പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി: ബ്രഹ്മോസ് മിസൈല്‍ യൂനിറ്റിലെ ജീവനക്കാരന്‍ അറസ്റ്റില്‍

Posted on: October 8, 2018 7:21 pm | Last updated: October 9, 2018 at 10:10 am

ന്യൂഡല്‍ഹി: നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂനിറ്റിലെ ഡി.ആര്‍.ഡി.ഒ ഉദ്യോഗസ്ഥന്‍ ചാരവൃത്തിക്കേസില്‍ അറസ്റ്റില്‍. നിഷാന്ത് അഗര്‍വാള്‍ എന്നയാളാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് തീവ്രവാദവിരുദ്ധ സ്‌ക്വാഡും മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ ഏജന്റാണെന്നാണ് സംശയിക്കപ്പെടുന്നത്.

റഷ്യയും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ അതീവ രഹസ്യസ്വഭാവമുള്ള പല വിവരങ്ങളും അഗര്‍വാളിന് ലഭ്യമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടും. ഇയാള്‍ക്കെതിരെ 1923ലെ ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.