സ്ഥാപനങ്ങളില്‍ പരിശോധനക്ക് സമയക്രമം ഏര്‍പ്പെടുത്തും: സഊദി തൊഴില്‍ മന്ത്രി

Posted on: October 7, 2018 7:44 pm | Last updated: October 7, 2018 at 7:44 pm

ദമ്മാം: സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിന് സമയക്രമം ഏര്‍പ്പെടുത്തുമന്ന് സഊദി തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍രാജിഹി അറിയിച്ചു. പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ 257 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.
ഇക്കഴിഞ്ഞ സെപ്തംബര്‍ 11 മുതല്‍ ഈ സ്ഥാപനങ്ങളില്‍ എഴുപത് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് വ്യവസ്ഥ. ഉത്തരവ് നടപ്പാക്കിയെന്ന് ഉറപ്പ്് വരുത്താനാണ് പരിശോധന നടന്നത്.

257 നിയമ ലംഘനങ്ങളില്‍ 217 നിയമ ലംഘനങ്ങള്‍ സ്വദേശിവത്കരണം നടപ്പാക്കാത്തതാണ്. സഊദിയിലാകമാനം 2920 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയതെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ വ്യക്തമാക്കി.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വാഹന വില്‍പ്പന കേന്ദ്രങ്ങള്‍, ഓഫീസ് ഉപകരണങ്ങള്‍, പാത്രങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് സെപ്തംബര്‍ 11 മുതല്‍ എഴുപത് ശതമാനം സ്വദേശിവത്കരണം പ്രാബല്ല്യത്തില്‍ വന്നത്.
ഈ വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നത് തുടരുന്നതായി വക്താവ് പറഞ്ഞു. സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സ്വദേശികള്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ വായ്പ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.