Connect with us

Articles

ഡിജിലോക്കര്‍ വരുമ്പോള്‍

Published

|

Last Updated

പ്രളയം എന്തൊക്കെ കേരളത്തെ പഠിപ്പിച്ചുവെന്നതിനുള്ള ഉത്തരങ്ങളിലൊന്നാണ് ഡിജിലോക്കര്‍ ഔദ്യോഗികമായി അംഗീകരിച്ചുള്ള നടപടി. അല്ലെങ്കില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2015 ജൂലൈ ഒന്നിന് ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഡിജിലോക്കറിന് അംഗീകാരം കൊടുക്കാന്‍ കേരളം ഇത്രയും താമസിക്കേണ്ടിയിരുന്നില്ല. രാജ്യവ്യാപകമായി നടപ്പാക്കുന്ന നിയമം കേരളത്തിനു മുന്നേ ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ നടപ്പാക്കിയിരുന്നു. ഡിജിറ്റല്‍ സംസ്ഥാനമെന്ന് അഹങ്കരിക്കുന്ന കേരളം ഡിജിലോക്കര്‍ അംഗീകരിക്കാന്‍ ഇത്രയും വൈകാന്‍ വേറെയൊരു കാരണവും കാണുന്നില്ല. പ്രളയത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ട് പുതിയതിനായി പരക്കംപായുന്നത്. പ്രളയത്തില്‍ നഷ്ടപ്പെട്ടുപോയ രേഖകള്‍ വീണ്ടും നല്‍കാനായി സംസ്ഥാനം മുഴുവന്‍ അദാലത്തുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇവിടങ്ങളില്‍ ഡിജിലോക്കര്‍ അക്കൗണ്ട് തുടങ്ങുന്നതിനും രേഖകളുടെ പകര്‍പ്പുകള്‍ ഇതിലേക്ക് മാറ്റാനും സൗകര്യം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.

അത്യാവശ്യം സാങ്കേതിക ജ്ഞാനമുള്ളവനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാര്യമല്ല. ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ്‌ബോക്‌സ് തുടങ്ങിയവ ഉപയോഗിച്ച് ആര്‍ക്കും വിലപ്പെട്ട രേഖകള്‍ സൂക്ഷിക്കാന്‍ കഴിയും. പക്ഷേ, അതിനൊന്നും ഔദ്യോഗിക അംഗീകാരമില്ലെന്നതാണ് പ്രശ്‌നം. ഇവിടെ ഡിജിലോക്കറിലെത്തുമ്പോള്‍ രേഖകളും പേറി നടക്കേണ്ട അവസ്ഥയാണ് മാറിക്കിട്ടുക. ഇത്തരം ഡിജിറ്റല്‍ പകര്‍പ്പുകള്‍ രേഖകള്‍ ബോധിപ്പിക്കേണ്ടയിടങ്ങളില്‍ ഉപയോഗപ്പെടുത്താമെന്നത് തന്നെയാണ് ഇതിന്റെ പ്രയോജനവും ഗുണവും. മൊബൈല്‍ വഴി തങ്ങളുടെ രേഖകളുടെ ഡിജിറ്റലൈസ് കോപ്പി ആവശ്യമുള്ള ആര്‍ക്കും അയച്ചുകൊടുക്കാന്‍ കഴിയും. ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്ത് രേഖകള്‍ ആവശ്യമുള്ളയാളുടെ ഇ-മെയില്‍ ഐഡിയിലേക്ക് ലിങ്ക് അയച്ചുകൊടുക്കാനും ആവശ്യമായി വരികയാണെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാനും സാധിക്കും.

2015 ജൂലൈയില്‍ ഡിജിലോക്കറിന് ഔദ്യോഗിക തുടക്കമാകുമ്പോള്‍ 10 എം ബി സ്‌പൈസായിരുന്നു അനുവദിച്ചിരുന്നതെങ്കില്‍ ഇപ്പോളത് ഒരു ജിബിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ ഒന്നര കോടിയോളം ആളുകള്‍ ഡിജിലോക്കര്‍ ഉപയോഗിക്കുന്നുണ്ട്. നിരവധിതലത്തില്‍ ഉപയോഗിക്കാമെങ്കിലും വാഹനയാത്രക്കാര്‍ക്ക് തന്നെയാണ് ഇതുകൊണ്ട് ഏറ്റവും പ്രയോജനം എന്നതില്‍ സംശയമില്ല. പലപ്പോഴും വാഹനത്തിന്റെ പേപ്പറുകളില്ലാതെ പോലീസ് പിടിക്കപ്പെടുമ്പോള്‍ ഡിജിലോക്കര്‍ വലിയ ഉപകാരമാകുമെന്നതില്‍ തര്‍ക്കമില്ല.

