നാല് പിന്‍ക്യാമറയുമായി ലോകത്തിലെ ആദ്യ ഫോൺ; സാംസംഗ് ഗ്യാലക്‌സി എ9 പുറത്തിറങ്ങി

Posted on: October 11, 2018 8:44 pm | Last updated: October 11, 2018 at 8:44 pm

ക്വാലാലംപൂര്‍: ലോകത്തിലെ ആദ്യത്തെ ക്വാഡ് ക്യാമറ (നാല് ക്യാമറ) സ്മാര്‍ട്ട് ഫോണ്‍ സാംസംഗ് പുറത്തിറക്കി. സാംസംഗ് എ9 (2018) ആണ് നാല് ക്യാമറയുമായി എത്തുന്നത്. ട്രിപ്പിള്‍ ക്യാമറ ഉള്ള ഗ്യാലക്‌സി എ 7 ന് പിന്നാലൊണ് എ 9 എത്തുന്നത്.

നാല് പിന്‍ക്യാമറകളില്‍ ഒന്ന് 24 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ്. ഇതിന് 1.7 അപ്പര്‍ച്ചര്‍ ഉണ്ട്. 2 എക്‌സ് ഒപ്റ്റിക്കല്‍ സൂം ഉള്ള പത്ത് മെഗാപിക്‌സല്‍ ക്യാമറ, 120 ഡിഗ്രി ലെന്‍സോട് കൂടിയ 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 5 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറ എന്നിവയാണ് മറ്റു ക്യാമറകള്‍. മുന്‍ ക്യാമറയും 24 മെഗാപിക്‌സലാണ്. മങ്ങിയ ലൈറ്റിലും മിഴിവാര്‍ന്ന ചിത്രങ്ങള്‍ സമ്മാനിക്കാന്‍ എ9ന് സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഇന്‍ഫിനിറ്റ് ഡിസ്‌പ്ലേയാണ് പുതിയ എ9-ന്റെ മറ്റൊരു പ്രത്യേകത. എട്ട് ജിബിയാണ് റാം. ഡുവല്‍ സിം, ആന്‍ഡ്രോയിഡ് ഒറിയോ, 6.3 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലെ, ക്വാല്‍ക്വാം സ്‌നാപ് ഡ്രാഗണ്‍ 660 എസ്ഒസി പ്രൊസസര്‍, ഫിങ്കര്‍ പ്രിന്റ് അണ്‍ലോക്ക്, ഫെയ്‌സ് ലോക്ക്, ബിക്‌സ് ബി അസിസ്റ്റന്റ്, 128 ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ്, 512 ജിബി വരെ എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 3800 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.

500 യൂറോ, ഏകദേശം 51,300 ഇന്ത്യന്‍ രൂപയാണ് ഫോണിന്റെ വില. നവംബര്‍ മുതല്‍ ഫോണ്‍ ഇന്ത്യയില്‍ എത്തും. ഇന്ത്യയിലെ വില പുറത്തുവിട്ടിട്ടില്ല.