Connect with us

Vazhivilakk

പറിച്ചെറിയണം, വിള നശിപ്പിക്കും കളകള്‍

Published

|

Last Updated

മര്‍കസിന്റെ ഏതു വര്‍ഷത്തെ സമ്മേളനത്തിലെ ഏതു സെഷനാണെന്ന് എത്രയോര്‍ത്തിട്ടും തെളിയുന്നില്ല. പക്ഷേ ഒരു കാര്യം പാറപോലുറപ്പ്, സംസാരിക്കുന്നത് വഫ സാറാണ്. വിദ്യാഭ്യാസ സെമിനാറാവാനാണ് സാധ്യത. ഇളകിമറിഞ്ഞുള്ള പ്രസംഗത്തിനിടെ കിടുക്കാച്ചി ആശയമാണ് അങ്ങോര്‍ പറയുന്നതെന്നതിനാല്‍ വര്‍ധിത ശ്രദ്ധയോടെ ഞാന്‍ തരിച്ചുകേട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ രണ്ട് കാര്യങ്ങളാണ് അദ്ദേഹം അമര്‍ത്തിപ്പറയുന്നത്. ഒന്ന്, നല്ല കഴിവുള്ള കാന്‍ഡിഡേറ്റുകളെ മാത്രം നിയമിക്കുക. രണ്ട്- അതാണ് എനിക്കേറ്റം പറ്റിയത്- കൊള്ളരുതാത്തവരെ ഗെറ്റൗട്ട് അടിച്ച് പുറത്താക്കുക!

“എന്താ ശരിയല്ലേ” എന്ന് ചോദിച്ച് വിഷയത്തിലേക്ക് കടക്കുന്നതിന്റെ മുമ്പായി ഞാനൊരു സംഭവം പറയാം. മുന്നേമുക്കാലോ നാലേകാലോ വര്‍ഷം മുമ്പായിരിക്കണം. ഒരു റസിഡന്‍ഷ്യല്‍ സ്ഥാപനത്തിലേക്ക് എന്നെ ക്ലാസിന് വിളിക്കുന്നു. സംഘടനാ ബന്ധം വെച്ച് ഇത്തരമൊരു അപരസ്ഥാപനത്തിലേക്ക് ക്ഷണിക്കപ്പെട്ടത് തന്നെ അതിശയമാണ്. ഒരുറ്റ സുഹൃത്ത് വഴിയാണ് എനിക്കാ വിളി വരുന്നത്. അവിടുത്തെ കുട്ടികളെല്ലാം അന്താരാഷ്ട്ര ഉറക്കം തൂങ്ങികളായി മാറിയിരിക്കുന്നു. ഉള്ളുകത്തുന്ന ഒരു ക്ലാസ് കൊടുത്ത് എല്ലാറ്റിനെയും കുലുക്കിയുണര്‍ത്തണം- അതാണാവശ്യം. ഞാന്‍ മഹാന്മാരുടെ ക്വട്ടേഷന്‍, ചരിത്ര സംഭവങ്ങള്‍, വിജയിച്ചവരുടെ ശീലങ്ങള്‍, അതാതിടത്ത് അടിക്കേണ്ട അവസരോചിത വിറ്റുകള്‍ എന്നിവ ശാസ്ത്രീയമായി അടുക്കി നോട്ടാക്കി ക്ലാസിന് പോയി.

