Connect with us

Prathivaram

ഹീലത്ത് മാസ്റ്റര്‍

Published

|

Last Updated

മുഹമ്മദ് മാസ്റ്റര്‍ക്ക് ഏറ്റവും പറ്റിയ പേര് കീലത്തെന്നല്ല, ഹീലത്തെന്നാണ്. ഹീലത്ത് എന്നാല്‍ യുക്തി, കൗശലം, തന്ത്രം എന്നൊക്കെയാണല്ലോ. ഹിക്മതുള്ള മാഷ് എന്നും പറയാം. ആശയങ്ങളെ യുക്തിപൂര്‍വം സമര്‍ഥിക്കാന്‍ ഇത്ര “ഹിക്മത്തുള്ള” ഒരു കൗശലക്കാരനെ കിട്ടുക പ്രയാസം. കീലത്ത് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക ഏതെങ്കിലുമൊരു തമാശയാണ്. നര്‍മരസികത അത്രത്തോളമുണ്ടാകും മൂപ്പരുടെ പ്രസംഗത്തില്‍. എന്നാല്‍, ഒരു പൊള്ളച്ചിരിക്കുള്ള വിഭവമല്ല അത്. ഓര്‍ത്തോര്‍ത്ത് ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്ന ഉപമകളും പഴമൊഴികളും അലങ്കാരകല്പനയും കഥകളും കവിതകളും താളവും പ്രാസവും എല്ലാം കലര്‍ന്ന ഒന്നാംതരം പ്രഭാഷണം. ഒമ്പതാം ക്ലാസില്‍ തുടങ്ങിയ ആ പ്രസംഗം ഇപ്പോഴും തുടരുകയാണ്; പഠനക്ലാസുകളായും ഖണ്ഡന പ്രസംഗമായും വഅളുകളായും. കേരളത്തിലെ, പ്രത്യേകിച്ച് മലബാറില്‍ മുസ്‌ലിം സാമൂഹിക രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങളുണ്ടായ എണ്‍പതുകളിലും തൊണ്ണൂറുകളിലുമൊക്കെ ഏറ്റവും ശ്രദ്ധേയനായ പ്രസംഗകനായി കത്തിനിന്നു കീലത്ത്. യുക്തിവാദവും മതത്തിനകത്തെ പരിഷ്‌കരണവാദങ്ങളും രാഷ്ട്രീയവും എല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണ വിഷയമായി. കീലത്ത് മാസ്റ്റര്‍ സംസാരിക്കുന്നു….

? ചെറുപ്പത്തില്‍ നിന്ന് തന്നെ തുടങ്ങാം; എന്തൊക്കെയാണ് ആ കാലത്തെ കഥകള്‍
ജന്മദിനം 11.2.1957 ആണ്. ഉപ്പ തൊണ്ണൂറ്റൊന്നില്‍ മരിച്ചു. ഉമ്മ രണ്ട് വര്‍ഷം മുമ്പ് സഫര്‍ 20ന്. ഞങ്ങളുടെത് കര്‍ഷക കുടുംബം എന്ന് പറയാം. അത്യാവശ്യം പറമ്പും കാര്യവുമൊക്കെ ഉണ്ടായിരുന്നു വാപ്പക്ക്.