ദുരുപയോഗം എന്ന പേടി
എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത ഇത്തരം രേഖകളുടെ ചോര്‍ച്ചയാണ്. ഡിജിലോക്കറില്‍ എല്ലാവിധ രേഖകളും അപ്‌ലോഡ് ചെയ്യുമ്പോള്‍ ഏതെങ്കിലും വിധത്തില്‍ അത് നഷ്ടപ്പെടാന്‍ ഇടവരുന്നതും ദുരുപയോഗം ചെയ്യുന്നതും തടയേണ്ടതുണ്ട്. കാരണം നാം വളരെയധികം സുരക്ഷയുണ്ടെന്ന് പറഞ്ഞ് അവതരിപ്പിച്ച ആധാര്‍ ഡാറ്റ പോലും പല നിലക്കും ചോര്‍ത്തപ്പെടുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നാം ഡിജിലോക്കറുമായി രംഗത്തുവരുന്നത്. ഇത്തരം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള എല്ലാവിധ സുരക്ഷാസംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്. വ്യക്തിവിവരങ്ങള്‍ മാത്രമല്ല, പ്രധാനപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ആധാരങ്ങളുമൊക്കെ ഇങ്ങനെ സൂക്ഷിക്കെപ്പടുന്നത് കൊണ്ടുതന്നെ ഇത്തരം സംവിധാനങ്ങളുടെ സുരക്ഷ വളരെ പ്രധാനമാണ്.

ഡിജിലോക്കര്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ പ്രിന്റഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം തന്നെ ഇ-സൈന്‍ ചെയ്ത ഇലക്‌ട്രോണിക് പതിപ്പും ഇനി ലഭ്യമാക്കും. വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി ഇത്തരം ഇ-സൈന്‍ഡ് സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിക്കാവുന്നതാണ്. ഇനി മുതല്‍ വിമാനത്താവളങ്ങളിലും രേഖകളുടെ ഒറിജിനല്‍ കോപ്പിക്കു പകരം ഡിജിലോക്കറിലെ രേഖകള്‍ക്ക് വ്യോമയാന മന്ത്രാലയം അംഗീകാരം നല്‍കിക്കഴിഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും ആധാര്‍ വിവരങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്ക് നല്‍കുന്നതില്‍ സുപ്രീം കോടതി നടത്തിയ വിധിപരാമര്‍ശങ്ങള്‍ എങ്ങനെ ഇതിനെ ബാധിക്കുമെന്നറിയില്ല. നിലവില്‍ പാസ്‌പോര്‍ട്ട്, പ്രോവിഡന്റ് ഫണ്ട്, ഡിജിലോക്കര്‍ എന്നിവക്കാവശ്യമായ വിവരശേഖരണം നടത്തുന്നത് ആധാര്‍ ഡാറ്റാ ബേസില്‍ നിന്നാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ ആയതുകൊണ്ട് ഇതിനൊന്നും വിലക്കുണ്ടാവില്ലെന്ന് കരുതാം. എന്നാല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ നടത്തുന്നത് സ്വകാര്യ സംരംഭകരാണ്. സ്വകാര്യ ഏജന്‍സികള്‍ക്ക് ഇത്തരം വിവരങ്ങള്‍ കൈമാറരുതെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നുമുണ്ട്. ഏതായാലും ഡിജിലോക്കറിനെ വിധി ബാധിക്കില്ലെന്ന് കരുതാം.

എന്തായാലും ഡിജിലോക്കര്‍ ഭാവിയില്‍ വലിയ വിപ്ലവത്തിന് തന്നെ കാരണമായേക്കുമെന്നതില്‍ സംശയമില്ല. കാരണം വിവിധ ആവശ്യങ്ങള്‍ക്കായി രേഖകളും അവയുടെ പകര്‍പ്പുമായി ഓഫീസുകള്‍ കയറിയിറങ്ങിയുള്ള ഏര്‍പ്പാടുകള്‍ക്കാണ് ഇതുവഴി അവസാനം കുറിക്കപ്പെടുന്നത്. രേഖകളുണ്ടായാലും പോര; അവയുടെ സാക്ഷ്യെപ്പടുത്തിയ പകര്‍പ്പും ആവശ്യമാണ്. ഓരോ ആവശ്യത്തിനായി പകര്‍പ്പെടുക്കാനും സാക്ഷ്യപ്പെടുത്താനുമുള്ള പരക്കംപാച്ചിലുകള്‍ക്ക് അറുതിവരുത്തുകയാണ് ഡിജിലോക്കറിലൂടെ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.

