ശബരിമല സത്രീപ്രവേശന വിധിയില്‍ പുന:പരിശോധന ഹരജി നല്‍കാന്‍ സര്‍ക്കാറിനാകില്ല: മുഖ്യമന്ത്രി

Posted on: October 8, 2018 12:33 pm | Last updated: October 8, 2018 at 4:43 pm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഏത് വിധിയും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തില്‍ നിലവിലെ വിധിക്കെതിരെ പുന:പരിശോധന ഹരജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിക്കെതിരെ പുന:പരിശോധന ഹരജി നല്‍കാനൊരുങ്ങുന്നവരെ തടയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിധി എന്തായാലും നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. അതിന് വിരുദ്ധമായ ഒരു നിലപാട് ഇപ്പോള്‍ സ്വീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ഒരുമ തകര്‍ക്കാന്‍ ഇപ്പോള്‍ ശ്രമം നടക്കുന്നുണ്ട്. . പ്രളയകാലത്തു കണ്ട മതേതര ഐക്യമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. മന്നത്ത് പത്മനാഭന്റെ നവോത്ഥാന ഇടപെടല്‍ ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. സമുദായത്തിനുള്ളിലെ അനാചാരങ്ങള്‍ക്ക് എതിരെയും മന്നത്ത് പത്മനാഭന്‍ പോരാടി. സാമൂഹിക പരിഷ്‌കരണങ്ങളിലൂടെയാണു കേരളം മുന്നേറിയതെന്നും തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ആചാരങ്ങളില്‍ ഇടപെടേണ്ടെന്ന ധാരണ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നു. അതുമാറി ഇടപെടണമെന്ന തീരുമാനം ദേശീയ പ്രസ്ഥാനങ്ങളെടുത്തു. അതിന്റെ ഫലമാണു വൈക്കം സത്യാഗ്രഹം ഉള്‍പ്പെടെയുള്ളവ. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. കോടതിവിധിയെയും കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തേയും കൂട്ടിവായിക്കരുത്.ശബരിമല വിധിക്കു കാരണം എല്‍ഡിഎഫ് സര്‍ക്കാരല്ല. കേരളത്തിന്റെ ചരിത്രം കൂടി വിലയിരുത്തിവേണം വിധിയെ കാണാന്‍. സര്‍ക്കാര്‍ നിലപാടല്ല സുപ്രീംകോടതി വിധിയിലേക്ക് എത്തിച്ചത്. മാസപൂജകള്‍ക്കു പ്രായ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വരാറുണ്ടായിരുന്നു. ഹൈക്കോടതിയിലെ കേസില്‍ ഈ വാദം ഉയര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിധിയില്‍ ബിജെപി സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.