ഹാളില്‍ കയറിയതും എനിക്ക് ആകപ്പാടെയൊരു ലക്ഷണക്കേട് ചുവച്ചു. ആവേശം കെട്ട ചത്തമോന്തകള്‍. അതിഥികള്‍ കയറിവരുമ്പോള്‍ എണീറ്റുനില്‍ക്കാന്‍ പോലും ആനമടി. ആമുഖ ഭാഗത്തടിക്കേണ്ട ഹൈടെക് വിറ്റുകള്‍ ഒന്നല്ല രണ്ടെണ്ണമടിച്ചുനോക്കി. എന്നിട്ടും സദസ്സില്‍ ഒരുമാതിരി മോര്‍ച്ചറീയത ചവര്‍ത്തുകിടന്നു. എന്തു ചെയ്യും പടച്ചോനേ, ഇനിയുള്ള രണ്ട് വിറ്റുകള്‍ക്കാണെങ്കില്‍ ഇത്രയും ആരോഗ്യം പോരാ; സുഡാന്‍, സോമാലിയ ടൈപ്പാണ്. എനിക്ക് ചിറിവെളുത്തു. മീശ വിയര്‍ത്തു. കണ്ണിരുട്ടി. ചെറുതായി തൂറാന്‍മുട്ടുമ്പോലെ തോന്നുകയും ചെയ്തു (ധര്‍മപുരാണത്തോട് കടപ്പാട്). ഞാന്‍ കുടിവെള്ളമാവശ്യപ്പെട്ടു. കണ്ണട അഴിച്ച് വെറുതെ തുടച്ച് തിരിച്ചുവെച്ചു. ഉടുമുണ്ട് അഴിച്ച് അല്‍പ്പം പൊക്കിയുടുത്തു. എന്തായിട്ടും ഒരു ലെവല് കിട്ടുന്നേയില്ല.
ഉടന്‍ എനിക്കൊരൈഡിയ മിന്നി.
“ഇനി നമുക്ക് ഇന്ററാക്ഷന്‍ സെഷന്‍ ആക്കാം അല്ലേ.?” എന്നായി ഞാന്‍. അന്നേരം കുട്ടികള്‍ പുറത്തേക്ക് നോക്കുകയും പുറത്ത് തോണ്ടുകയും ഇളിക്കുകയും ചെയ്തു.
“പിന്നെ ഒരു കാര്യം, നിങ്ങളുടെ വിലപ്പെട്ട സമയം ഇവിടെ ഇരുന്ന് കളയേണ്ട” എന്നു പറഞ്ഞ് വേദിയില്‍ ഉപവിഷ്ഠരായ മുഴുവന്‍ സ്ഥാപന മേധാവികളെയും അധ്യാപകരെയും സൗമ്യമായി ഞാന്‍ ആട്ടിപ്പായിച്ചു. ശേഷം വളരെ ദയനീയ ശബ്ദത്തില്‍ ഞാനാ മക്കളോട് പല കാര്യങ്ങളും തിരിച്ചും മറിച്ചും ചോദിച്ചു- കേട്ട വാറില്ല!! ബ്ലേക് ബോര്‍ഡിന്റെ കാലൂരി സകലതിന്റെയും മുതുകടിച്ചു പൊട്ടിച്ചാലോ എന്ന് ചിന്തിച്ച് പോകുന്ന സന്ദര്‍ഭം.
“നിങ്ങള്‍ ഗ്രൂപ്പായി ഇരിക്ക്; അഞ്ച് പേര്‍ വീതം. എന്നിട്ട് ഒരു പേപ്പറില്‍ ഈ സ്ഥാപനത്തെപ്പറ്റിയുള്ള സകല കുറ്റങ്ങളും കുറവുകളും ഒന്നെഴുതിയാട്ടെ”.
ഇവിടുത്തെ ആഹാരം/ ക്ലാസ്/ നിയമങ്ങള്‍ എന്നിത്യാദികളെ പറ്റി നിങ്ങള്‍ക്ക് പറയാനുള്ളതെല്ലാം തുറന്നെഴുതാം, നോ പ്രോബ്ലം.”
പിന്നെ പറയണോ മോളേ, കഥ?!
നിറച്ച് മീനുകളുള്ള കുളത്തിലേക്ക് കഫം തുപ്പിയ പ്രതീതി.
“പിന്നെ ഒരു കാര്യം, എന്തും എഴുതാം, പേരു വെക്കണ്ട”- ഞാന്‍ മൂപ്പുകൂട്ടി. ഇതുംകൂടി ആയപ്പോള്‍ കത്തുന്ന ഉണക്കക്കാട്ടിലേക്ക് മണ്ണെണ്ണമഴ പെയ്ത പോലെയായി അവരുടെ ആവേശത്തിന്റെ ആളല്‍.

