Connect with us

Gulf

നടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് സഊദി

Published

|

Last Updated

വാഷിംഗ്ടണ്‍/ഇസ്തംബൂള്‍: തുര്‍ക്കിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സഊദി മാധ്യമപ്രവര്‍ത്തകനെ ചൊല്ലി തര്‍ക്കം മുറുകുന്നു. ഇതില്‍ സഊദി അറേബ്യക്ക് പങ്കുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഷയോട് അതേ ഭാഷയില്‍ തന്നെ സഊദിയും പ്രതികരിച്ചു. ഇതിന്റെ പേരില്‍ ഏതെങ്കിലും രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അതേനാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്നാണ് റിയാദിന്റെ മുന്നറിയിപ്പ്. ഭീഷണികളെയെല്ലാം സഊദി തള്ളിക്കളയുന്നു. അതുപോലെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളെയും തള്ളിക്കളയുന്നു. രാഷ്ട്രീയ സമ്മര്‍ദമോ സാമ്പത്തിക ഉപരോധമോ ചുമത്തി രാജ്യത്തെ സമ്മര്‍ദത്തിലാക്കാമെന്ന് ആരും കരുതേണ്ടതില്ല. അത്തരം പ്രതികരണങ്ങളോട് അതിനേക്കാള്‍ ഭീകരമായ രീതിയില്‍ തിരിച്ചടിക്കാന്‍ സഊദി തയ്യാറാണെന്നും എസ് പി എ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ അമേരിക്കയുമായി ജമാല്‍ ഖശോഗിയുടെ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സഊദി അറേബ്യയുടെ തദാവുല്‍ ആള്‍ ഷെയേഴ്‌സ് ഇന്‍ഡെക്‌സ്(ടിഎഎസ്‌ഐ)500 പോയിന്റ് താഴ്ന്നു. സാമ്പത്തികവും രാഷ്ട്രീയവുമായി നിരവധി കാരണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ജമാല്‍ ഖശോഗിയുടെ വധത്തിന് പിന്നില്‍ സഊദിയാണെന്ന് ഉറപ്പാക്കുന്ന പക്ഷം അമേരിക്കയും ബ്രിട്ടനും റിയാദില്‍ നടക്കുന്ന നിക്ഷേപക കോണ്‍ഫറന്‍സില്‍ പങ്കെടുത്തേക്കില്ല. യു എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് നൂചിനും ബ്രിട്ടന്റെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം ഫോക്‌സുമാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടവര്‍. കോണ്‍ഫറന്‍സ് ബഹിഷ്‌കരിച്ചേക്കുമെന്ന് ബി ബി സിയും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് സഊദി അറേബ്യ ആവര്‍ത്തിച്ചു. ജമാലിനെ കൊല്ലാന്‍ സഊദി ഉത്തരവിട്ടിരുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.

ഖശോഗിയുടെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകളുണ്ടെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്. സഊദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനായി അറിയപ്പെടുന്ന ഖഷോഗിയെ സഊദിയിലെത്തിക്കാന്‍ ഭരണകൂടം നിരന്തരം പ്രയത്‌നിക്കുകയായിരുന്നുവെന്നും അതിനായി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടിരുന്നെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവും വെളിപ്പെടുത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest