Connect with us

National

ആരോപണങ്ങള്‍ നിഷേധിച്ച് എംജെ അക്ബര്‍; രാജിയെക്കുറിച്ച് മൗനം

Published

|

Last Updated

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിന്റെ ഭാഗമായി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍. രാഷ്ട്രീയ പകയാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, രാജിയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പകയും അസൂയയുമാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും തെളിവില്ലാതെ ആരോപണമുന്നയിക്കുന്നത് വൈറല്‍ പനി പോലെ പടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള നീക്കമാണ് നടക്കുന്നത്. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശത്തുനിന്നും തിരിച്ചെത്തിയതിനു പിന്നാലെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ഒമ്പത് വനിതാ മാധ്യമ പ്രവര്‍ത്തകരാണ് അക്ബറിനെതിരെ ആരോപണവുമായി ഇതിനകം രംഗത്തെത്തിയത്. പ്രിയ രമണി എന്ന മാധ്യമ പ്രവര്‍ത്തകയാണ് അക്ബറിനെതിരെ ആദ്യം ആരോപണവുമായി രംഗത്തുവന്നത്. ഇതിന് പിന്നാലെ ഒരോരുത്തരായി ലൈംഗികാതിക്രമത്തിന്റെ കഥകള്‍ വെളിപ്പെടുത്തുകയായിരുന്നു. മേനകാ ഗാന്ധിക്ക് പുറമെ മന്ത്രിസഭയിലെ തന്നെ മറ്റൊരംഗമായ സ്മൃതി ഇറാനിയും എം ജെ അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു. അക്ബര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസും സി പി എമ്മും ആവശ്യപ്പെട്ടിരുന്നു.