കിസ്‌വ നിര്‍മാണം തുടങ്ങി

Posted on: October 8, 2018 4:27 pm | Last updated: October 8, 2018 at 4:27 pm

മക്ക: ഈ വര്‍ഷം വിശുദ്ധ കഅ്ബയെ ധരിപ്പിക്കുന്നതിനുള്ള കിസ്‌വ (പുടവ) നിര്‍മാണത്തിന് തുടക്കം കുറിച്ചു. എല്ലാ വര്‍ഷവും അറഫാ ദിനത്തിലാണ് കഅ്ബയുടെ പുടവമാറ്റം നടക്കാറുള്ളത്. 16 കഷണങ്ങളില്‍ 47 മീറ്ററാണ് പുടവയുടെ വലിപ്പം. മുന്തിയ തരം പട്ട് ഉപയോഗിച്ചു പൂര്‍ണമായും കറുത്ത നിറത്തില്‍ തീര്‍ത്ത പുടവക്കു 22 ദശലക്ഷത്തിലേറെ റിയാലാണ് ചെലവ്.

പുടവയുടെ ഏറ്റവും മുകളിലായി വിശുദ്ധ ഖുര്‍ആന്റെ ചില സൂക്തങ്ങളും അല്ലാഹുവിന്റെ ചില നാമങ്ങളും ആലേഖനം ചെയ്യും. താഴെ നിന്നും ആറര മീറ്റര്‍ ഉയരത്തിലും ഖുര്‍ആന്‍ സൂക്തങ്ങളുണ്ടാവും. വെള്ളിയിലും സ്വര്‍ണത്തിലും തീര്‍ത്ത നൂലു കൊണ്ടാണ് ഇസ്ലാമിക് കാലിഗ്രാഫിയില്‍ സൂക്തങ്ങളും അല്ലാഹുവിന്റെ നാമങ്ങളും ആലേഖനം ചെയ്യുക. 700് കിലോ പട്ടും 120 കിലോ വരുന്ന സ്വര്‍ണവും വെള്ളിയുമാണ് പുടവ നിര്‍മാണത്തില്‍ ഉപയോഗിക്കുക. വിവിധ ഘട്ടങ്ങളിലായി പ്രത്യേക പരിശീലനം നേടിയ 240 ല്‍ പരം വരുന്ന സ്വദേശികളാണ് കിസ്‌വ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

തീപ്പിടിത്തത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ് ഇവയെന്ന് കിസ്‌വ ഫാക്ടറി മേധാവി ഡോ.മുഹമ്മദ് അബ്ദുല്ല ബാജൂദ അറിയിച്ചു. 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ കിസ്‌വ നിരീക്ഷിച്ചു കൊണ്ടിരിക്കും. പൊടിപടലങ്ങളും മറ്റു അപ്പപ്പോള്‍ തുടച്ചു മാറ്റും. കൂടാതെ കിസ്‌വയുടെ സംരക്ഷണത്തിനും അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി മസ്ജിദുല്‍ ഹറാമില്‍ പ്രത്യേക ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.