ആര്‍ ബി ഐ സര്‍വേ വിരല്‍ ചൂണ്ടുന്നു

Posted on: October 12, 2018 9:20 am | Last updated: October 12, 2018 at 9:20 am

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ കേന്ദ്ര സര്‍ക്കാറിനെയും ബി ജെ പി നേതൃത്വത്തെയും ആകുലപ്പെടുത്തുന്നതാണ് സാമ്പത്തിക, തൊഴില്‍ വിഷയങ്ങളില്‍ റിസര്‍വ് ബേങ്ക് നടത്തിയ സര്‍വേ ഫലം. രണ്ട് വിഷയങ്ങളിലും ജനങ്ങള്‍ കടുത്ത അസംതൃപ്തരാണെന്നാണ് മുബൈ, ബെംഗളൂരു, അഹമ്മദാബാദ്, തിരുവനന്തപുരം തുടങ്ങി രാജ്യത്തെ 13 നഗരങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ സര്‍വേ കാണിക്കുന്നത്. സാമ്പത്തികസ്ഥിതി മെച്ചമല്ലെന്നും ആവശ്യത്തിനു തൊഴില്‍ലഭ്യതയില്ലെന്നും ഉപഭോക്താക്കളിലേറെയും വിലയിരുത്തി. സര്‍വേയില്‍ പങ്കെടുത്ത 35.2 ശതമാനം പേര്‍ തങ്ങളുടെ തൊഴില്‍സാഹചര്യം മെച്ചപ്പെട്ടു എന്നു പറഞ്ഞപ്പോള്‍ 45.5ശതമാനം പേരും കൂടുതല്‍ മോശമായെന്ന അഭിപ്രായക്കാരാണ്. സാമ്പത്തിക രംഗത്തെക്കുറിച്ച് 44.3 ശതമാനവും കൂടുതല്‍ പിന്നോട്ടാണെന്ന അഭിപ്രായക്കാരാണ്. മെച്ചപ്പെടുമെന്ന പതീക്ഷ പുലര്‍ത്തുന്നവരാണ് 33.7 ശതമാനം പേര്‍.

സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ മാത്രം ഒതുങ്ങുന്നതാണ് ആര്‍ ബി ഐയുടെ സര്‍വേ. കൃഷി, ചെറുകിട വ്യാപാരം, വ്യവസായം തുടങ്ങി മറ്റു മേഖലകളില്‍ അഭിപ്രായ സര്‍വേ നടത്തിയാലും ഫലം വിഭിന്നമായിരിക്കില്ല. പ്രസ്തുത രംഗങ്ങളുമായി ബന്ധപ്പെട്ടവരും നിരാശയിലും അസംതൃപ്തിയിലുമാണ്. ആശങ്കാജനകമാണ് കര്‍ഷകര്‍ക്കിടയിലെ ആത്മഹത്യാ നിരക്ക്. അടിക്കടി അത് വര്‍ധിച്ചു വരികയുമാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2014ല്‍ 5,650 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തതെങ്കില്‍ 2015ല്‍ ഇത് 8,007 ആയി ഉയര്‍ന്നു. ബി ജെ പി ഭരിക്കുന്ന മഹാരാഷ്ട്രയാണ് കര്‍ഷക ആത്മഹത്യയില്‍ മുന്നിലെന്നതും ശ്രദ്ധേയം. 1965 മുതല്‍ 2015 വരെയുള്ള 50 വര്‍ഷക്കാലം കര്‍ഷക ആത്മഹത്യയുടെ കണക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ഷാന്തം പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ 2015ന് ശേഷം അത് പുറത്തു വിട്ടിട്ടില്ല. ആത്മഹത്യ കര്‍ഷകരില്‍ ക്രമാതീതമായി വര്‍ധിച്ചതിനാല്‍ അക്കാര്യം ജനങ്ങള്‍ അറിഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതം ഭയന്നാണ് കണക്ക് പ്രസിദ്ധീകരിക്കാത്തത്. രഹസ്യ സ്വഭാവവും വൈകാരിക മാനവുമുള്ളതിനാല്‍ തത്കാലം ഇത് സംബന്ധിച്ചു കണക്ക് വെളിപ്പെടുത്താനാകില്ലെന്നായിരുന്നു വിവരാവകാശ നിയമ പ്രകാരം ചോദിച്ചവര്‍ക്ക് കേന്ദ്രത്തില്‍ നിന്നു ലഭിച്ച മറുപടി.