? ഇന്നത്തെ കാലമല്ലല്ലോ, പഠനമൊക്കെ എങ്ങനെയായിരുന്നു
അന്ന് സമസ്തയുടെ മദ്‌റസക്ക് ഏഴ് വരെയേ ക്ലാസുള്ളൂ. ഡോ. അസീസ് ഫൈസിയുടെ ബാപ്പ ഖാസി എം മമ്മദ് മുസ്‌ലിയാര്‍, മൂപ്പരാണ് ചെറുവാടി ഖാസി, ഞങ്ങളുടെ സദറ്. അദ്ദേഹം പറഞ്ഞു: ഇനി നിങ്ങള് ദര്‍സില്‍ പോയി പഠിച്ചോളിന്‍. മമ്മദ് മുസ്‌ലിയാര്‍ മുസ്‌ലിയാരകത്ത് കുടുംബമാണ്. പണ്ടത്തെ എട്ടാം ക്ലാസുകാരനാണ്. സ്‌കൂളിലൂം കൂടി പഠിപ്പിച്ച ആളാണ്. മുസ്‌ലിം വിദ്യാഭ്യാസം സ്‌കൂളില്‍ പഠിപ്പിക്കാന്‍ പറ്റൂല എന്ന് പറഞ്ഞപ്പോള്‍ സ്‌കൂളില്‍ നിന്ന് രാജിവെച്ച് അദ്ദേഹം മദ്‌റസയില്‍ പഠിപ്പിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ മക്കളൊക്കെ നല്ല വിദ്യാഭ്യാസം ഉള്ളവരാണ്. ഉംദയുടെ ഒന്നാം ഭാഗം മദ്‌റസില്‍ ഓതും. അതിന്റെ രണ്ടാം ഭാഗമാണ് ദര്‍സില്‍ പഠിപ്പിക്കുക; കിതാബുല്‍ ഹജ്ജ് വല്‍ ഉംറ. ദര്‍സില്‍ യൂസുഫ് ഹാജി വിളയില്‍ പറപ്പൂര് ആയിരുന്നു. ആദ്യകാല ഫൈസിയാണ്. ശേഷം കെ പി ഹുസൈന്‍ മുസ്‌ലിയാര്‍ ഒളവട്ടൂര്. പിന്നെ അലി ഹസന്‍ മുസ്‌ലിയാര്‍; ബാഖവിയുമാണ് ദയൂബന്ധിയുമാണ്.

ഏഴാം ക്ലാസ് വരെ സ്‌കൂളേ ഇവിടെ ഉള്ളൂ. ഹൈസ്‌കൂളില്‍ പോകല്‍ മുക്കത്താണ്. ഏഴര കിലോമാറ്റര്‍ ദൂരമുണ്ട്. അന്ന് ബസിന്റെ സംവിധാനമേ ഇല്ല. നടക്കലാണ്. കോണ്‍ക്രീറ്റ് പാലം ഇല്ല. തെങ്ങും കവുങ്ങും ഇട്ടതാണ് പാലം. സുബ്ഹിക്ക് പള്ളീല്‍ പോകും. രാവിലെ എട്ടര വരെ ദര്‍സില്‍. പിന്നെ വീട്ടില്‍ വന്ന് സ്‌കൂളില്‍ പോകും. ഇര്‍ശാദ്, അല്‍ഫിയ ഫതുഹുല്‍ മുഈന്‍, ജലാലൈനി, മിശ്കാത്ത്. നാട്ടുദര്‍സിലും ഇതൊക്കെ ഓതാറുണ്ട്. കാര്യായിട്ട് നാട്ടുകുട്ടികളാണ് ഉണ്ടാകാറ്. മോല്യാര് കുട്ടികളും ഞങ്ങളുടെ ശരീക്കന്‍മാരായുണ്ടാകും. ഹുസൈന്‍ മുസ്‌ലിയാരൊക്കെ അധ്വാനിക്കാന്‍ പോകുന്ന ചെറുപ്പക്കാരെ വിളിച്ചിട്ട് രാത്രി ഒമ്പതര മുതല്‍ പന്ത്രണ്ട് മണിവരെ ഒക്കെ ദര്‍സ് നടത്തും.

