Connect with us

Gulf

വിസാ അപേക്ഷകള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി നാളെ മുതല്‍

Published

|

Last Updated

ദുബൈ: വിദേശ തൊഴിലാളികള്‍ക്ക് വിസാ അപേക്ഷകള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ഇന്‍ഷുറന്‍സ് പദ്ധതി നാളെ മുതല്‍. വിസക്കുള്ള ബേങ്ക് ഗ്യാരണ്ടി തുകക്ക് പകരം ഇന്‍ഷ്വറന്‍സ് ഏര്‍പെടുത്താനുള്ള യു എ ഇ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് നാളെ മുതല്‍ നടപ്പില്‍ വരുത്തുകയെന്ന് യു എ ഇ മാനവ വിഭവശേഷി സ്വദേശീവത്കരണ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ജൂണില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് യു എ ഇയില്‍ തൊഴില്‍ വിസയിലെത്തുന്നവര്‍ക്കുള്ള 3,000 ദിര്‍ഹ നിര്‍ബന്ധ ബേങ്ക് ഗ്യാരണ്ടി സംവിധാനം നിര്‍ത്തലാക്കി തീരുമാനമുണ്ടായത്. പകരം പ്രതിവര്‍ഷം തൊഴിലാളിക്ക് 60 ദിര്‍ഹം നിരക്കില്‍ സുരക്ഷാ ഇന്‍ഷ്വറന്‍സ് പരിരക്ഷ എടുത്താല്‍ മതിയാകുമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഒരു വര്‍ഷത്തേക്ക് 20,000 ദിര്‍ഹമിന്റെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഒരൊറ്റ തവണയായി അടക്കുന്ന പ്രീമിയത്തിന് നല്കുമെന്നതാണ് ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ സവിശേഷത.

നിലവില്‍ യു എ ഇയിലെ തൊഴിലുടമകള്‍ ബേങ്ക് ഗ്യാരണ്ടിയായി 1,400 കോടി ദിര്‍ഹമാണ് വിവിധ ബേങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഈ വ്യവസ്ഥ ഒഴിവാക്കുന്നതോടെ ഇത്രയും തുക വിപണിയില്‍ തിരികെയെത്തും. തൊഴില്‍ സ്ഥലത്തെ അപകടങ്ങള്‍, അധിക ജോലി സമയ വേതനം, രോഗപ്രതിരോധ ചെലവുകള്‍, സേവനം അവസാനിപ്പിക്കുമ്പോള്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍, മടക്കയാത്രാ ടിക്കറ്റ് എന്നിങ്ങനെ 20,000 ദിര്‍ഹം വരെയുള്ള ചെലവുകള്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ വഴി ഉറപ്പാക്കും.
പുതിയ സമ്പ്രദായം തൊഴിലാളികളുടെ ആനുകൂല്യങ്ങളും വേതനവും ഉറപ്പുവരുത്തുമെന്ന് യു എ ഇ മാനവ വിഭവശേഷി സ്വദേശീവത്കരണ മന്ത്രി നാസര്‍ അല്‍ ഹാമിലി പറഞ്ഞു. കുറഞ്ഞ ചെലവിലുള്ള റിക്രൂട്ട്മെന്റ് കമ്പനികളുടെ അധിക സാമ്പത്തിക ഭാരം കുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദുബൈ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി മന്ത്രാലയം കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.

ബേങ്ക് ഗ്യാരണ്ടിക്ക് പകരം ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഡോക്യൂമെന്റുകള്‍ വിസാ നടപടികള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലെ ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഐഷ ബെല്‍ ഹാരിഫ പറഞ്ഞു.
ഇന്‍ഷ്വറന്‍സ് പരിരക്ഷ ആവശ്യമില്ലാത്ത തൊഴില്‍ ഉടമകള്‍ക്ക് നിലവിലെ ബേങ്ക് ഗ്യാരന്റി സംവിധാനം തുടരുന്നതിനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. അതേസമയം, പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായാല്‍ ബേങ്ക് ഗ്യാരണ്ടി തുക തിരിച്ചു നല്‍കുന്നതാണ്. തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന വേളയില്‍ ഇതിനുള്ള അപേക്ഷ തസ്ഹീല്‍ കേന്ദ്രങ്ങള്‍വഴി സമര്‍പിക്കാം. എന്നാല്‍, കഴിഞ്ഞ ആറ് മാസക്കാലയളവില്‍ വേതന വിതരണം മുടക്കം വരാതെ ഉറപ്പുവരുത്തിയ കമ്പനികളുടെ ഇന്‍ഷ്വറന്‍സ് അപേക്ഷകള്‍ക്ക് മാത്രമേ മുന്‍പ് ഗ്യാരണ്ടിയായി ബേങ്കില്‍ നിക്ഷേപിച്ച 3000 ദിര്‍ഹം തിരികെ നല്‍കുകയുള്ളുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest