വെള്ളമുണ്ടയില്‍ വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവം; ആള്മാറിയുള്ള കൂട്ടക്കൊലപാതകമെന്ന് പോലീസ്

Posted on: October 8, 2018 12:16 pm | Last updated: October 8, 2018 at 1:21 pm

കല്‍പ്പറ്റ: വയനാട് വെള്ളമുണ്ട കൊച്ചാറയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തം ആസൂത്രിതം. സംഭവത്തില്‍ പ്രതിയായ മാനന്തവാടി സ്വദേശിയും സ്വര്‍ണപണിക്കാരനുമായ സന്തോഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

അടുത്ത സുഹ്യത്തായ സജിത്തിനെ കൊലപ്പെടുത്താനായി സന്തോഷ് മദ്യത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു. സജിത്തിന് തന്റെ ഭാര്യയുമായും സഹോദരിയുമായും വഴിവിട്ട ബന്ധമുണ്ടെന്ന സംശയമാണ് ഇതിന് കാരണം. സന്തോഷില്‍നിന്നും സജിത്ത് ഇടക്കിടെ മദ്യം വാങ്ങാറുണ്ട്. എന്നാല്‍ സന്തോഷ് വിഷം ചേര്‍ത്ത് നല്‍കിയ മദ്യം മറ്റൊരാള്‍ക്ക് ഉപഹാരമായി നല്‍കിയതാണ് മൂന്ന് പേര്‍ മരിക്കാനിടയാക്കിയത്. മകളുടെ പേടിമാറാനായി പൂജ നടത്തിയതിന് ഉപഹാരമായാണ് തികിനായി എന്നയാള്‍ക്ക് സജിത്ത് ഈ മദ്യം നല്‍കിയത്. ഇത് കഴിച്ച തികിനായിയും മകന്‍ പ്രമോദും ബന്ധുവായ പ്രസാദും മരിക്കുകയായിരുന്നു.