? സ്‌കൂളില്‍ അറബിയാണല്ലോ പഠിപ്പിച്ചത്? എങ്ങനെയാണ് ആ രംഗത്തേക്ക് തിരിഞ്ഞത്
എസ് എസ് എല്‍ സി കഴിഞ്ഞു. അറബി പരീക്ഷക്ക് ഉള്ള കിതാബ് ദര്‍സില്‍ നിന്ന് ഓതണം എന്നു തോന്നി. നാട്ടിലുണ്ടായിരുന്ന യൂസ്ഫ് മുസ്‌ലിയാര് സ്ഥലം മാറിപ്പോയിരുന്നു. വയനാട്ടില്‍ കുഞ്ഞോം എന്ന സ്ഥലത്ത് ദര്‍സ് നടത്തുകയാണ് അദ്ദേഹം. മൂപ്പരുടെ അടുത്ത് നിന്ന് ഓതണം എന്നാണ് കരുതിയത്. എന്റെ ആശ ഞാന്‍ കത്തെഴുതി അറിയിച്ചു. അവിടെ കാട്ടാനന്റെ ചീറല് സഹിക്കാനാകുന്നില്ല, ചെറുവാടിക്ക് തന്നെ വരികയാണ് എന്ന മറുപടിയാണ് കിട്ടിയത്. മാത്രമല്ല, നാട്ടിലുണ്ടായിരുന്ന അലി ഹസന്‍ മുസ്‌ലിയാരുടെ അടുത്ത് നിന്ന് തന്നെ ഓതണണെന്നും സാഹിത്യം പറയാന്‍ മൂപ്പരാണ് നല്ലത് എന്നും യൂസുഫ് മുസ്‌ലിയാര്‍ ഉപദേശിച്ചു. അന്ന് മജ്മൂഅത്തുന്നള്മില്‍ പഠിച്ച വരികള്‍ ഇപ്പോഴും ഓര്‍മയുണ്ട്. വഇന്‍ അറത്ത നജാഹന്‍ ഔ ബുലൂഅ മുനാ ഫക്തും ഉമൂറഗ അന്‍ ഹാഫിന്‍ വ മുന്‍തഇലിന്‍…. നീ വല്ല സംഗതിയിലും വിജയം ആഗ്രഹിക്കുന്നെങ്കിലും അതിന്റെ രഹസ്യം മറച്ചുവെച്ചാള്‍…

? പഴയ അഫ്‌സലുല്‍ ഉലമ ആയിരിക്കും അല്ലേ
അഫ്‌സലുല്‍ ഉലമ അല്ല. പണ്ടത്തെ എന്‍ഡ്രന്‍സ്. ഇപ്പോഴത്തെ പ്രിലിമിനറിക്ക് പകരമുള്ളത്.

? പൊതുവെയുള്ള ഒരാക്ഷേപം കേരളത്തിലെ ഗ്രാമങ്ങളില്‍ വഹാബിസം പ്രചരിപ്പിച്ചത് ഈ അറബി മുന്‍ഷിമാരാണ് എന്നതാണ്. എത്രത്തോളം ശരിയാണത്.
എല്ലാവരുമല്ല, സുന്നികളായ കുറേ പേര്‍ മുന്‍ഷിമാരുണ്ടല്ലോ. നല്ല നിലയില്‍ പഠിപ്പിക്കുന്നവര്‍. സ്‌കൂളില്‍ അറബി പഠിപ്പിക്കുന്നത് എന്തിനാണ്? ഏതെങ്കിലും ആശയം പരിചയപ്പെടുത്താനാണോ? ഭാഷ പഠിപ്പിക്കാനല്ലേ? എന്നാല്‍ വഹാബി ആശയം പ്രചരിപ്പിക്കുന്നതില്‍ അറബി മുന്‍ഷിമാര്‍ക്ക് വലിയ പങ്കുണ്ട്. നല്ല നിലയില്‍ നീങ്ങിയിരുന്ന മുസ്‌ലിം ഗ്രാമങ്ങളില്‍ ഫിത്‌നയും ഫസാദും കൊണ്ടുവന്നത് ഈ സലഫീ മുന്‍ഷിമാരാണ്. വഹാബി മുന്‍ഷി ഒരു നാട്ടിലെത്തിയാല്‍ എന്തായാലും രണ്ടാളെ അയാള് തിരിപ്പിക്കും.
? കേരളത്തിലെ സ്‌കൂളുകളില്‍ അറബി പഠനം വന്നതിന്റെ ചരിത്രം എങ്ങനെയാണ്, അതേ കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ
1921ലെ മലബാര്‍ സമരത്തിന് ശേഷം മുസ്‌ലിംകളെ അനുനയിപ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. മദിരാശി ഗവര്‍ണറായിരുന്ന സര്‍ മുഹമ്മദ് ഉസ്മാന്റെ നേതൃത്വത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 1930ല്‍ ഒരു കമ്മീഷനും ഉണ്ടാക്കി. സ്‌കൂളില്‍ ഇസ്‌ലാം മതം പഠിപ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. അതിന്റെ ഭാഗമായാണ് മുസ്‌ലിം സ്‌കൂളുകള്‍ ആരംഭിക്കുന്നത്. മലപ്പുറത്താണ് ഒരു ഹൈസ്‌കൂള്‍ ആദ്യം തുടങ്ങുന്നത്. പിന്നെ മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ അറബി ഭാഷയെ സിലബസില്‍ ഉള്‍പ്പെടുത്തി. റിലീജ്യസ് ഇന്‍സ്‌പെക്ടര്‍ എന്നാണ് അധ്യാപകര്‍ അറിയപ്പെട്ടത്.

