ബി എസ് പി പോയിട്ടും ഉലയാതെ കോണ്‍ഗ്രസ്

Posted on: October 15, 2018 8:27 am | Last updated: October 14, 2018 at 11:32 pm

ഭോപ്പാല്‍: സഖ്യത്തിനില്ലെന്ന് ബി എസ് പി പ്രഖ്യാപിച്ചെങ്കിലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ആത്മവിശ്വാസം കൈവിടുന്നില്ല. ഡ്രൈവിംഗ് സീറ്റില്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണെന്നും സമാനമനസ്‌കരായ കക്ഷികളെ ഉള്‍പ്പെടുത്തി സഖ്യം രൂപപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബി ജെ പിയുടെ 14 വര്‍ഷം നീണ്ട ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. ബി എസ് പിയുടെ നിലപാട് മാറ്റമടക്കം ഒന്നും അവരെ ബാധിക്കുന്നില്ല. പാര്‍ട്ടിയുടെ ജനപിന്തുണ ആഴത്തിലുള്ളതാണെന്നും അത് ഏതെങ്കിലുമൊരു കക്ഷിക്ക് തകര്‍ക്കാന്‍ സാധിക്കുന്നതല്ലെന്നും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി എസ് പിക്ക് സാധിക്കില്ലേയെന്ന ചോദ്യത്തിന് മറുപടിയായി സിന്ധ്യ പറഞ്ഞു.

സഖ്യം രൂപപ്പെടുകയായിരുന്നുവെങ്കില്‍ ചില ഗുണങ്ങള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല എന്നത് കൊണ്ട് എല്ലാം തകിടം മറിയുന്നില്ല. ബി ജെ പി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സീറ്റ് വിഭജനത്തില്‍ തട്ടി ബി എസ് പി- കോണ്‍ഗ്രസ് സഖ്യ ചര്‍ച്ച തകര്‍ന്നിരുന്നു. ഏറെ മുന്നോട്ടുപോയ സഖ്യ ചര്‍ച്ചയില്‍ നിന്ന് മായാവതി പിറകോട്ട് പോയത് കോണ്‍ഗ്രസിനെ ഉലച്ചിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഒറ്റക്ക് മത്സരിക്കുമെന്ന് മായാവതി പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ആത്മവിശ്വാസം നല്‍കുന്ന വാക്കുകളുമായി പ്രചാരണത്തിന്റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത് വന്നിരിക്കുന്നത്.
പങ്കാളികളാകാന്‍ സാധ്യതയുള്ളവരുമായി ചര്‍ച്ച തുടരുകയാണ്. ബി ജെ പിയെ താഴെയിറക്കലാണ് ലക്ഷ്യം. സഖ്യത്തിനുള്ള സാധ്യത ഇപ്പോഴും തള്ളിക്കളയുന്നില്ല- സിന്ധ്യ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം ഉണ്ടായില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിത്രം ഇതായിരിക്കില്ല. അപ്പോള്‍ സഖ്യം നിലവില്‍ വരിക തന്നെ ചെയ്യും. ‘ഇതാണ് മാറ്റത്തിനുള്ള സമയം’ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. ഇത് വെറും മുദ്രാവാക്യമല്ല. ജനങ്ങളുടെയും കോണ്‍ഗ്രസിന്റെയും പ്രതിജ്ഞയാണ്. അവിടെ മോദി ഫാക്ടറും ശിവരാജ് ഫാക്ടറും ഇല്ല. ജനങ്ങളെന്ന ഫാക്ടറേ ഉള്ളൂ. മധ്യപ്രദേശിലെ ജനങ്ങള്‍ അത്രക്ക് അനുഭവിച്ചു. സംസ്ഥാനത്തുടനീളം ആ രോഷവും വേദനയും കാണാം- ഗുണയില്‍ നിന്നുള്ള എം പി കൂടിയായി സിന്ധ്യ പറഞ്ഞു.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, സ്ത്രീ സുരക്ഷ, തൊഴിലില്ലായ്മ, വ്യാപം പോലുള്ള അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയാകും പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.