ദീര്‍ഘദൂര യാത്രക്കാര്‍ക്കായി മദാം മരുഭൂമിയില്‍ മസ്ജിദൊരുങ്ങുന്നു

Posted on: October 13, 2018 6:23 pm | Last updated: October 13, 2018 at 6:23 pm

ഷാര്‍ജ: ദീര്‍ഘദൂര യാത്രക്കാരായ വിശ്വാസികള്‍ക്ക് നിസ്‌കരിക്കാനും മറ്റും ഏറെ സൗകര്യപ്പെടുന്ന മദാം മരുഭൂമിയിലെ മസ്ജിദിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തി.
മലീഹ റോഡില്‍നിന്ന് ഒമാനിലേക്കടക്കം മദാം മണലാരണ്യത്തിലൂടെ കടന്നുപോകുന്ന പാതക്കരികിലാണ് വിശ്വാസികളായ യാത്രക്കാര്‍ക്ക് ഏറെ ഉപാകരപ്പെടുന്ന പള്ളി പണിയുന്നത്.

റോള നഗരത്തില്‍ നിന്ന് ഏകദേശം 75ഓളം കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള മദാം നഗരത്തിലേക്കും അവിടെ നിന്ന് ഒമാനിലേക്കും മറ്റു വടക്കു കിഴക്കന്‍ പ്രദേശങ്ങളിലേക്കുമുള്ള ദീര്‍ഘദൂര പാതക്കരികിലാണ് വിശ്വാസികളെ ഏറെ ആഹ്ലാദിപ്പിക്കുന്ന പള്ളി ഉയരുന്നത്. പാതയില്‍ പ്രവേശിച്ചാല്‍ സമീപത്തൊന്നും നിലവില്‍ പള്ളികളില്ല. മദാം നഗരത്തിനു സമീപത്ത് മാത്രമാണ് പള്ളിയുള്ളത്. അടുത്തിടെയാണ് പണിതത്. വിശാലവും ഏറെ സൗകര്യപ്രദവുമായ പള്ളിയാണിത്. യാത്രക്കാര്‍ക്ക് നിസ്‌കരിക്കാനും മറ്റും പാതക്കരികിലെവിടെയും പള്ളിയില്ലാതിരുന്നത് വിശ്വാസികളെ വിഷമിപ്പിച്ചിരുന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി നിത്യവും കടന്നുപോകുന്നത്. നല്ലൊരു ശതമാനവും ഒമാന്‍ സ്വദേശികളും വിനോദസഞ്ചാരികളുമാണ്. ഡെസേര്‍ട് സഫാരിക്കാരുടെ ഇഷ്ടകേന്ദ്രം കൂടിയായ മദാം മരുഭൂമിയിലേക്ക് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളില്‍ നിന്നും സഫാരിക്കാരെത്തുന്നുണ്ട്. ശൈത്യകാലം ആരംഭിക്കുന്നതോടെ വരവ് വര്‍ധിക്കും. മദാം പാതയോരത്തുള്ള ഭക്ഷണശാലക്കു സമീപം നിര്‍മിച്ചിരുന്ന താത്കാലിക ഷെഡ്ഡിലാണ് യാത്രക്കാരായ പലരും നാളിതുവരെ നിസ്‌കാരം നിര്‍വഹിച്ചിരുന്നത്. എന്നാല്‍ ഈ ഷെഡ്ഡ് അടുത്തിടെ തകര്‍ന്നിരുന്നു. ഇതോടെ ഇവിടെയുള്ള നിസ്‌കാര സൗകര്യവും ഇല്ലാതായി.

ഇതിനിടെയാണ് പാതയോരത്ത് പള്ളി നിര്‍മാണം തുടങ്ങിയത്. അധികം വലുപ്പമില്ലാത്ത, അതേസമയം നിരവധി പേര്‍ക്ക് ഒന്നിച്ച് നിസ്‌കാരം നിര്‍വഹിക്കാന്‍ സൗകര്യമുള്ള പള്ളിയാണ് ഒരുങ്ങുന്നത്. നിര്‍മാണം അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.
താമസിയാതെ പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കാനാണ് സാധ്യത. സമീപത്ത് മറ്റൊരു കെട്ടിടവും നിര്‍മിക്കുന്നുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കാവാം ഇതെന്ന് കരുതപ്പെടുന്നു.

എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പണിതുവരുന്ന നിരവധി പള്ളികളുടെ നിര്‍മാണം അവസാനഘട്ട മിനുക്ക് പണികളിലാണ്. ഷാര്‍ജ സെന്‍ട്രല്‍ പോസ്റ്റോഫീസിനു സമീപം അതിമനോഹരമായ പള്ളിയാണ് ഒരുങ്ങുന്നത്.
ജനവാസകേന്ദ്രങ്ങളിലുള്‍പെടെ ആവശ്യമുള്ളിടങ്ങളിലെല്ലാം പള്ളികള്‍ ഉയരുന്നുണ്ട്. മരുഭൂമിയിലെ പള്ളിയും ഇതിന്റെ ഭാഗമാണ്.