? ഇതിനിടക്ക് എങ്ങനെയാണ് സ്‌കൂള്‍ അറബി അധ്യാപകര്‍ക്കിടയില്‍ സലഫികള്‍ക്ക് മേല്‍ക്കൈ വന്നത്.
അതിന് രണ്ട് കാരണങ്ങളാണ്. സ്‌കൂള്‍ അറബി അധ്യാപകരാകാനുള്ള സിലബസ് പഠിപ്പിക്കുകയാണെങ്കില്‍ നിങ്ങളുടെ സ്ഥാപനങ്ങളും മദ്‌റസകളും അറബിക് കോളജുകളാക്കിക്കോളാം എന്ന് സര്‍ക്കാറ് പറഞ്ഞു. അന്ന് സിലബസില്‍ ഉണ്ടായിരുന്നത് സല്‍സബീല്, ഹദീസിന്റെ കിതാബാണ്, ളഈഫായ ഹദീസാണ് കൂടുതലും. മജുമൂഅത്തുന്നള്മ്, കലീല വ ദിംന, നഹ്‌വുല്‍ വാളിഹ്. അറബി അധ്യാപകര്‍ ആകാന്‍ ഇത് പഠിച്ച് പരീക്ഷയെഴുതി ജയിക്കണം. ഇതൊക്കെ പഠിക്കാന്‍ ഉള്ളത് കൊണ്ട് ഞങ്ങളില്ല എന്ന് പറഞ്ഞ് സുന്നികള്‍ വിട്ടുനിന്നു. അവരുടെ സൂക്ഷ്മതയായിരുന്നു അത്. മറ്റവര് അവരുടെ സ്ഥാപനങ്ങള് വിട്ടുകൊടുക്കാന്‍ തയ്യാറായി. അങ്ങനെ അരീക്കോട് സുല്ലമുസ്സലാം, വാഴക്കാട് ദാറുല്‍ ഉലൂം- കണ്ണിയത്തൊക്കെ പഠിച്ച സ്ഥാപനമാണത്-, പുളിക്കല് മദീനത്തുല്‍ ഉലൂം ഇതൊക്കെ അറബിക്കോളജുകളായി. തീരെ ദര്‍സില്‍ പോകാത്ത ആളുകളാണ് ഈ അറബി കോളജുകളില്‍ പഠിക്കാന്‍ അധികം പോയത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവര്‍ക്ക് പറ്റിയ കിതാബുകള്‍ സിലബസില്‍ ആദ്യം കുത്തിക്കയറ്റിയിരുന്നു വഹാബികള്‍. ഇതൊക്കെ ഉള്ളതുകൊണ്ട് ദര്‍സില്‍ പഠിച്ച മതവിദ്യാര്‍ഥികളെ മുന്‍ഷി പരീക്ഷക്ക് പോകാനും പല പണ്ഡിതന്മാരും പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍, ചില പണ്ഡിതന്മാര്‍ അറബി അധ്യാപകരാകാന്‍ കുട്ടികള്‍ക്ക് ഈ പുസ്തകങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയും അതിലെ പിശകുകള്‍ വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ സ്‌കൂളില്‍ കയറിയവരാണ് ഒരു പരിധിവരെയെങ്കിലും മുജാഹിദുകളുടെ ആശയപ്രചാരണം തടഞ്ഞത്.

? സ്‌കൂള്‍ ജോലിയെ കുറിച്ചാണ് സംസാരിച്ചുവന്നത്? മുക്കം ഭാഗത്താണല്ലോ, മലയോര മേഖലയെ നന്നായി അറിയുന്ന ഒരു അധ്യാപകന്‍ ആയിരുന്നു
18 വയസ്സാകണം അന്ന് സര്‍ക്കാര്‍ ജോലി കിട്ടാന്‍. എസ് എസ് എല്‍ സി കഴിഞ്ഞ് ആറ് മാസം കൊണ്ട് ഞാന്‍ അറബി പരീക്ഷ കഴിഞ്ഞിട്ടുണ്ട്. പിന്നെ രണ്ടര വര്‍ഷം മദ്‌റസയില്‍ പഠിപ്പിച്ചു. പിന്നെയാണ് സ്‌കൂളില്‍ പോയത്. ചക്കിട്ടപാറ സ്‌കൂളില്‍ ആദ്യം ചേര്‍ന്നു. പേരാമ്പ്ര സബ്ജില്ലയിലെ പെരുവണ്ണാമുഴിക്കടുത്ത്. അവിടുത്തെ ആദ്യത്തെ മുസ്‌ലിം അധ്യാപകന്‍. അഞ്ച് വരെയുള്ള എല്‍ പിയാണ്. മുസ്‌ലിം മാസ്റ്ററായിട്ട് ഞാന്‍ ഒരാള്‍ മാത്രമേ ഉള്ളൂ. 10 മുസ്‌ലിം കുട്ടികള്‍. ആറ് വര്‍ഷം അവിടെ നിന്നു. അന്ന് അവിടെ താമസിക്കുന്നത് രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് കൊളത്തുവയല്‍ എന്ന് പറയുന്ന ഒരു സ്ഥലം ഉണ്ട്. ചെറിയൊരു മുസ്‌ലിം ഏരിയ. ചെറിയ പള്ളിയുണ്ട്. കിടന്നത് ലീഗോഫീസിലാണ്. വാടക തരാമെന്ന് പറഞ്ഞപ്പോ അഞ്ച് പൈസയും വേണ്ട എന്നാണവര്‍ പറഞ്ഞത്. മഗ്‌രിബ് നിസ്‌കരിച്ച ഉടനെ വയസ്സന്മാര്‍ക്കൊക്കെ ഞാന്‍ പഠിച്ച മസ്അലകള്, ചരിത്രങ്ങള് ഒക്കെ പള്ളീന്ന് പഠിപ്പിച്ച് കൊടുക്കും. വെള്ളിയാഴ്ച കുറ്റിയാടി ഭാഗത്ത് നിന്ന് ഒരാള് ഖുതുബ ഓതാന്‍ വരും. അല്ലാത്ത സമയത്ത് ഞാന്‍ തന്നെയാണ് അവിടുത്തെ വല്യ ആള്. കുറേ കഴിഞ്ഞപ്പൊ ഒരു കുട്ടിയുടെ രക്ഷിതാവ് വന്ന് വീട്ടില്‍ വന്ന് താമസിക്കണം, കുട്ടികള്‍ക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കണം എന്നു പറഞ്ഞു. കൊത്തിയപാറ എന്ന സ്ഥലം ഉണ്ട് അവിടെ. പത്ത് നാല്‍പ്പത് ഏക്കറ് വിശാലമായ പാറയാണ്. നല്ല ഉയരമുള്ള പാറ. തച്ചോളി ചന്തുവിന്റെ കാലത്ത് 18 പടികള്‍ കൊത്തിയെടുത്ത് ഉണ്ടാക്കിയതാണ് എന്നാണ് പറയുന്നത്. അവിടെ ഒരു കൊല്ലം താമസിച്ചു. പാറയുടെ പുറത്ത് ഒരു ഷെഡ് പോലെ ഉണ്ടാക്കി. അവിടന്നാണ് നിസ്‌കാരവും ഒക്കെ. അവിടെ വെച്ച് എല്ലാ ദിവസം വൈകുന്നേരം എന്റെ വക ക്ലാസ്. പിന്നെ അവിടെ അടുത്തുള്ള ഓഞ്ഞില്‍ എന്ന സ്ഥലത്ത് ഒരു വര്‍ഷം. അവിടെ നിന്ന് കണ്ണോത്തെ സ്‌കൂളിലേക്ക്. ആറ് കൊല്ലം നിന്നു അവിടെ. പിന്നെ തിരുവമ്പാടി സ്‌കൂളിലേക്ക് കിട്ടി. 15 വര്‍ഷം, 2003വരെ. വീണ്ടും ചക്കിട്ടപാറ ആറ് മാസം. പിന്നെ കൂടത്തായി സ്‌കൂളില്‍. 2014 മാര്‍ച്ച് 31ന് പെന്‍ഷനായി.
