ഇത് പൊളിക്കും; വരുന്നു നെഫര്‍റ്റിറ്റി, ഓഡിറ്റോറിയം, ഭക്ഷണശാല, കളിസ്ഥലം, തിയേറ്റര്‍ എന്നിവ സജ്ജം

Posted on: October 13, 2018 8:24 pm | Last updated: October 14, 2018 at 11:30 am

തിരുവനന്തപുരം: കടലിലെ ഉല്ലാസയാത്രക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ ആഡംബരജലയാനം ‘നെഫര്‍റ്റിറ്റി’ സര്‍വീസ് ആരംഭിക്കുന്നതിന് തയ്യാറായി കഴിഞ്ഞു. കേരളത്തില്‍ ഇതുവരെയുള്ള ഉല്ലാസനൗകകളെ കവച്ചു വെക്കുന്ന സൗകര്യങ്ങളുള്ളതാണ് നെഫര്‍റ്റിറ്റി. പേരു പോലെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് ഈ ജലയാനം.

48.5മീറ്റര്‍ നീളം, 14.5 മീറ്റര്‍ വീതി , മൂന്ന് നിലകള്‍ ഇതാണ് ഈ ഉല്ലാസയാനത്തിന്റെ പ്രത്യേകത. ഓഡിറ്റോറിയം, സ്വീകരണഹാള്‍, ഭക്ഷണശാല, കുട്ടികള്‍ക്കുള്ള കളിസ്ഥലം, 3 തീയ്യറ്റര്‍, എന്നിവ നെഫര്‍റ്റിറ്റിയില്‍ സജ്ജീകരിച്ചിരിക്കുന്നു. പൂര്‍ണമായും ശീതീകരിച്ച ഈ യാനം മീറ്റിംഗുകള്‍, ആഘോഷങ്ങള്‍ തുടങ്ങിയവക്കും അനുയോജ്യമാണ്.

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാന്‍ നൂതനസുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയ ജീവന്‍രക്ഷാസൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അത്യാധുനികവാര്‍ത്താവിനിമയ സംവിധാനവും ഘടിപ്പിച്ചിരിക്കുന്നു.

തീരത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ഇന്ത്യയില്‍ എവിടേയും സര്‍വീസ് നടത്താം. 16.14കോടി രൂപ ചെലവഴിച്ച് കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ നേത!ൃത്വത്തിലാണ് നെഫര്‍റ്റിറ്റി ഒരുക്കിയിരിക്കുന്നത്.

നവംബറോടെ നെഫര്‍റ്റിറ്റിയെ കടലില്‍ ഇറക്കാനാകുമെന്നാണ് പ്രതീക്ഷ. കൊച്ചി കേന്ദ്രീകരിച്ചാകും നെഫര്‍റ്റിറ്റി സര്‍വീസ് നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.