Connect with us

Gulf

ദുബൈയില്‍ ഗവണ്‍മെന്റ് സേവനങ്ങള്‍ ഒരാഴ്ചയോളം ഓണ്‍ലൈന്‍ വഴി മാത്രം

Published

|

Last Updated

ദുബൈ: ഈ മാസം 21 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ദുബൈയിലെ ഗവണ്‍മെന്റ് സര്‍വീസ് സെന്ററുകള്‍ തുറന്നില്ലെങ്കില്‍ പരിഭ്രാന്തരാവരുത്. ഈ ദിവസങ്ങളില്‍ ഗവണ്‍മെന്റ് ഓഫീസുകളിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും. ദുബൈ മീഡിയ ഓഫീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഗവണ്‍മെന്റ് ആപുകളുടെയും ഇ സര്‍വീസുകളുടെയും പ്രചാരണത്തിനും ഉപയോഗം കൂട്ടാനുമാണിത്. ദുബൈ ധനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഇനീഷ്യേറ്റീവില്‍ നാല്‍പത് പൊതുസ്ഥാപനങ്ങളാണ് പങ്കുചേരുന്നതെന്ന് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ഒക്‌ടോബര്‍ 26 “സേവന കേന്ദ്രങ്ങളില്ലാത്ത ഒരുദിനം” എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി മാത്രം സേവനങ്ങള്‍ നല്‍കിയിരുന്നു. 33 പൊതുകേന്ദ്രങ്ങളിലൂടെയുള്ള 950 ഗവണ്‍മെന്റ് സേവനങ്ങള്‍ അന്ന് ഓണ്‍ലൈന്‍ വഴിയാണ് നല്‍കിയത്. അതോടൊപ്പം നിരവധി സ്വകാര്യ സ്ഥാപനങ്ങളും തങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രമാക്കിയിരുന്നു.

2021 ആകുമ്പോഴേക്കും ലോകത്തെ മികച്ച സ്മാര്‍ട് നഗരമായി ദുബൈയെ മാറ്റിയെടുക്കാനുള്ള ഭരണകൂടത്തിന്റെ ലക്ഷ്യമാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. 2021ഓടെ ദുബൈ ഗവണ്‍മെന്റ് സേവനങ്ങള്‍ പേപ്പര്‍ രഹിതമാക്കുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപനമുണ്ടായിരുന്നു.