റാലിക്കിടെ വാതക ബലൂണിന് തീപ്പിടിച്ചു; രാഹുല്‍ ഗാന്ധി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു- VIDEO

Posted on: October 7, 2018 7:36 pm | Last updated: October 8, 2018 at 10:48 am

ഭോപ്പാല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിക്കിടെ വാതക ബലൂണിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. അപകടത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി തലനാരിഴയ്ക്ക്
രക്ഷപ്പെട്ടു. മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജബല്‍പൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് സംഭവം. തുറന്ന വാഹനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ജോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് നീങ്ങുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്.

രാഹുലിന്റെ വാഹനവ്യൂഹം കടന്നുവരുന്നതിനിടെ പ്രവര്‍ത്തകര്‍ രാഹുലിനെ ആരതി ഉഴിയാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെ പ്രവര്‍ത്തകരുടെ കൈയിലുണ്ടായിരുന്ന വാതകം നിറച്ച ബലൂണിന് തീപ്പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ വന്‍ശബ്ദത്തോടെ ബലൂണ്‍ പൊട്ടിത്തെറിക്കുകയും തീ നാളങ്ങള്‍ ഉയരുകയും ചെയ്തു. സമീപത്തുള്ളവര്‍ ഓടി രക്ഷപ്പെട്ടു. സംഭവം നടന്ന സ്ഥലത്ത് നിന്ന് ഏതാനും മീറ്ററുകള്‍ അകലെ മാത്രമായിരുന്നു രാഹുല്‍ അപ്പോള്‍.

അതേസമയം, രാഹുലിന്റെ സുരക്ഷയില്‍ വീഴ്ച വന്നിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് അമിത് സിംഗ് പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് നിന്ന് സുരക്ഷിത അകലത്തിലാണ് രാഹുല്‍ നിന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.