യൂത്ത് ഒളിംപിക്‌സ്: ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

Posted on: October 10, 2018 9:02 pm | Last updated: October 11, 2018 at 9:23 am

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഷൂട്ടിംഗില്‍ സൗരഭ് ചൗധരിയാണ് സ്വര്‍ണം നേടിയത്. പത്ത് മീറ്റര്‍ എയര്‍പിസ്റ്റല്‍ വിഭാഗത്തിലാണ് സൗരഭ് നേട്ടം കൊയ്തത്. നേരത്തെ, ഏഷ്യന്‍ ഗെയിംസിലും ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പിലും പതിനാറുകാരനായ സൗരഭ് സ്വര്‍ണം നേടിയിരുന്നു.

യൂത്ത് ഒളിംപിക്‌സ് ഷൂട്ടിംഗ് വിഭാഗത്തില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. ഇന്നലെ മനു ഭക്കറാണ് സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചത്. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് പതിനാറുകാരിയായ മനു ഭക്കറും സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. റഷ്യയുടെ ലാന എനിന (235.9) വെള്ളിയും നിനോ ഖുത്സിബെറിസെ വെങ്കലവും നേടി.
2017 ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു മനു. 2018 ഐ എസ് എസ് എഫ് ലോകകപ്പില്‍ രണ്ട് സ്വര്‍ണം നേടിയത് കരിയറിലെ പൊന്‍തൂവലായി.

ഭാരോദ്വഹനത്തില് പുരുഷന്മാരുടെ 62 കിലോഗ്രാം വിഭാഗത്തില്‍ ജെര്‍മി ലാല്‍രിംനുഗായും സ്വര്‍ണം നേടിയിരുന്നു. ആകെ 274 കിലോഗ്രാം ഭാരമാണ് ഇന്ത്യന്‍താരം ഉയര്‍ത്തിയത്. തുര്‍ക്കിയുടെ ടോപ്റ്റാസ് കാനര്‍ വെളളിയും കൊളംബിയയുടെ എസ്റ്റിവന്‍ ജോസ് വെങ്കലവും നേടി. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 150 കിലോഗ്രാം ഭാരവും, സ്‌നാച്ചില്‍ 124 കിലോഗ്രാം ഭാരവും പതിനഞ്ചുകാരന്‍ ഉയര്‍ത്തി.