സെഞ്ച്വറിക്കരികെ ചേസ്; ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസ് ഭേദപ്പെട്ട നിലയില്‍

Posted on: October 12, 2018 6:45 pm | Last updated: October 12, 2018 at 8:36 pm

ഹൈദരാബാദ:് ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റിന്‍ഡീസ് ഭേദപ്പെട്ട നിലയില്‍. 95 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് എന്ന നിലയിലാണ് അവര്‍. നാലാം ടെസ്റ്റ് സെഞ്ചുറിക്ക് രണ്ട് റണ്‍സ് മാത്രം അകലെ നില്‍ക്കുന്ന റോസ്റ്റണ്‍ ചേസും റണ്‍സൊന്നുമെടുക്കാതെ ദേവേന്ദ്ര ബിഷൂവുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ അര്‍ധ സെഞ്ച്വറി (52) നേടി.

113 റണ്‍സ് എടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് ഉഴറിയ വിന്‍ഡീസിനെ, ആറാം വിക്കറ്റില്‍ ഡൗറിച്ചിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും (69), ഏഴാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (104) പടുത്തുയര്‍ത്തിയ റോസ്റ്റണ്‍ ചേസാണ് കരകയറ്റിയത്. ഓപ്പണര്‍മാരായ കീറണ്‍ പവല്‍ (22), ക്രെയ്ഗ് ബ്രാത്‌വയ്റ്റ് (14), ഷായ് ഹോപ് (36), ഷിംറോന്‍ ഹെറ്റ്‌മെയെര്‍ (12), സുനില്‍ അംബ്രിസ് (18), ഡൗറിച്ച് (30) എന്നിവരാണ് പുറത്തായ മറ്റു വിന്‍ഡീസ് താരങ്ങള്‍. ഇന്ത്യക്കായി കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.