കണ്ണോത്ത് സ്‌കൂളിലെ സമയത്ത് ഒരു വര്‍ഷം നിന്നത് തെയ്യപ്പാറ പള്ളീലാണ്. അന്ന് ലോഡ്ജ് ഇല്ല. മുമ്പ് ഞാന്‍ കുപ്പായക്കോട്ട് എന്ന സ്ഥലത്തായപ്പോള്‍ രണ്ട് ദിവസം ലോഡ്ജില്‍ കിടന്നിരുന്നു. അവിടെ മുസ്‌ലിംകള്‍ ഒറ്റ കുട്ടിയും ഇല്ല. ലോഡ്ജില്‍ തന്നെ വുളു ഉണ്ടാക്കി നിസ്‌കരിക്കലാണ്. ഞാന്‍ ചോദിച്ച് ഇവിടെ ഖിബ്‌ല എങ്ങട്ടാണ് എന്ന്. അവര് ചോദിച്ച് ഖിബ്‌ലേ, എന്താണ് ഖിബ്‌ല. ഞാന്‍ പറഞ്ഞു പടിഞ്ഞാറ് നിസ്‌കാരത്തിന് തിരിഞ്ഞ് നില്‍ക്കുന്ന… ഞങ്ങക്കറിയത്തില്ല എന്ന് പറഞ്ഞു. അന്ന് ബക്കറ്റില് നിറച്ചും വെള്ളം ആക്കി ബ്ലേഡ് വെച്ചുനോക്കി. ബ്ലേഡില്‍ കുറച്ച് കാന്തം ഉള്ളത് കൊണ്ട് ബ്ലേഡ് സാധാരണ സൗത്ത് ആന്‍ഡ് നോര്‍ത്ത്. അത് നോക്കുമ്പൊ ശരിക്ക് പടിഞ്ഞാറ്. അതുകൊണ്ടും കിട്ടീല.
മുസ്‌ലിം ഏരിയ ആയിരുന്നു തെയ്യപ്പാറ. അവിടെ പള്ളിയൊക്കെ ഉണ്ട്. അവരോട് ഞാന്‍ പറഞ്ഞു, ഭക്ഷണം തരണ്ട, ഹോട്ടലില്‍ നിന്ന് കഴിക്കും. കിടക്കാന്‍ സൗകര്യം തന്നാല്‍ മതി. എനിക്ക് അറിയുന്ന ഇല്‍മ് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും. അണ്ടോണ അബ്ദുല്ല മുസ്‌ലിയാരാണ് അവിടുത്തെ ഖാസി. ശഅ്ബാന്‍ 10ന് ദര്‍സ് പൂട്ടുമല്ലോ. അന്ന് യുക്തിവാദം പോലുള്ള വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ എന്നെയായിരുന്നു അണ്ടോണ അബ്ദുല്ല മുസ്‌ലിയാര് വിളിക്കല്. അണ്ടോണ മൊയ്തീന്‍ മുസ്‌ലിയാര്, മൊയ്തീന്‍ ഷാ മാസ്റ്ററ്, പി സി ഹുസൈന്‍ മുസ്‌ലിയാര് ഒക്കെ അത് കേള്‍ക്കാന്‍ വരുമായിരുന്നു. അണ്ടോണ ഉസ്താദ് എന്നോട് പറഞ്ഞു. കീലത്തേ ങ്ങള് ആ ആയത്തിന്റെ നമ്പറക്കൊ പറഞ്ഞ് എനിക്ക് വല്ലാത്ത സന്തോഷായിപ്പോയി. അഫറഅയ്ത്ത മനിത്തഹദ ഇലാഹഹൂ…. സൂറത്തുല്‍ ഫുര്‍ഖാനിലെ ആ ആയത്തുണ്ടല്ലോ.
(അവസാനിക്കുന്നില്ല)
.