Connect with us

Articles

അവിടെ പഴുതടക്കുമ്പോള്‍ ഇവിടെ അലോസരം

Published

|

Last Updated

ഇന്ത്യന്‍ യൂനിയന്റെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിനിടെ റാഫേല്‍ പോര്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ദസൗള്‍ട്ട് ഏവിയേഷന്റെ നിര്‍മാണ ശാലയിലുമെത്തി. ദസോള്‍ട്ട് 2019 സെപ്റ്റംബര്‍ മുതല്‍ ഇന്ത്യക്ക് കൈമാറുമെന്ന് ഏറ്റ പോര്‍ വിമാനങ്ങളുടെ നിര്‍മാണം ഏതുവരെയായെന്ന് വിലയിരുത്തുകയായിരുന്നു പ്രതിരോധ മന്ത്രിയുടെ ഉദ്ദേശ്യം. 58,000 കോടി രൂപ മുടക്കുന്ന രാജ്യത്തിന്, അതിന്റെ ഫലം കൃത്യസമയത്ത് കിട്ടുന്നുവെന്ന് ഉറപ്പാക്കുന്ന മന്ത്രി. അഭിനന്ദിക്കാതിരിക്കാന്‍ വയ്യാത്ത ഉത്തരവാദിത്ത ബോധം!

രാജ്യത്തിന് നഷ്ടമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനാണോ, അഴിമതി ആരോപണങ്ങളുടെ കനം കുറക്കുന്നതിന് ദസൗള്‍ട്ട് കമ്പനിയുടെയും ഫ്രഞ്ച് സര്‍ക്കാറിന്റെയും സഹായം തേടിയാണോ എന്നതില്‍ സംശയം ശേഷിക്കുകയാണ്. സന്ദര്‍ശനത്തിന്റെ സമയമാണ് പ്രധാനം. 2012ല്‍ യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണ അവസാനിപ്പിച്ച് 36 പോര്‍ വിമാനങ്ങള്‍ ഉടന്‍ വാങ്ങാനും ശേഷിക്കുന്നവ, അനില്‍ അംബാനിയുടെ റിലയന്‍സുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തില്‍ യന്ത്ര ഘടകങ്ങള്‍ ഉണ്ടാക്കിത്തീരുന്ന മുറക്ക് നിര്‍മിച്ചു നല്‍കാനും വ്യവസ്ഥ ചെയ്യുന്ന കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിടുന്നത് 2015ലാണ്. വര്‍ഷം മൂന്ന് കഴിയുന്നു. ഇക്കാലത്തിനിടെ ഒരിക്കല്‍പ്പോലും പോര്‍ വിമാനങ്ങളുടെ നിര്‍മാണ പുരോഗതി നേരിട്ട് അവലോകനം ചെയ്യണമെന്ന് തോന്നിയിരുന്നില്ല. നിര്‍മാണ പുരോഗതി കത്തിടപാടുകളിലൂടെ അറിഞ്ഞിരുന്നുവെന്നും ഇപ്പോഴൊന്ന് പോയിനോക്കിയതാണെന്നും വേണമെങ്കില്‍ വാദിക്കാം. പക്ഷേ, അതങ്ങനെ വിഴുങ്ങുക പ്രയാസം.

റാഫേല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രി കള്ളം പറയുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പലകുറി ആരോപിച്ചിട്ടും അവകാശലംഘനത്തിന് നോട്ടീസ് നല്‍കി കാത്തിരിക്കുക മാത്രമേ പ്രതിരോധ മന്ത്രി ചെയ്തുള്ളൂ. വാണിജ്യ മന്ത്രി സ്ഥാനത്തു നിന്ന് പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് കയറ്റം നല്‍കാന്‍ പാകത്തില്‍ പ്രീതിയുണ്ടായിരുന്നിട്ടും കള്ളം പറയുന്നുവെന്ന ആരോപണത്തില്‍, നിര്‍മല സീതാരാമനെ വലിയ തോതില്‍ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി തയ്യാറായതുമില്ല. യു പി എ സര്‍ക്കാറിന്റെ കാലത്ത് വിമാനത്തിന് നിശ്ചയിച്ച വിലയുടെ ഇരട്ടിയലധികമാണ് ഇപ്പോള്‍ നല്‍കുന്നത് എന്നും വിലവിവരം പരസ്യപ്പെടുത്തണമെന്നും കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. വിലയുള്‍പ്പെടെ കാര്യങ്ങള്‍ രഹസ്യമാക്കിവെക്കണമെന്നാണ് കരാര്‍ വ്യവസ്ഥ എന്നാണ് ഇതിന് മറുപടിയായി പ്രതിരോധ മന്ത്രി പറഞ്ഞത്. അങ്ങനെയൊരു വ്യവസ്ഥ കരാറിലില്ലെന്നും മന്ത്രി കള്ളം പറയുകയാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.

