കുമ്പസാരം

Posted on: October 8, 2018 9:26 pm | Last updated: October 8, 2018 at 9:26 pm

ചെയ്തുകൂട്ടിയവയൊക്കെ
ഒന്നേറ്റ് പറഞ്ഞ്
കുമ്പസരിക്കണമെന്നുണ്ടായിരുന്നു
തള്ളവിരലിന്..
ആരോടു പറയും?
അപഥങ്ങളിലേക്ക്
വിരല്‍ ചൂണ്ടി
യാത്രികനെ
കുഴപ്പത്തിലാക്കുന്നവനാണ്
ചൂണ്ടുവിരല്‍
മധ്യസ്ഥനെന്ന്
മേനിനടിച്ച്
ഇരുപുറങ്ങളിലേക്കും
അപവാദങ്ങള്‍
കോരിയൊഴിക്കുന്നവന്‍
നടുവിരല്‍..
സ്വര്‍ണമണിഞ്ഞ
അഹങ്കാരത്തില്‍
അന്ധനായവന്‍
മോതിരവിരല്‍..
അതികായന്മാരുടെ
കുതികാല്‍വെട്ടിനിടയില്‍
ചതഞ്ഞ്
ഇഞ്ചപ്പരുവമായവന്‍
ചെറുവിരല്‍…
ഒടുവില്‍
ഏകലവ്യനെ
മനസ്സാധ്യാനിച്ച്
തന്നോടുതന്നെ
കുമ്പസരിക്കാന്‍
മനസ്സിലുറച്ചൂ
തള്ളവിരല്‍.