പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് തൊഴിലാളിക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ വജ്രം

Posted on: October 11, 2018 11:15 am | Last updated: October 11, 2018 at 11:15 am

ഭോപ്പാല്‍: ഖനനത്തിനിടെ മധ്യപ്രദേശിലെ തൊഴിലാളിക്ക് ലഭിച്ചത് ഒന്നരക്കോടി രൂപ വിലവരുന്ന വജ്രം. ബുണ്ഡേല്‍ഖണ്ഡിലെ ഖനന തൊഴിലാളി മോത്തിലാല്‍ പ്രചാപതിയാണ് വജ്രം ഖനനം ചെയ്‌തെടുത്തത്. മൂന്ന് തലമുറകളായി മോത്തിലാലിന്റെ കുടുംബം ഇവിടെ ഖനനം നടത്തിവരുന്നുണ്ട്. എന്നാല്‍, ഇത്രയും വലിയ അളവില്‍ വജ്രം ലഭിക്കുന്നത് ആദ്യമാണെന്ന് മോത്തിലാല്‍ പറഞ്ഞു.

42.59 ക്യാരറ്റ് മൂല്യമുള്ളതാണ് ലഭിച്ച വജ്രം.
വജ്രഖനിയായ പന്നയില്‍ കൃഷ്ണകല്യാണ്‍പൂരിലെ പാട്ടി ഗ്രാമത്തില്‍ 25 ചതുരശ്ര അടി സ്ഥലം പാട്ടത്തിനെടുത്തായിരുന്നു മോത്തിലാലിന്റെ ഖനനം. ഭോപ്പാലില്‍ നിന്ന് 413 കിലോമീറ്റര്‍ അകലെയാണ് പന്ന. സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലാണ് വജ്ര ഖനി പ്രവര്‍ത്തിക്കുന്നത്. നേരത്തെ 1961ലും വലിയ അളവില്‍ വജ്രം ഈ ഖനിയില്‍ നിന്ന് ലഭിച്ചിരുന്നു.

മോത്തിലാലിന് ഖനനത്തില്‍ വജ്രം ലഭിച്ചത് പന്ന ജില്ലയിലെ മൈനിംഗ് ഓഫീസര്‍ സന്തോഷ് സിംഗ് സ്ഥിരീകരിച്ചു. വിദഗ്ധരുടെ കണക്കെടുപ്പ് പ്രകാരം ഒന്നരക്കോടി രൂപ വില വരുന്ന വജ്രമാണ് ഖനനം ചെയ്ത് കിട്ടിയത്. ഇതിപ്പോള്‍ കലക്ടറുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം ഈ വജ്രം ലേലത്തിന് വെക്കുമെന്നാണ് അറിയുന്നത്. ലേലത്തില്‍ ലഭിക്കുന്ന തുകയില്‍ നിന്ന് 11 ശതമാനം നികുതി കഴിച്ചു വരുന്ന തുകയാണ് മോട്ടിലാലിന് നല്‍കുക.