അതവിടെ അടങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് പുതിയ ആരോപണങ്ങളുണ്ടായത്. യു പി എ സര്‍ക്കാറുണ്ടാക്കിയ കരാറനുസരിച്ച് 18 വിമാനങ്ങള്‍ വാങ്ങാനും ബാക്കി 108 എണ്ണം ദസോള്‍ട്ട് – ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡ് സംയുക്തം ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു ധാരണ. ഇത് അട്ടിമറിച്ച് ദസൗള്‍ട്ടും റിലയന്‍സും തമ്മിലുള്ള സംയുക്തത്തിന് കരാറായതിന് പിറകിലെ അഴിമതി, സ്വജനപക്ഷപാതം എന്നിവ ചോദ്യംചെയ്യപ്പെട്ടു. റിലയന്‍സുമായി സംയുക്ത സംരംഭമുണ്ടാക്കാന്‍ ദസൗള്‍ട്ട് തയ്യാറായാലേ അവരില്‍ നിന്ന് പോര്‍ വിമാനം വാങ്ങാന്‍ തയ്യാറാകൂ എന്ന് ഇന്ത്യന്‍ യൂണിയന്‍ അറിയിച്ചതായി ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാങ് തുറന്നുപറഞ്ഞത്. റിലയന്‍സുമായി സംയുക്ത സംരംഭമുണ്ടാക്കാന്‍ തയ്യാറായാലേ ദസൗള്‍ട്ടിന് പോര്‍വിമാനക്കരാര്‍ ലഭിക്കൂ എന്ന നിബന്ധനയുണ്ടായിരുന്നുവെന്നും അതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും ഫ്രാന്‍സിലെ വാര്‍ത്താ പോര്‍ട്ടലായ മീഡിയപാര്‍ട്ട് അവകാശപ്പെടുകയും ചെയ്തു. ഫ്രാന്‍സ്വാ ഒലാങിന്റെ പ്രസ്താവനയെയും മീഡിയ പാര്‍ട്ടിന്റെ അവകാശവാദത്തെയും ദസോള്‍ട്ട് കമ്പനി തള്ളിക്കളഞ്ഞു. നിബന്ധനയൊന്നുമുണ്ടായിരുന്നില്ലെന്നും സംയുക്ത സംരംഭത്തിലെ പങ്കാളിയെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ദസൗള്‍ട്ടിനുണ്ടായിരുന്നുവെന്നുമായിരുന്നു വിശദീകരണം. അവ്വിധമെന്തെങ്കിലും നിബന്ധനയോടെയാണ് പോര്‍വിമാനക്കരാര്‍ നേടിയെടുത്തത് എന്ന് സമ്മതിക്കാന്‍ ദസോള്‍ട്ടിന് സാധിക്കില്ല. അങ്ങനെ സമ്മതിച്ചാല്‍ ഫ്രാന്‍സിലെ നിയമങ്ങളനുസരിച്ചുള്ള പരിശോധനകള്‍ക്കും കഴമ്പുണ്ടെന്ന് കണ്ടാല്‍ നടപടിക്കും ദസോള്‍ട്ട് ഭാരവാഹികള്‍ വിധേയരാകേണ്ടിവരും. അതൊഴിവാക്കാന്‍ നിഷേധിക്കലല്ലാതെ മറ്റ് മാര്‍ഗമൊന്നും ആ കമ്പനിക്കില്ല തന്നെ.

