മധ്യപ്രദേശില്‍ മഹാസഖ്യം പരാജയപ്പെട്ടത് മായാവതിയുടെ കടുംപിടുത്തത്താല്‍: കമല്‍ നാഥ്

Posted on: October 8, 2018 11:10 am | Last updated: October 8, 2018 at 12:48 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടത് സീറ്റുകള്‍ പങ്ക് വെക്കുന്നത് സംബന്ധിച്ച് ബിഎസ്പി നേതാവ് മായാവതിയുടെ കടുംപിടുത്തത്താലാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ്. കോണ്‍ഗ്രസ്-ബിഎസ്പി സഖ്യം രൂപീകരിച്ച് ബിജെപിയെ നേരിടാമെന്നാണ് തങ്ങള്‍ കരുതിയതെന്നും ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ നാഥ് പറഞ്ഞു.

സംസ്ഥാനത്ത് 22 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ശേഷവും സഖ്യസാധ്യത കോണ്‍ഗ്രസ് ആരാഞ്ഞിരുന്നു. ബിഎസ്പിക്ക് 15 സീറ്റുകള്‍ നല്‍കാന്‍ തയ്യാറായിരുന്നുവെങ്കിലും മായാവതി ആവശ്യപ്പെട്ടത് അമ്പത് സീറ്റുകളാണ്. ബിഎസ്പി വിജയിക്കില്ലെന്ന് ഉറപ്പുള്ള സീറ്റുകള്‍ അവര്‍ക്ക് നല്‍കുന്നത് ബിജെപിയെ സഹായിക്കലാകുമെന്നും കമല്‍ നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ ബിഎസ്പിക്ക് 6.3 ശതമാനം വോട്ടുകള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.