കാര്യവട്ടത്തെ കളി കാണാം; ടിക്കറ്റ് വില്‍പ്പന 17 മുതല്‍

Posted on: October 12, 2018 8:35 pm | Last updated: October 13, 2018 at 11:08 am

തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന മത്സത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ മാസം 17ന് തുടങ്ങും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. 1000, 2000, 3000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പ് ഉപയോഗിച്ചോ ബുക്ക് ചെയ്തതിന്റെ പ്രിന്റുമായോ സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കാം.

ഒക്ടോബര്‍ 30ന് ഇരു ടീമുകളും തിരുവനന്തപുരത്തെത്തും. കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസം ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ കളി കാണാനെത്തും. മത്സര വരുമാനത്തിന്റെ പങ്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.

ഗ്രീന്‍ഫീല്‍ഡില്‍ ഇത് രണ്ടാം തവണയാണ് ടീം ഇന്ത്യ കളിക്കാനെത്തുന്നത്. കഴിഞ്ഞ നവംബറില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ട്വന്റി ട്വന്റി മത്സരം കളിച്ചിരുന്നു. മഴ മൂല എട്ട് ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിന് വിജയിച്ചിരുന്നു.