Connect with us

Kerala

കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം ആരംഭിക്കും

Published

|

Last Updated

കോഴിക്കോട്: കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം ആരംഭിക്കാന്‍ തീരുമാനം. മുംബൈയില്‍ ചേര്‍ന്ന കേന്ദ്ര – സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. നിലവില്‍ കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ ബംഗളൂരു സെന്ററിനെയാണ് ആശ്രയിക്കുന്നത്.

കേരളത്തില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് മദീന വഴി മക്കയിലേക്ക് എത്തുന്ന ഫസ്റ്റ് ഫെയ്‌സില്‍ യാത്ര ക്രമീകരിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി ഉറപ്പ് നല്‍കി. പ്രവാസികളുടെ ചിരകാലാഭിലാഷം പരിഗണിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി രണ്ടാം ഘട്ട ത്തിലാണ് യാത്ര പുറപ്പെട്ടിരുന്നത്.

Read more: അടുത്ത വര്‍ഷം മുതല്‍ ഹജ്ജിന് കൊച്ചിയും കരിപ്പൂരും എംബാര്‍ക്കേഷന്‍ പോയിന്റ്

ഒരു കവറില്‍ 5 അപേക്ഷകര്‍ക്ക് ഒന്നിച്ച് അപേക്ഷിക്കുവാന്‍ സൗകര്യം നല്‍കുവാനും യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ഹജ്ജ് വേളയിലുണ്ടായ വെളളപ്പൊക്കത്തില്‍ വന്ന അധിക ചെലവുകളും നഷ്ടങ്ങളും കേന്ദ്ര ഹജ്ജ് കമ്മറ്റി യോഗത്തില്‍ ചര്‍ച്ചചെയ്ത ശേഷം സാമ്പത്തിക സഹായം നല്‍കുന്ന കാര്യം തീരുമാനിക്കും. ഹജ്ജുമായി ബന്ധപ്പെട്ട് നടത്തുന്ന ട്രെയിനിങ്ങുകള്‍ കേരള മോഡലില്‍ ആക്കുകയാണെങ്കില്‍ അതിനു വരുന്ന ചെലവുകളും മറ്റു നടപടികളും സെന്‍ട്രല്‍ ഹജ്ജ് കമ്മറ്റി നല്‍കും. ഇന്ത്യയില്‍ ആദ്യ മായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ഥിരം ഹജ്ജ് ട്രെയിനിങ്ങ് സെന്റര്‍ ആരംഭിക്കുന്നതിനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.

കേന്ദ്ര ഹജ്ജ് കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കോര്‍ഡിനേറ്റര്‍ എന്‍.പി ഷാജഹാന്‍ എന്നിവരും സി.ഇ.ഒ. ഡോ. മഖ്‌സൂദ് അഹമ്മദ് ഖാന്‍, ഡെപ്യൂട്ടി സി.ഇ.ഒ. സെയീദ് എന്നിവരും പങ്കെടുത്തു.

---- facebook comment plugin here -----