‘ഇത് സായിദ്, ഇതാണ് യു എ ഇ’; 47-ാം ദേശീയദിനാഘോഷങ്ങളുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചു

Posted on: October 12, 2018 4:10 pm | Last updated: October 12, 2018 at 4:10 pm

അബുദാബി: ഡിസംബര്‍ രണ്ടിന് നടക്കാനിരിക്കുന്ന യു എ ഇയുടെ നാല്‍പത്തിയേഴാമത് ദേശീയദിനാഘോഷ പരിപാടികള്‍ക്ക് നേരിട്ട് സാക്ഷിയാകുന്നവര്‍ക്കുള്ള പ്രവേശന ടിക്കറ്റ് വില്‍പന ആരംഭിച്ചു. അബുദാബിയിലെ സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലായിരിക്കും ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷങ്ങളുടെ മുഖ്യപരിപാടി അരങ്ങേറുകയെന്ന് സംഘാടക സമിതി അറിയിച്ചു. സ്വദേശികളും വിദേശികളുമടക്കം 22,000 ആളുകളുടെ സാന്നിധ്യം സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലെ ആഘോഷങ്ങള്‍ക്കുണ്ടാകും.

യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നൂറാം ജന്മവാര്‍ഷികം ‘ഇയര്‍ ഓഫ് സായിദ്’ എന്ന പേരില്‍ ആഘോഷിക്കുന്ന ഈ വര്‍ഷത്തെ ദേശീയദിനാഘോഷം മുന്‍വര്‍ഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും. ശൈഖ് സായിദിന്റെയും യു എ ഇയുടെയും ചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉള്‍പെടെയുള്ള പുതുമയാര്‍ന്ന പരിപാടികള്‍ ദേശീയദിനാഘോഷത്തിന് കൊഴുപ്പേകും. രാഷ്ട്രപിതാവിനെ കുറിച്ചും യു എ ഇയെ കുറിച്ചും പുതുതലമുറക്ക് കൃത്യമായ അവബോധം സൃഷ്ടിക്കാനുതകുന്ന ഡോക്യുമെന്ററികളും ആഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കപ്പെടും.

സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന പ്രധാന പരിപാടികളിലേക്ക് നേരത്തെ ടിക്കറ്റ് നല്‍കിയാണ് സന്ദര്‍ശകരെ നിയന്ത്രിക്കുക. ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടത്തിയതായി സംഘാടക സമിതി അറിയിച്ചു. ംംം.ൗമലിമശേീിമഹറമ്യ.മല എന്ന വെബ്‌സൈറ്റിലൂടെ പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാം. 80086823 എന്ന നമ്പറില്‍ വിളിച്ചും ടിക്കറ്റ് സ്വന്തമാക്കാം.