ഞാന്‍ ഹാളിലൂടെ മൊത്തം ചുറ്റിനടന്ന് ഗ്രൂപ്പോചിതമായ സ്‌കഫോള്‍ഡിംഗ് (മൂപ്പിക്കല്‍) മുറപ്രകാരം നടത്തി. ഒരു മുക്കാമണിക്കൂര്‍ കൂടി ഒപ്പിച്ചെടുത്തു. ശേഷം ഓരോ ഗ്രൂപ്പ് ലീഡറെ കൊണ്ടും അയ്യഞ്ച് മിനുട്ട് വീതം ഷോട്ടവതരിപ്പിച്ചു. അങ്ങനെ മൊത്തത്തില്‍ ഒന്നൊന്നര മണിക്കൂര്‍ ഒത്തുപോയി. ഇനി എന്റെ കണ്‍സോളിഡേഷനാണ് നടക്കേണ്ടത്. ഖോജരാജാവായ റബ്ബുല്‍ ആലമീനേ… നിങ്ങളെങ്ങാനും ഈ കുട്ടികള്‍ എഴുതിയ കാര്യങ്ങള്‍ വായിച്ചിരുന്നെങ്കില്‍ സംഘമായി കയറിച്ചെന്ന് അതിലെ നടത്തിപ്പ് കുളീണ്ട്രര്‍മാരെ തച്ചുചപ്പാത്തിയാക്കി, സ്ഥാപനം താഴിട്ടുപൂട്ടി താക്കോല്‍ തോട്ടിലെറിയും.

അവിടെച്ചെന്നപ്പോഴേ എനിക്കൊരു ലവലുകമ്മി മണത്തിരുന്നു. ഞാനവിടെയെത്തിയതും അവരെന്നെ ഓഫീസില്‍ സ്വീകരിച്ചിരുത്തി. നന്നായി ഫര്‍ണിഷ് ചെയ്ത എക്‌സിക്യൂട്ടീവ് റൂം. കൃത്രിമത്തണുപ്പിന്റെ പറ്റും പുകയും പാറിവരുന്നു. കുടിക്കാന്‍ മുഴുമുഴുത്ത ബട്ടര്‍ ജ്യൂസ്. കൂട്ടിക്കൊറിക്കാന്‍ ചിപ്‌സ്, തോടുപിസ്ത, റോസ്റ്റ് കാഷ്യൂ, എലൈറ്റിന്റെ ചെത്തുകേക്ക്, പിന്നെ പൂവന്‍ പഴവും. ഈ പരിപാടി കഴിഞ്ഞുവരുമ്പോഴേക്ക് മൊത്തം ആറുതരം ജാഡകള്‍ കളിക്കണം എന്നാണ് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത് (എങ്ങനെ നന്നായി ജാഡ കളിക്കാം എന്നതിനെ കുറിച്ച് “എക്‌സ്‌ക്ലൂസീവായി” ഒരെഴുത്ത് മനസ്സില്‍ ഭ്രൂണപ്പെട്ട് വരുന്നുണ്ട്, ശേഷമെപ്പോഴെങ്കിലുമാകാം). സ്ഥാപനധികൃതര്‍ എന്നെ തീറ്റിക്കാനും കുടിപ്പിക്കാനും തകൃതി കളിക്കുകയാണ്. “അതെടുക്ക്”, “ഇത് കുടിക്ക്” എന്നിങ്ങനെ.
“എനിക്കൊരു ഗ്ലാസ് കട്ടന്‍ മതി, വിതൗട്ട്”.
സ്തബ്ധത!
ഞാന്‍ ചിപ്‌സിന്റെ ഒറ്റയൊരു വൃത്തം കൈയിലെടുത്ത് രണ്ടായി പൊട്ടിച്ച്, ചേര്‍ത്തുവെച്ച് നാലായി നുറുക്കി അതിലൊരു കഷ്ണം കൊറിച്ചു. എനിക്കും എന്റെ മോന്‍ അദ്ദൂസിനും അണ്ടിപ്പരിപ്പെന്ന് വെച്ചാല്‍ ജീവാണ്. ഇവരൊക്കെ ഇപ്പോള്‍ എണീറ്റുപോകുകയാണെങ്കില്‍ ആ കാഷ്യൂ അത്രയും എന്റെ ബേഗിന്റെ പുറംപോക്കറ്റില്‍ കുത്തിനിറക്കാനുള്ള ആസക്തിയുണ്ടായിട്ടും ഞാന്‍ വളരെ ഔപചാരികതയോടെ രണ്ടോ മൂന്നോ മാത്രം അരച്ചുവിഴുങ്ങി. എനിക്ക് കട്ടനേ കണ്ടുകൂടാ. പക്ഷേ, ജാഡയുടെ വീര്യം കൂട്ടാന്‍ വേണ്ടി വിത്തൗട്ട് ശര്‍ത്വ് കൂടി വെച്ചുപോയി. ആടലോടകക്കഷായം പോലെ കയ്ച്ചുചവര്‍ത്ത അത് ഞാന്‍ കുടിച്ച് സഹിച്ചു.