ആരോപണങ്ങള്‍ക്ക് കനമേറുകയും നിഷേധങ്ങള്‍ ദുര്‍ബലമാകുകയും ചെയ്യുന്നതിനിടെയാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് ഫ്രാന്‍സ് സന്ദര്‍ശിക്കാനും ദസോള്‍ട്ടിന്റെ ശാലയിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്താനും തോന്നിയത്. മന്ത്രിയുടെ വിദേശയാത്രക്ക് പ്രധാനമന്ത്രിയുടെ അനുമതി വേണം. സാഹചര്യങ്ങള്‍ “ശരിയായി” വിലയിരുത്തിയ പ്രധാനമന്ത്രി ഉടന്‍ അനുമതി നല്‍കുകയും ചെയ്തു. അഭിനന്ദിക്കാതിരിക്കാന്‍ വയ്യാത്ത ഉത്തരവാദിത്ത ബോധം തന്നെ!. അസമയത്തുള്ള സന്ദര്‍ശനത്തിടുക്കം ഒന്നുറപ്പിക്കുന്നു റാഫേല്‍ ഇടപാട് ഇന്ത്യന്‍ യൂനിയനില്‍ മാത്രമല്ല, ഫ്രാന്‍സിലും കനപ്പെട്ട ആരോപണമായി വളര്‍ന്നിരിക്കുന്നു. അതിലല്‍പ്പം വെള്ളമൊഴിക്കണമെങ്കില്‍ രണ്ട് കൂട്ടരും നേരിട്ട് ആശയവിനിമയം നടത്തുകയല്ലാതെ മാര്‍ഗമില്ല. കത്തിടപാടുകളായാല്‍, ചോരാനുള്ള സാധ്യത ഏറെയാണ്.

കരാറിന് മുന്നുപാധിയുണ്ടായിരുന്നുവെന്ന് ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് പറയുമ്പോള്‍ എത്രത്തോളം നിഷേധിച്ച് നില്‍ക്കാനാകും ദസോള്‍ട്ടിന് എന്നറിയണം. മുന്നുപാധികളുടെ രേഖകള്‍ കൈവശമുണ്ടെന്ന് മാധ്യമം പറയുമ്പോള്‍ അതില്ലാതാക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കണം. രേഖകള്‍ മാറ്റുക, നശിപ്പിച്ചു കളയുക തുടങ്ങിയ പതിവുകള്‍ അവിടെയുണ്ടോ എന്ന് തിരക്കണം. റിലയന്‍സ് സംയുക്തമില്ലെങ്കില്‍ പോര്‍വിമാനക്കരാറില്ലെന്ന ഉപാധി ഉണ്ടായിരുന്നേയില്ലെന്ന് ആവര്‍ത്തിക്കണമെന്ന് പ്രേരിപ്പിക്കാനാകാം. രേഖകള്‍ ചോരാതെ സൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സോദാഹരണ പ്രഭാഷണം നടത്താനുമാകും. അങ്ങനെ വിവിധോദ്ദേശ്യത്തിലാകാം സന്ദര്‍ശനം. ഇതൊക്കെ എങ്ങനെ ചെയ്യുമെന്നോ ചെയ്യാതിരിക്കുമെന്നോ ചോദിക്കാം. രണ്ടിനും ഉത്തരം ഒന്നേയുള്ളൂ. അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന കരുത്തനായ ഭരണാധികാരി നേരിട്ടെത്തിയാണ് 2015ല്‍ പഴയ ധാരണകള്‍ പൊളിച്ചത്. അപ്പോഴാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡെന്ന പൊതുമേഖലാ കമ്പനിയെ തള്ളി റിലയന്‍സ് സംയുക്തം രൂപപ്പെട്ടത്. അവ്വിധം രൂപപ്പെടുത്താന്‍ പാകത്തില്‍ ഉപാധിവെച്ചിട്ടുണ്ടെങ്കില്‍, ആയത് കരുത്തന്‍ നേരിട്ട് നിര്‍ദേശിച്ചതാകണം. അതെങ്ങാന്‍ പുറംലോകമറിഞ്ഞാല്‍, കടംകയറിപ്പൊളിഞ്ഞതും അല്ലാത്തതുമായ കുത്തക വ്യവസായികളുമായി ആ ദേഹത്തിനുള്ള, ജനം കണ്ടറിഞ്ഞ, വലിയ അടുപ്പത്തിന് രേഖീയമായ തെളിവാകും. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്, തൊഴില്‍രാഹിത്യം അവസാനിപ്പിക്കുന്നതിന് ഒക്കെ യത്‌നിക്കുന്നുവെന്ന് അവകാശപ്പെടുന്ന കരുത്തനായ നേതാവ്, കടത്തില്‍ മുങ്ങുന്ന വ്യവസായികളെ രക്ഷിച്ചെടുക്കാന്‍ രാജ്യത്തെ ഈടുനല്‍കുകയാണെന്ന് വ്യക്തമാകും. അതോടെ കണ്ണീരണിയുന്ന രാജ്യസ്‌നേഹാവതാരത്തിന്റെ വിശ്വാസ്യത ഇടിയും. അത് തടഞ്ഞേ മതിയാകൂ എന്ന് പ്രതിരോധ മന്ത്രിക്ക് തോന്നുകയും അതിന്റെ അടിസ്ഥാനത്തിലൊരു ദസോള്‍ട്ട് സന്ദര്‍ശനം നശ്ചയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് അഭിനന്ദിക്കാതിരിക്കാന്‍ വയ്യാത്ത ഉത്തരവാദിത്ത ബോധം തന്നെയാണ്!

പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിനെ ഒഴിവാക്കി, പോര്‍വിമാനത്തിന്റെ സാങ്കേതിക വിദ്യാ കൈമാറ്റത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയതും തലവേദനയാണ്. രാജ്യത്തിന് നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നാണല്ലോ അനില്‍ അംബാനിക്കായി അട്ടിമറിച്ചത്. ദസോള്‍ട്ടുമായി സംയുക്ത സംരംഭമുണ്ടാക്കാന്‍ പാകത്തിലുള്ള സാങ്കേതിക മികവ് എച്ച് എ എല്ലിനില്ലെന്ന വാദമുയര്‍ത്തി ഈ അട്ടിമറി ഒളിച്ചുവെക്കാനാണ് പ്രതിരോധ മന്ത്രി ശ്രമിച്ചത്. 2015ല്‍ പ്രധാനമന്ത്രി ഫ്രാന്‍സിലെത്തി, എച്ച് എ എല്ലിനെ നീക്കം ചെയ്യുന്നതിന് ഒരു മാസം മുമ്പുവരെ എച്ച് എ എല്ലിനെ പ്രകീര്‍ത്തിച്ചവരാണ് ദസോള്‍ട്ട് അധികൃതര്‍. കരാര്‍ ഏതാണ്ട് തീര്‍പ്പായിരിക്കുന്നുവെന്ന് അന്ന് ദസോള്‍ട്ട് സി ഇ ഒ എറിക് ട്രാപ്പിയര്‍ പറയുമ്പോള്‍ എച്ച് എ എല്ലിന്റെയും ഇന്ത്യന്‍ വ്യോമ സേനയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇടത്തും വലത്തുമുണ്ടായിരുന്നു. ആ സന്തോഷത്തിലാണ് ഒരു മാസത്തിന് ശേഷം റിലയന്‍സ് ദ്രാവകമൊഴിച്ചത്. മുമ്പത്തെ ധാരണാപത്രങ്ങളില്‍ ഏതിലെങ്കിലും എച്ച് എ എല്ലിന് ദസോള്‍ട്ട് നല്‍കിയ നല്ല സര്‍ട്ടിഫിക്കറ്റുകളുണ്ടെങ്കില്‍, ഫ്രാന്‍സിലെ ഏതെങ്കിലും മാധ്യമങ്ങളിലേക്ക് ആ സര്‍ട്ടിഫിക്കറ്റ് ചോര്‍ന്നെത്തിയാല്‍… സകലവാദങ്ങളും പൊളിയും സ്വജനപക്ഷപാതത്തിന്റെ കളങ്കം മറ്റു പലതിനൊപ്പം കരുത്തനായ നേതാവിന്റെ കുപ്പായത്തില്‍ രേഖപ്പെടുത്തപ്പെടും. അവ്വിധമുള്ള സര്‍ട്ടിഫിക്കറ്റുകളെന്തെങ്കിലുമുണ്ടെങ്കില്‍ ചോരാതെ നോക്കാന്‍ ഇപ്പോള്‍ തന്നെ യത്‌നിക്കണം. അതും അഭിനന്ദിക്കാതിരിക്കാന്‍ വയ്യാത്ത ഉത്തരവാദിത്ത ബോധം!

