ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം : കേസ് സിബിഐക്ക് അവസാനിപ്പിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി

Posted on: October 8, 2018 1:37 pm | Last updated: October 8, 2018 at 5:09 pm

ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാനം സംബന്ധിച്ച കേസില്‍ സിബിഐക്ക് അന്വേഷണം അവസാനിപ്പിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. 2016 ഒക്ടോബര്‍ 16ന് കാണാതായ നജീബിനെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സിബിഐക്ക് കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് നജീബിന്റെ മാതാവിന് വിചാരണ കോടതിയില്‍ പരാതി നല്‍കാമെന്നും ജസ്റ്റിസ് എസ് മുരളീധര്‍, ജസ്റ്റിസ് വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.

നജീബിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ നേരത്തെ സിബിഐ ഹൈക്കോടതിയോട് അനുമതി തേടിയിരുന്നു. എന്നാല്‍ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെന്നും അന്വേഷണ സംഘത്തെ മാറ്റണമെന്നുമുള്ള് നജീബിന്റെ മാതാവ് ഫാത്തിമ നഫീസിന്റെ ഹരജി കോടതി തള്ളിയിരുന്നു. ക്യാമ്പസില്‍ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ ശേഷമാണ് നജീബിനെ കാണാതായത്.