മുമ്പത്തേതിനെയപേക്ഷിച്ച് സ്ഥാപനം ഒരുപാട് വികസിതമായിട്ടുണ്ട് എന്ന ആശയം കൂടിയിരുന്ന പലരും പലവിധേനയായി സൂചിപ്പിച്ച് കൊണ്ടിരുന്നു.
“മുമ്പ് ഇവിടെ വന്നിരുന്നോ?
ഇല്ലെന്ന് തോന്നുന്നു..”
മര്‍കസില്‍ പഠിക്കുന്ന സമയത്ത് സി ഉസ്താദിന്റെ കൂടെ ക്വാളിസിന്റെ പച്ചക്കാറില്‍ ഈ വഴിക്ക് പോകുമ്പോള്‍ ആരോ കാണിച്ചുതന്നതുപോലൊരു തോന്നല്‍. പക്ഷേ, ഇതുതന്നെയാണോ എന്നുറപ്പുകിട്ടുന്നില്ല. സ്വന്തം ഫോണ്‍ നമ്പര്‍ പോലും ഓര്‍മവെക്കാത്ത കാലമായി പോയില്ലേ?
ആദ്യം അവരെന്നെ കൂട്ടിക്കൊണ്ടുപോയത് കാന്റീനിലേക്കാണ്. അവിടുത്തെ മാര്‍ബിള്‍ തറയും ഗ്രാനൈറ്റ് പടികളും തിളങ്ങും സ്റ്റീലിന്റെ ഇരിപ്പിടങ്ങളും ഒക്കെ കാണിച്ചുതന്നു.
പിടുത്തംവിട്ട പുസ്തകപ്രേമി എന്ന നാട്യത്തില്‍ ഞാന്‍ ചോദിച്ചു:
“ഇവിടുത്തെ ലൈബ്രറി എവിടെയാണ്?”
“അതൊക്കെ കുട്ടികള്‍ നടത്തലാണ്”.
ചെന്നുനോക്കുമ്പോള്‍, എന്താ പറയാ, തക്കാളിക്ക് ചക്കയുടെ വലുപ്പമാണെങ്കില്‍ അതുകൊണ്ടു വരുന്ന ഒരു തക്കാളിപ്പെട്ടിയുണ്ടാവില്ലേ- അതുതന്നെ! “മൂവായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്ന് മുസ്‌ലിം പേരുകള്‍” മുതല്‍ “ഉലൂമുന്നികാഹ് അഥവാ സംയോഗസുഖം” വരെയുള്ള സകലമാന ചന്തയങ്ങാടി സാഹിത്യങ്ങളാല്‍ സമൃദ്ധം.

ശരിക്ക് പറഞ്ഞാല്‍ കെണിയില്‍പെട്ട എലികളെ പോലെ കഴിയുകയാണ് ആ കുട്ടികള്‍ അവിടെ. മൊത്തം സ്ഥാപനത്തോടും അധ്യാപകരോടും മാനേജ്‌മെന്റിനോടും ഒക്കെ തീര്‍ത്താല്‍ തീരാത്ത പകയുമായി ഉള്ളുപുകഞ്ഞ് നാള് കഴിക്കുന്നു. വിദ്യാഭ്യാസത്തിന്റെ സമകാലിക ഗതിയോ ഭാവിയിലേക്കുള്ള ദിശയോ അശേഷം പിടിപാടില്ലാത്ത കുറേ ആളുകളുണ്ട്. പഴയകാല പട്ടാളമുറ നടപ്പാക്കി കുട്ടികളെ മാനസികമായി മരവിപ്പിച്ച,് മസ്തിഷ്‌കപരമായി തുരുമ്പിപ്പിച്ച് ഭാവിതലമുറയെ ദുര്‍ബലരാക്കുന്ന ഏതാനും ഏമാന്‍മാര്‍. അടിസ്ഥാനപരമായി നടക്കേണ്ട ക്ലാസുകള്‍ കൃത്യമായി നടത്തുന്നില്ല. മോട്ടിവേഷന്‍ എന്ന സാധനം തൊട്ടുതീണ്ടിയിട്ടില്ല. കാഴ്ചപ്പാടിന്റെ കാറ്റേറ്റിട്ട് പോലുമില്ല. കുറേകുട്ടികള്‍ അങ്ങനെയൊരു ജഡജീവിതം നയിക്കുന്നു. ഊന്നല്‍ കൊടുക്കേണ്ട കാര്യങ്ങളില്‍ ഉഡായിപ്പും ബാഹ്യാലങ്കാരങ്ങളില്‍ മേനിനടിപ്പും. നല്ല മാര്‍ബിളിട്ട കാന്റീനിലിരുത്തി തീറ്റിച്ചാല്‍ മക്കള്‍ മുമ്പന്മാരാകും എന്നാണ് ധാരണ, പ്ഫൂൂൂ!!!