അതേസമയം ആഗോള ഏജന്‍സികളുടെ സര്‍വേ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്ന ഇന്ത്യയുടെ മുഖം മറ്റൊന്നാണ്. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നേറുകയാണെന്നും സമ്പദ്ഘടനാ വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ പിന്തള്ളിയിരിക്കുന്നുവെന്നുമാണ് ഹാര്‍വാഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധരുടെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റിന്റെ വളര്‍ച്ചാ രൂപരേഖ അനുസരിച്ച് 7.7 ശതമാനം ശരാശരി പ്രതിവര്‍ഷ വളര്‍ച്ചാ നിരക്കുമായി 2025 വരെ ഇന്ത്യ ഈ സ്ഥാനം നിലനിര്‍ത്തും. രാജ്യാന്തര വളര്‍ച്ചയുടെ സാമ്പത്തിക കേന്ദ്രസ്ഥാനം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. രാസവസ്തുക്കള്‍, വാഹനങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കയറ്റുമതി വ്യാപിപ്പിച്ചതാണ് ഇന്ത്യക്കു തുണയായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രത്യക്ഷത്തില്‍ പരസ്പരവിരുദ്ധമാണ് ആര്‍ ബി ഐ നിരീക്ഷണവും ഹാര്‍വാഡ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ടുമെന്ന് തോന്നാമെങ്കിലും കാര്യം അങ്ങനെയല്ല. രണ്ടും ശരിയാണ്. രാജ്യത്ത് കുന്നുകൂടുന്ന സമ്പത്താണ് സാമ്പത്തിക വളര്‍ച്ചയുടെ മാനദണ്ഡമെങ്കില്‍ ഇന്ത്യക്ക് ഈ രംഗത്ത് കുതിച്ചു ചാട്ടം തന്നെയാണ്. എന്നാല്‍ ഈ വളര്‍ച്ചയും മുന്നേറ്റവും ജനസംഖ്യയില്‍ ഒരു ശതമാനം പോലും വരാത്ത കോര്‍പറേറ്റുകളെയും അതിസമ്പന്നരെയും കേന്ദ്രീകരിച്ചാണെന്നു മാത്രം. ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും രാജ്യത്തെ 84 ശതകോടീശ്വരന്‍മാരുടെ അധീനതയിലാണെന്നാണ് ദാവോസിലെ ഓക്‌സാം ഇന്റര്‍നാഷനല്‍ കഴിഞ്ഞ ജൂണില്‍ പുറത്തുവിട്ട വിശകലനത്തില്‍ പറയുന്നത്. ഓക്‌സാമിന്റെ കണക്കില്‍ ഇവര്‍ ചേര്‍ന്നു കൈയടക്കി വെച്ചിരിക്കുന്നത് 20,248 കോടി ഡോളറാണ്. (ഏകദേശം 14,98,352 കോടി രൂപ)1930 കോടി ഡോളറിന്റെ ആസ്തിയുള്ള മുകേഷ് അംബാനി, 1670 കോടി ഡോളറുള്ള ദിലീപ് ഷാംഗ്വി, 1500 കോടി ഡോളറുള്ള അസിം പ്രേംജി എന്നിവരാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ജനതയുടെ ജീവിത നിലവാരത്തെ മാനദണ്ഡമാക്കിയാണ് വിലയിരുത്തേണ്ടതും അളക്കേണ്ടതും. മൊത്തം ജനതയുടെ വരുമാന, തൊഴില്‍ വര്‍ധന, ഉയര്‍ന്ന ആരോഗ്യം, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയവയാണ് സാമ്പത്തിക വളര്‍ച്ചയെയും വികസനത്തെയും പ്രതിഫലിപ്പിക്കുന്നത്. സമ്പത്തില്‍ സിംഹഭാഗവും വിരലിലെണ്ണാവുന്ന കോര്‍പറേറ്റ് ഭീമന്‍മാരിലേക്ക് കേന്ദ്രീകരിക്കുമ്പോള്‍ രാജ്യം വളരുന്നില്ല. സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും അടയാളങ്ങളായി ഭരണാധികാരികള്‍ക്ക് ചൂണ്ടിക്കാട്ടാനുള്ളത് ബുള്ളറ്റ് ട്രെയിനും മെട്രോയും വിമാനത്താവളങ്ങളും എക്‌സ്പ്രസ് ഹൈവേയും പ്രതിശീര്‍ഷ വരുമാനവുമൊക്കെയാണ്. ചെറിയൊരു ന്യൂനപക്ഷത്തില്‍ പരിമിതമാണ് ഇവയുടെയെല്ലാം പ്രയോജനം. രാജ്യത്തെ നല്ലൊരു ശതമാനം സാധാരണക്കാരും ഗ്രാമീണരും ഒരു നേരം ആ ഹാരത്തിനു പോലും വകയില്ലാതെ ദുരിത ജീവിതം നയിക്കുന്നവരുമാണ്. രാജ്യത്ത് പകുതിയോളം പേര്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ്. ഇവരില്‍ 20 ശതമാനം പരമദരിദ്രരാണ്. യു പി എ ഭരണത്തില്‍ സമ്പദ്ഘടന ശോഷിക്കുകയും തൊഴിലവസരങ്ങള്‍ കുറയുകയും ദാരിദ്ര്യം വര്‍ധിക്കുകയും ചെയ്തുവെന്ന് ആരോപിച്ചും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാവി വാഗ്ദാനം ചെയ്തുമാണ് ബി ജെ പി കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടതും മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതും. എന്നാല്‍ മുന്‍ ഭരണ കാലത്തേക്കാള്‍ കഷ്ടമാണിന്ന് രാജ്യത്തിന്റെയും ജനങ്ങളുടെയും അവസ്ഥ.