ഉപയോഗവും സേവനവും
സര്‍ക്കാര്‍ സേവനങ്ങള്‍ക്കാവശ്യമായ ഒറ്റ സുരക്ഷിത കേന്ദ്രത്തില്‍ ലഭ്യമാക്കുന്നുവെന്നതാണ് ഡിജിലോക്കറിന്റെ പ്രത്യേകത. https://digilocker.gov.in എന്ന സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒ ടി പി ഉപയോഗിച്ച് യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉണ്ടാക്കാം. തുടര്‍ന്ന് ആധാര്‍ നമ്പര്‍ നല്‍കി വെരിഫിക്കേഷന്‍ നടത്തുന്നതോടെ നമ്മുടെ പേര്, വിലാസം തുടങ്ങിയവ നമ്മുടെ പ്രൊഫൈലിലേക്കെത്തും. സര്‍ക്കാര്‍ സേവനത്തിനു വേണ്ട തിരിച്ചറിയല്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഡിജിറ്റല്‍ കോപ്പികള്‍ ഡിജിലോക്കറില്‍നിന്നും ബന്ധപ്പെട്ട ഓഫിസിലേക്ക് ഇ-മെയില്‍ വഴി ഷെയര്‍ ചെയ്യാവുന്നതാണ്. ഇതിനുപുറമേ ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വാഹനങ്ങളുടെ ആര്‍ സി, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, ആധാരങ്ങള്‍ തുടങ്ങി സൂക്ഷിച്ചുവെക്കേണ്ട ഏതുരേഖയും ഡിജിലോക്കറിലേക്ക് അപ്‌ലോഡ് ചെയ്യാം. ഏതെങ്കിലും രേഖ നഷ്ടപ്പെട്ടാലും ഡിജിലോക്കറിലേതു ഭദ്രമായി ഉണ്ടാകും. ക്ലൗഡ്‌സെര്‍വര്‍ സാങ്കേതിക വിദ്യയിലാണ് ഈ രേഖകളെല്ലാം സൂക്ഷിക്കുന്നത്. ഡിജി ലോക്കര്‍ വഴി ലഭ്യമാക്കുന്ന രേഖകള്‍ക്ക് ഐ ടി നിയമമനുസരിച്ച് നിയമപരിരക്ഷയുമുണ്ട്. 256 ബിറ്റ് എന്‍ക്രിപ്ഷന്‍ കോഡ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഇത്തരം രേഖകളുടെ സുരക്ഷിതത്വത്തില്‍ ആശങ്ക വേണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇങ്ങനെ സൂക്ഷിക്കെപ്പടുന്ന രേഖകള്‍ രണ്ട് വിധത്തിലാണുള്ളത്. ഇഷ്യൂഡ് ഡോക്യുമെന്റ്‌സും അപ്‌ലോഡഡ് ഡോക്യുമെന്റ്‌സും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കുന്നതിനെ ഇഷ്യൂഡ് ഡോക്യുമെന്റ്‌സ് എന്നറിയപ്പെടുന്നു. ഉദാഹരണത്തിന് ഡ്രൈവിംഗ് ലൈസന്‍സിന്റെ നമ്പര്‍ നല്‍കുകവഴി ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കാം. സ്‌കാന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ഇ-സൈന്‍ ലഭ്യമാക്കിയാല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇത്തരം രേഖകളെ അപ്‌ലോഡഡ് ഡോക്യുമെന്റ്‌സ് എന്നും വിളിക്കുന്നു. യഥാര്‍ഥ സര്‍ട്ടിഫിക്കറ്റിനു പകരം ഇഷ്യൂഡ് ഡോക്യുമെന്റ്‌സും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ക്കുപകരം ഇ-സൈന്‍ ചെയ്ത അപ്‌ലോഡഡ് ഡോക്യുമെന്റ്‌സും ഉപയോഗിക്കാം.