ഫ്രാന്‍സില്‍ കാര്യങ്ങളൊരുവിധം ഭദ്രമാക്കിയെന്ന് നെടുവീര്‍പ്പിടുമ്പോഴാണ്, ഇവിടെ പരമോന്നത കോടതിയില്‍ അലോസരം. പോര്‍വിമാനങ്ങളുടെ വിലയോ സാങ്കേതിക വിദ്യയോ ഒന്നും അറിയേണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി, കരാര്‍ ഇവ്വിധമെന്ന് തീരുമാനിച്ച നടപടിക്രമങ്ങള്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 36 എണ്ണം നേരിട്ടുവാങ്ങാനും സംയുക്ത സംരംഭത്തില്‍ ദസോള്‍ട്ടിന്റെ പങ്കാളി റിലയന്‍സാകട്ടെ എന്ന് നിശ്ചയിക്കാനും തീരുമാനമെടുത്ത നടപടിക്രമങ്ങള്‍ എന്ത് എന്നാണ് ചോദ്യം. കരാര്‍ ചോദ്യം ചെയ്തുള്ള ഹരജിയില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനും നോട്ടീസ് അയക്കരുതെന്ന് സുപ്രീം കോടതിയില്‍ ഹാജരായ സര്‍ക്കാര്‍ വക്കീല്‍ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഇതുപോലൊരു കേസില്‍ പ്രധാനമന്ത്രിക്ക് നോട്ടീസയച്ചാല്‍, കുറവല്ലാത്ത ക്ഷീണമുണ്ടാകും. അത് താങ്ങാനാകില്ല അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന കരുത്തന്.

എങ്കിലും തീരുമാനമെടുത്തതിന്റെ നടപടിക്രമങ്ങള്‍ അറിയിക്കേണ്ടിവരും. പോര്‍വിമാനത്തിന്റെ വിലയോ സാങ്കേതിക വിദ്യാ മികവോ അറിയിക്കണമെന്നാണ് കോടതി പറഞ്ഞതെങ്കില്‍ ഇത്ര പ്രയാസമുണ്ടാകില്ലായിരുന്നു. ഇതിപ്പൊ, പ്രധാനമന്ത്രി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴുണ്ടായ കാര്യങ്ങളൊക്കെ പറയേണ്ടിവരും. പോര്‍വിമാനം വാങ്ങുന്നതിനു കരാര്‍ ഒപ്പിടുന്നതിന് രണ്ടാഴ്ച മുമ്പ് മാത്രം തട്ടിക്കൂട്ടിയ റിലയന്‍സ് കമ്പനിയെ ദസോള്‍ട്ടിന്റെ പങ്കാളിയാക്കാന്‍ തീരുമാനിച്ചത് എന്ത് നടപടിക്രമത്തിലൂടെയെന്ന് കോടതി ചോദിച്ചാല്‍ മറുപടി പറയേണ്ടിവരും. എച്ച് എ എല്ലിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത് എന്ത് നടപടിക്രമത്തിലൂടെയെന്ന് ബോധിപ്പിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കേണ്ടിവരും. ഫ്രാന്‍സിലെ പഴുതുകളടക്കാന്‍ വിയര്‍ത്തതിനേക്കാള്‍ അധികം വേണ്ടിവരും പരമോന്നത കോടതിയില്‍. ഒന്ന് തുടങ്ങിപ്പോയാല്‍ പിന്നെ അത്രയെളുപ്പം തടിയൂരാനാകില്ലെന്നാണ് ടെലികോം, കല്‍ക്കരി തുടങ്ങിയ അഴിമതി ആരോപണങ്ങളൊക്കെ പറഞ്ഞുതരുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest