Connect with us

Editorial

ശബരിമല: കുളം കലക്കി മീന്‍പിടിത്തം

Published

|

Last Updated

സമൂഹത്തില്‍ ഒരു പ്രശ്‌നം ഉടലെടുത്താല്‍ അത് രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയെടുക്കേണ്ടവരാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പകരം അതെത്രത്തോളം വഷളാക്കി മുതലെടുപ്പ് നടത്താനാകുമെന്നാണ് ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ചിന്തിക്കുന്നത്. ഇതിന്റെ ജീവസ്സുറ്റ ഉദാഹരണമാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതി വിധിയെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി. ഇതിന്റെ പേരില്‍ അനാവശ്യമായ വിവാദങ്ങള്‍ കുത്തിപ്പൊക്കിയും പ്രക്ഷോഭം സംഘടിപ്പിച്ചും സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്തും പുറത്തും ചിലര്‍ നടത്തി വരുന്നത്. ശബരിമല വിധിക്കെതിരെ സമരം ചെയ്യുന്ന അയ്യപ്പഭക്തര്‍ കേരള ഹൗസിന് മുമ്പില്‍ ഞായറാഴ്ച മന്ത്രി ജയരാജന്റെ കാറ് തടഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയുണ്ടായി. കന്യാകുമാരി ജില്ലയിലെ തക്കല പത്മനാഭപുരം കൊട്ടാരത്തില്‍ നവരാത്രി വിഗ്രഹാഘോഷയാത്രയുടെ ഉടവാള്‍ കൈമാറ്റച്ചടങ്ങിന് എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെയും പ്രതിഷേധമുണ്ടായി.

കോടതി വിധിയോടും അത് നടപ്പാക്കാനുളള സര്‍ക്കാര്‍ തീരുമാനത്തോടുമുള്ള പ്രതേഷേധത്തിന്റെ ഭാഗമായി നിലക്കലില്‍ പര്‍ണശാല കെട്ടി താമസം തുടങ്ങിയിരിക്കുകയാണ് ശബരിമല ആചാര സംരക്ഷണ സമിതി. തന്ത്രി കുടുംബം ചെങ്ങന്നൂരില്‍ നിന്ന് നിലക്കലേക്ക് പ്രതിഷേധ യാത്ര നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഈ സമരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കണമെന്നാണ് രാജകുടുംബം ആവശ്യപ്പെടുന്നത്. നട തുറക്കുന്ന ദിവസം ശബരിമലയില്‍ യുവതികളെത്തിയാല്‍ തടയുമെന്നാണ് രാഹുല്‍ ഈശ്വറിന്റെയും കൂട്ടരുടെയും പ്രഖ്യാപനം. അതിനിടെ അവസരം മുതലെടുത്ത് സംസ്ഥാനത്ത് തീവ്രഹിന്ദുത്വം വളര്‍ത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇവിടെ തീരെ വേരോട്ടമില്ലാത്ത അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് വിഷയത്തില്‍ ഇടപെട്ടതിന്റെ പിന്നില്‍ ഇത്തരമൊരു ദുഷ്ടലാക്കാണുള്ളത്. പന്തളം കൊട്ടാരത്തില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് അഞ്ച് ലക്ഷം പേരുടെ മാര്‍ച്ച് നടത്തുമെന്നാണ് ഇവരുടെ പ്രഖ്യാപനം. ബി ജെ പി സംസ്ഥാന നേതൃത്വവുും സെക്രട്ടറിയേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധിക്കെതിരെ ഭക്തരില്‍ നിന്ന് ഉയരുന്ന വികാരം സംസ്ഥാന സര്‍ക്കാറിനെതിരായ വികാരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ബി ജെ പിയും. ശബരിമലയിലെ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തര വാദിത്വം സംസ്ഥാന സര്‍ക്കാറിനാണെന്നും കോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി സമര്‍പ്പിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല പറയുന്നത്. ബി ജെ പി നേതാവ് അഡ്വ. ശ്രീധരന്‍പിള്ളക്കും ഇതേ സ്വരമാണ്. കോടതി ഉത്തരവ് അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു വിധി വന്ന ഉടനെ ചെന്നിത്തലയുടെ പ്രതികരണമെന്നോര്‍ക്കേണ്ടതുണ്ട്. ആര്‍ എസ് എസും ബി ജെ പി കേന്ദ്ര ഘടകവും കോടതി വിധിയെ അനുകൂലിക്കുന്നവരുമാണ്. എന്നിട്ടും ചെന്നിത്തലയും ശ്രീധരന്‍ പിള്ളയും സംസ്ഥാന സര്‍ക്കാറിനെതിരെ തിരിഞ്ഞതിന്റെ താത്പര്യം അയ്യപ്പ ഭക്തരോടുള്ള അനുഭാവമല്ലെന്ന് വ്യക്തം. കോടതി വിധി വന്നുകഴിഞ്ഞ സാഹചര്യത്തില്‍ സ്ത്രീ പ്രവേശനം തടയണമെങ്കില്‍ പുനഃപരിശോധനാ ഹരജി നല്‍കി വിധി തിരുത്തിക്കുകയോ, കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയോ ആണ് പോംവഴി. എന്നാല്‍, ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയെ പുരോഗമനപരമായ ആശയമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരിക്കെ നിയമ നിര്‍മാണത്തിന് കേന്ദ്രം സന്നദ്ധമായേക്കില്ല.

അതിനിടെ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ ഒത്തു തീര്‍പ്പ് ശ്രമവും പാളിയിരിക്കുകയാണ്. ക്ഷേത്രത്തില്‍ യുവതികളുടെ പ്രവേശന കാര്യത്തില്‍ പന്തളം കൊട്ടാരവുമായും തന്ത്രികുടുംബങ്ങളുമായും സമന്വയമുണ്ടാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. ഇതിനായി നടത്താനിരുന്ന യോഗത്തില്‍ നിന്ന് പന്തളം കൊട്ടാരം അധികൃതരും തന്ത്രി കുടുംബവും പിന്മാറുകയായിരുന്നു. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ശേഷം കൊട്ടാരത്തിന്റെ അഭിപ്രായം ആരായുന്നതില്‍ പ്രസക്തിയില്ലെന്നും സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കിയ ശേഷം മതി ചര്‍ച്ചയെന്നുമാണ് പന്തളം കൊട്ടാരം നിര്‍വാഹക സിമിതി പറയുന്നത്. കോടതി വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയ സാഹചര്യത്തില്‍ വിധി തിരുത്തിക്കാനുള്ള ഹരജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് പ്രയാസമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വിഷയം ഇത്രത്തോളം പ്രക്ഷുബ്ധമാക്കിയതില്‍ സര്‍ക്കാറിനും പങ്കുണ്ടെന്ന് പറയാതെ വയ്യ. കോടതി വിധിയെ സ്വാഗതം ചെയ്യാന്‍ ചില ഇടതു നേതാക്കള്‍ കാണിച്ച അത്യാവേശവും സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാണിച്ച തിടുക്കവും തെറ്റിദ്ധാരണക്ക് ഇടയാക്കിയിട്ടുണ്ട്. വിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞതാണ് ശബരിമലയില്‍ യുവതികള്‍ക്കുള്ള വിലക്ക്. ഇടതുപക്ഷം ഇതിനോട് യോജിക്കുന്നില്ലെങ്കില്‍ തന്നെയും വിധി നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പേ അത് സൃഷ്ടിച്ചേക്കാവുന്ന വികാരങ്ങളും രാഷ്ട്രീയ പ്രത്യാഘാതങ്ങളും വിലയിരുത്താനുള്ള വിവേകവും രാഷ്ട്രീയ നയതന്ത്രജ്ഞതയും കാണിക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ച മൂലമാണ് വനിതാ പോലീസിനെ വിന്യസിക്കുന്ന കാര്യത്തിലുള്‍പ്പെടെ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം മാറ്റേണ്ടിവന്നത്. ക്ഷേത്രസന്ദര്‍ശനത്തിനെത്തുന്ന യുവതികളുടെ സംരക്ഷണത്തിനായി തുലാമാസ പൂജകള്‍ക്കായി നട തുറക്കുന്നതിന് മുമ്പേ സന്നിധാനത്ത് വനിതാ പോലീസിനെ വിന്യസിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പ്രതിഷേധം കനത്ത സാഹചര്യത്തില്‍, സന്നിധാനത്ത് വനിതാ പോലീസ് സാന്നിധ്യം ഇല്ലെന്നാണ് ഇന്നലെ പോലീസ് നേതൃത്വം വെളിപ്പെടുത്തിയത്. വിശ്വാസികളോട് ഏറ്റുമുട്ടാനില്ലെന്ന പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയും നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്.