എടിഎം കവര്‍ച്ചക്ക് പിന്നില്‍ ഏഴംഗ സംഘം; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Posted on: October 13, 2018 1:21 pm | Last updated: October 13, 2018 at 7:29 pm

തൃശൂര്‍: സംസ്ഥാനത്തെ എടിഎം കവര്‍ച്ചക്ക് പിന്നില്‍ ഏഴംഗ സംഘമെന്ന് പോലീസ്. കവര്‍ച്ചാ സംഘത്തിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ചാലക്കുടി ഹൈസ്‌കൂളിന് സമീപത്തെ സിസിടിവിയില്‍ നിന്നാണ് നിര്‍ണായക ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തത്. അന്യസംസ്ഥാനക്കാരായ ഏഴംഗ സംഘം ചാലക്കുടി ഹൈസ്‌കൂളിന് പരിസരത്തേക്ക് കയറി വേഷം മാറിയ ശേഷം സമീപത്തെ ഓട്ടോ സ്റ്റാന്‍ഡ് ലക്ഷ്യമാക്കി നീങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. നേരത്തെ പോലീസ് നായ ചാലക്കൂടി സ്‌കൂള്‍ പരിസരത്തേക്ക് കയറിയ ശേഷം ഓട്ടോ സ്റ്റാന്‍ഡ് വരെ ഓടിയാണ് നിന്നത്. ഇതിനോട് ചേര്‍ന്നു നില്‍ക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. പ്രതികള്‍ ധന്‍ബാദ് എക്‌സ്പ്രസില്‍ കേരളം വിട്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

കവര്‍ച്ചക്കായി ഉപയോഗിച്ചതെന്ന് കരുതുന്ന പിക്ക് അപ്പ് വാന്‍ ചാലക്കുടി ഗവ. ബോയ്‌സ് സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കോട്ടയം കോടിമതിയിലുള്ള സ്ഥാപനത്തിന്റെ വാഹനമാണ് മോഷ്ടാക്കള്‍ ഉപയോഗിച്ചത്. വാഹനം മോഷണം പോയതായി ഉടമ അറിയിച്ചിരുന്നു.

എറണാകുളം ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലുമാണ് എടിഎമ്മുകള്‍ കൊള്ളയടിക്കപ്പെട്ടത്. തൃപ്പൂണിത്തുറ ഇരുമ്പനത്ത് എസ് ബി ഐയുടെ എ ടി എം കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയും ചാലക്കുടിക്കടുത്ത് കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബേങ്കിന്റെ എ ടി എം തകര്‍ത്ത് പത്ത് ലക്ഷത്തോളം രൂപയുമാണ് കവര്‍ന്നത്. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ നിന്ന് ലഭിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.24നാണ് ഇരുമ്പനത്തെ പുതിയറോഡ് ജംഗ്ഷനില്‍ എയര്‍പോര്‍ട്ട് സീപോര്‍ട്ട് റോഡിലെ എ ടി എമ്മില്‍ കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 4.50 ഓടെയാണ് കൊരട്ടിയില്‍ കവര്‍ച്ച നടന്നത്.

രണ്ട് സ്ഥലങ്ങളിലും എ ടി എം കൗണ്ടറിലെ ക്യാമറ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് മറച്ചതിന് ശേഷമായിരുന്നു മോഷണം. ഇതിന് മുമ്പുള്ള ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞത്. ഇരുമ്പനത്ത് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പണം വെച്ചിരിക്കുന്ന ക്യാഷ് ബോക്‌സ് അറുത്തുമാറ്റിയാണ് പണമെടുത്തത്. ഇതര സംസ്ഥാനക്കാരെന്ന് കരുതുന്ന രണ്ട് പേരുടെ ദൃശ്യങ്ങളും ഇവര്‍ വന്ന പിക്ക് അപ്പ് വാനിന്റെ ദൃശ്യങ്ങളും സി സി ടി വിയില്‍ പതിഞ്ഞിരുന്നു. എ ടി എം തകരാറിലാണെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനക്കായി സൂപ്പര്‍വൈസര്‍മാര്‍ രാവിലെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി മനസ്സിലായത്.

കൊരട്ടിയില്‍ വാഹനം എ ടി എം കൗണ്ടറിനടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തിയ ശേഷം ബേങ്കിന്റെ മുന്‍വശത്തായി സ്ഥാപിച്ച ക്യാമറയില്‍ പെയിന്റ് അടിക്കുകയായിരുന്നു. കട്ടര്‍ ഉപയോഗിച്ച് കൗണ്ടര്‍ മെഷീനും പണം ഇരിക്കുന്ന മൂന്ന് ട്രേകളും കട്ട് ചെയ്താണ് മോഷണം നടത്തിയത്. രാവിലെ ബേങ്കിലെത്തിയ അസിസ്റ്റന്റ് മാനേജര്‍ എ ടി എം കൗണ്ടര്‍ അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് കവര്‍ച്ചാ വിവരം അറിയുന്നത്.