Kozhikode
സിറാജ് കാര്‍ട്ടൂണിസ്റ്റ് അനീസിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം തുടങ്ങി

കോഴിക്കോട്: സമകാലിക സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍ വരകളിലൂടെ സാധാരണക്കാര്‍ക്ക് അനുഭവവേദ്യമാക്കിയ കെ ടി അബ്ദുല്‍ അനീസിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ ആരംഭിച്ചു. സ്‌ട്രോംഗ് സ്‌ട്രോക്‌സ് എന്ന പേരിലുള്ള പ്രദര്‍ശനത്തില്‍ 2006 മുതല്‍ വരച്ചിട്ടുള്ളവയില്‍ നിന്ന് തിരഞ്ഞെടുത്ത 30 കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിനുള്ളത്.
സിറാജ് ദിനപത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ്/സബ് എഡിറ്ററായി ജോലി ചെയ്യുന്ന അനീസിന് 2017-ലെ കേരള ലളിതകലാ അക്കാദമിയുടെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരം, 2017-ലെ രാമദാസ് വൈദ്യര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2018-ല്‍ ലളിതകലാ അക്കാദമി ഗ്രാന്റും ലഭിച്ചു.
കഥാകൃത്ത് വി ആര്‍ സുധീഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, സിറാജ് എഡിറ്റര്‍ ഇന്‍ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് പ്രേംനാഥ്, ജില്ലാ സെക്രട്ടറി പി വിപുല്‍നാഥ്, കെ സെബാസ്റ്റ്യന്‍ സംബന്ധിച്ചു. മുസ്തഫ പി എറയ്ക്കല്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ അനീസ് മറുപടി പ്രസംഗം നടത്തി. പ്രദര്‍ശനം 16-ന് സമാപിക്കും.