അജ്മാനില്‍ 28 ഭക്ഷ്യ വിപണന സ്ഥാപനങ്ങള്‍ അടപ്പിച്ചു

Posted on: October 10, 2018 5:52 pm | Last updated: October 10, 2018 at 5:52 pm

അജ്മാന്‍: ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ ഗുരുതരമായി ലംഘിച്ച 28 ഭക്ഷ്യവിപണന സ്ഥാപനങ്ങള്‍ നഗരസഭാ അധികൃതര്‍ അടപ്പിച്ചു. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ, എമിറേറ്റിലെ വിവിധ ഭാഗങ്ങളിലായി ഇത്രയും സ്ഥാപനങ്ങള്‍ അടപ്പിച്ചത്. ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തി മുന്നറിയിപ്പ് നല്‍കുകയും നിയമവിധേയമാക്കാന്‍ മതിയായ അവസരം നല്‍കുകയും ചെയ്തിട്ടും അതൊന്നും മുഖവിലക്കെടുക്കാതിരുന്ന സ്ഥാപനങ്ങള്‍ക്കാണ് അധികൃതര്‍ താഴിട്ടത്.

നഗരസഭക്കു കീഴിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍, ഭക്ഷ്യനിര്‍മാണ, വിപണന രംഗത്തെ 576 സ്ഥാപനങ്ങള്‍ക്ക് ഇക്കാലയളവില്‍ പിഴ ചുമത്തിയതായി നഗരസഭയിലെ ആരോഗ്യ വിഭാഗം എക്‌സി. ഡയറക്ടര്‍ എന്‍ജി. ഖാലിദ് മുഈന്‍ അല്‍ ഹുസ്‌നി അറിയിച്ചു. ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. പ്രവര്‍ത്തനം നിയമവിധേയമാക്കാന്‍ മതിയായ സമയവും ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കുകയുണ്ടായി.

ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍ പിടിക്കപ്പെട്ട 1,931 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കുകയുണ്ടായി. വിവിധ ഭക്ഷ്യനിര്‍മാണ, വിപണന സ്ഥാപനങ്ങളിലെ 4,219 ജീവനക്കാര്‍ക്ക് നഗരസഭക്കു കീഴില്‍ പരിശീലനവും നല്‍കി. ‘അജ്മാന്‍ പബ്ലിക് ഹെല്‍ത്’ പദ്ധതിയുടെ ഭാഗമായിരുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയെന്ന് അല്‍ ഹുസ്‌നി കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള സലൂണുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നഗരസഭയുടെ കീഴില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ പരിശീലനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിലുള്ള ഒരു തരത്തിലുള്ള നിയമലംഘനങ്ങളും പൊറുപ്പിക്കില്ലെന്നും അത്തരം ലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥിര പരിശോധനക്ക് പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരും ഭക്ഷണ സാധനങ്ങളുടെ പഴക്കവും ഗുണനിലവാരവും കണ്ടുപിടിക്കാനുള്ള ശാസ്ത്ര-സാങ്കേതിക ഉപകരണങ്ങളും നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന് കീഴിലുണ്ടെന്നും അല്‍ ഹുസ്‌നി കൂട്ടിച്ചേര്‍ത്തു.