ക്രൈംബ്രാഞ്ച് പുന:സംഘടിപ്പിക്കും; എസ്പിമാര്‍ക്ക് ചുമതല

Posted on: October 10, 2018 3:38 pm | Last updated: October 10, 2018 at 8:00 pm

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിനെ റവന്യു ജില്ലാ അടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കുവാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. കുറ്റക്യത്യങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യു ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്‍ക്ക് ചുമതല നല്‍കി വിഭജിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സിഐഡി എന്ന വിഭാഗം ക്രൈംബ്രാഞ്ച് എന്നാണ് അറിയപ്പെടുക. പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലം എസ്പിക്ക് പത്തനംതിട്ട ജില്ലയുടെ ചുമതലകൂടിയുണ്ടാകും. കോഴിക്കോട് എസ്പി വയനാടിന്റേയും കണ്ണൂര്‍ എസ്പി കാസര്‌കോടിന്റേയുംകൂടി ചുമതല വഹിക്കും.

കുറ്റം ഏത് തരത്തിലുള്ളതായാലും ഇനിമുതല്‍ അതത് ജില്ലകളിലെ എസ്പിമാര്‍ക്കായിരിക്കും ചുമതല. കേരള സഹകരണ ബേങ്ക് രൂപീകരണത്തിന്റെ ഭാഗമായി റിസര്‍വ് ബേങ്ക് നിര്‍ദേശപ്രകാരം ജില്ലാ സഹകരണ ബേങ്കുകളെ ലയിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സഹകരണ ബേങ്കിനേയും പതിനാല് ജില്ലാ സഹകരണ ബേങ്കുകളേയും ലയിപ്പിച്ച് ഹ്രസ്വകാല വായ്പ സഹകരണ സംഘങ്ങളെ ത്രിതലത്തില്‍നിന്നും ദ്വിതലത്തിലേക്ക് മാറ്റാനാണ് തീരുമാനം.