കൂട്ടത്തിലൊരു മാഷ് ലേശം കന്നംതിരിവുള്ളതുണ്ടായിരുന്നു. എന്നില്‍ വിമ്മിഷ്ടം സന്നിവേശിച്ചത് അയാള്‍ തിരിച്ചറിഞ്ഞു. അയാള്‍ എന്നോട് ചിരിച്ചവനായ നിലയില്‍ ഇടങ്കണ്ണിട്ടു. വണ്ടി കയറ്റാന്‍ കൂടെ വന്നപ്പോഴല്ലേ ഓവു പൊട്ടിയൊഴുകിയത്. നോക്കുമ്പോള്‍ കുട്ടികള്‍ക്ക് മാത്രമല്ല, ജോലി ചെയ്ത് ശമ്പളം പറ്റുന്നവരില്‍ പാതിപേര്‍ക്ക് പോലും സ്ഥാപനത്തിന്റെ നീക്കുപോക്കുകളോട് തീരാപ്പകയാണ്. ഒരു കാഴ്ചപ്പാടുമില്ലാതെ വെറുതെ ഒരുകൂട്ടം പ്രതിഭകളുടെ ഭാവി കുളംതോണ്ടുകയാണ് ഈ പഹയന്മാര്‍ എന്നാണയാള്‍ പ്രസ്താവിച്ചത്. ഇപ്പോള്‍ എന്റെയീ ക്ലാസ് സംഘടിപ്പിച്ചത് തന്നെ അവര്‍ക്കിഷ്ടമുണ്ടായിട്ടല്ല പോലും, മറിച്ച് ടിയാന്റെ ഒറ്റ നിര്‍ബന്ധമാണുപോലും. “ഇപ്പളത്തെ ക്ലാസ് കൊണ്ടൊന്നും ഒരു കാര്യവുമില്ല” എന്ന കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണത്രെ. മൂന്നാളാണ് കൂട്ടത്തില്‍ ഏറ്റവും കെട്ടവര്‍. അവര്‍ പോയിക്കിട്ടിയാല്‍ സ്ഥാപനം കുണ്ടുപൊളിച്ച് വളമിട്ട തെങ്ങ് പോലെ തിടംവെക്കുമത്രേ. കാരണം ബാക്കിയുള്ളവരെല്ലാം, ഇതെല്ലാം എക്‌സലന്റായി നടത്തണം എന്ന നല്ല മനസ്സുള്ളവരും ആയതിന് എന്ത് ത്യാഗം സഹിക്കാന്‍ സന്നദ്ധരുമാണത്രെ.

ഇവിടെയാണ് വഫാ സാറിന്റെ പ്രസംഗം പ്രസക്തമായി എനിക്ക് തോന്നുന്നത്. അതൊരു പൊതുതത്വമാണ്. അതുകൊണ്ടാണ് കാര്‍ഷികപ്രക്രിയയില്‍ വളവും വെള്ളവും ചേര്‍ത്താല്‍ മാത്രം പോരാ, കളകള്‍ പറിച്ചെറിയണമെന്നും ചാഴികളെ ചാമ്പലാക്കണമെന്നും പറയുന്നത്. രോഗബാധയുള്ള വിരലറ്റം വെട്ടിമാറ്റുന്നതിന് പിന്നിലെ തത്വവും മറ്റൊന്നല്ല. അല്ലാഹുവിന്റെ നടപടി കണ്ടില്ലേ? അഹങ്കാരത്തിന്റെ വൈറസ് ബാധയേറ്റ ഇബ്‌ലീസിനെ ഒരൊറ്റ ആട്ടല്ലേ- ഉഖ്‌റുജ്, പോടാ പുറത്ത്!!! ആയതിനാല്‍ സ്ഥാപനങ്ങള്‍ കുളമാക്കുന്ന സര്‍വലോക മൂരാച്ചികളേ- ഒന്നുകില്‍ മാറ്റുവിന്‍ ചട്ടങ്ങളെ, ഇല്ലെങ്കില്‍ ഗെറ്റൗട്ട്, പ്ലീസ്!
.