കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി

Posted on: October 11, 2018 11:50 am | Last updated: October 11, 2018 at 3:49 pm

ചെന്നൈ: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 54 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടുകെട്ടിയത്.  ന്യൂഡല്‍ഹിയിലേയും ഊട്ടിയിലേയും കൊടൈക്കനാലിലേയും യുകെയിലേയും സ്‌പെയിനിലേയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ഐഎന്‍എക്‌സ് മീഡിയ കമ്പനിയുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ 10 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.

പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയ കമ്പനിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് 2008ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ നടന്ന സാമ്പത്തിക തിരിമറികളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ ഐഎന്‍എക്‌സ് മീഡിയ കമ്പനിയില്‍ നിന്നും 10 ലക്ഷം രൂപ കോഴവാങ്ങിയ കേസിലാണ് അറസ്റ്റ്.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ നേരത്തെ പി.ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.