അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പരിഗണിക്കും; പി കെ ശശിയെ സി പി എം തരംതാഴ്ത്തിയേക്കും

Posted on: October 12, 2018 9:10 am | Last updated: October 12, 2018 at 11:26 am

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം എല്‍ എ. പി കെ ശശിക്കെതിരെ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗമായ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന്. പി കെ ശ്രീമതിയും എ കെ ബാലനും ഉള്‍പ്പെട്ട കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് പരിഗണിക്കും. നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യും.
മൊഴിയെടുക്കുന്ന ഘട്ടത്തിലും പിന്നീടും യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ശശിക്കെതിരെ നടപടി ശിപാര്‍ശ ചെയ്യാതെ കമ്മീഷന് മുന്നില്‍ മറ്റ് മാര്‍ഗമില്ല. എന്ത് നടപടി വേണമെന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റ് യോഗമാകും തീരുമാനമെടുക്കുക. ഇക്കാര്യത്തില്‍ യുവതിയുടെ അഭിപ്രായവും പരിഗണിക്കും.

ലൈംഗിക പീഡന ശ്രമം എന്നായിരുന്നു പരാതിയെങ്കിലും ഈ ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലേക്ക് കമ്മീഷന്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന. അപമര്യാദയായി പെരുമാറിയതിന് തെളിവുണ്ട്. ഇതും ഗുരുതരമായ തെറ്റാണ്. ഗൗരവമേറിയ പ്രശ്‌നമായതിനാല്‍ നടപടി അനിവാര്യവുമാണ്. പാര്‍ട്ടി നേതാവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റം എം എല്‍ എയുടെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.
പാര്‍ട്ടി നടപടിയുണ്ടായില്ലെങ്കില്‍ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചാല്‍ കാര്യങ്ങള്‍ കൈവിടും. ഈ സാഹചര്യമാണ് നടപടി അനിവാര്യമാക്കുന്നത്.

നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരെ സമാന ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. നിലവില്‍ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി കെ ശശിക്കെതിരെ സമാന നടപടിയുണ്ടാകാനിടയില്ല. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് നീക്കിയാല്‍ എം എല്‍ എ സ്ഥാനത്ത് തുടരാന്‍ കഴിയുമോയെന്ന ചോദ്യം ഉയര്‍ന്നുവരും. കുറച്ച് കാലത്തേക്കുള്ള സസ്‌പെന്‍ഷനും പരിഗണിച്ചേക്കാം. പരസ്യ ശാസനയും ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നുള്ള തരംതാഴ്ത്തലിനുമാണ് സാധ്യത കൂടുതല്‍. ഏരിയാ, ലോക്കല്‍ കമ്മറ്റികളിലേക്കോ, ബ്രാഞ്ചിലേക്കോ തരംതാഴ്ത്തിയാലും എം എല്‍ എ സ്ഥാനം സംരക്ഷിക്കാന്‍ കഴിയും.

അതേസമയം, തനിക്കെതിരായ പരാതിയില്‍ ഗൂഢാലോചനയുണ്ടെന്ന ശശിയുടെ പരാതിയും കമ്മീഷന്‍ പരിശോധിച്ചിട്ടുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ചില നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകാനിടയുണ്ട്. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗമായ യുവതി നല്‍കിയ പരാതിയില്‍ പോളിറ്റ്ബ്യൂറോ നിര്‍ദേശ പ്രകാരമാണ് സംസ്ഥാന നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.