൂസനീന്‍ അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച വിഭാഗങ്ങളില്‍ 95 ശതമാനം സ്ഥാപനങ്ങളും ഉത്തരവ് നടപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.

പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍, കുട്ടികളുടെ റെഡി മേഡ് വസ്ത്രങ്ങള്‍, വാഹന വില്‍പന സ്ഥാപനങ്ങള്‍, പാത്രങ്ങള്‍, ഓഫീസ് ഉപകരണങ്ങള്‍ തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ഇക്കഴിഞ്ഞ സെപ്തംബര്‍ 11 മുതല്‍ എഴുപത് ശതമാനം സ്വദേശി വത്കരണം നടപ്പാക്കിയത്. നേരത്ത മൊബൈല്‍ ഫോണ്‍ മേഖലയില്‍ 100 ശതമാനവു സഊദിവത്കരണം നടപ്പാക്കിയിരുന്നു.

95 ശതമാനത്തിലേറെ മൊബൈല്‍ ഫോണ്‍ വില്‍പന കേന്ദ്രങ്ങളും ഉത്തരവ് നടപ്പാക്കി. 12 ല്‍ പരം വരുന്ന വാണിജ്യ സ്ഥാപനങ്ങളില്‍ സ്വദേശി വത്കരണം ലക്ഷ്യമാക്കി പരിശീലന പരിപാടി തുടര്‍ന്നു കൊണ്ടിരിക്കുന്നതായി അദ്ദേഹം അറിയിച്ചു.