Connect with us

Kerala

ശബരിമല മറയാക്കി കേരളത്തില്‍ ചുവടുറപ്പിക്കാന്‍ തീവ്രഹിന്ദു സംഘടനകള്‍

Published

|

Last Updated

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ തീവ്ര ഹിന്ദുത്വ വാദമുയര്‍ത്തുന്ന സംഘടനകള്‍ സജീവമായി രംഗത്തിറങ്ങുന്നു. മുമ്പൊരിക്കലുമില്ലാത്ത വിധത്തില്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി വിശ്വാസികള്‍ക്കിടയില്‍ ഇത്തരം സംഘടനകള്‍ ഇതിനകം തന്നെ വേരുറപ്പിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
സംഘ്പരിവാര്‍ സംഘടനകളില്‍ നിന്ന് വ്യത്യസ്ത അഭിപ്രായം വച്ചുപുലര്‍ത്തുന്നവയുള്‍പ്പടെയുള്ള സംഘടനകള്‍ ഇക്കൂട്ടത്തിലുണ്ട്. വിശ്വഹിന്ദു പരിഷത്തില്‍ നിന്ന് കലഹിച്ച് പുറത്തിറങ്ങിയ പ്രവീണ്‍ തൊഗാഡിയ വി എച്ച് പി ക്ക് ബദലായി രൂപം കൊടുത്ത എ എച്ച് പി യാണ് പുതിയ സാഹചര്യത്തില്‍ കേരളത്തില്‍ കാലുറപ്പിക്കാനുള്ള ശ്രമം നടത്തുന്ന സംഘടനകളിലൊന്ന്.

സ്ത്രീ പ്രവേശത്തിന് ബി ജെ പിയുള്‍പ്പടെയുള്ള പരിവാര്‍ സംഘടനകള്‍ തുടക്കത്തില്‍ അനുകൂലനയം സ്വീകരിച്ചപ്പോള്‍ എതിര്‍ ശബ്ദങ്ങളുടെയൊപ്പം ചേര്‍ന്ന് നിന്നാണ് എ എച്ച് പിയെന്ന ഹിന്ദുസംഘടന ആളുകള്‍ക്കിടയിലേക്കെത്തുന്നത്. സമരത്തിന്റെ തുടക്കത്തില്‍ ദേശീയപാത ഉപരോധമടക്കമുള്ളവ സംഘടിപ്പിച്ച് വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്ന് ഹിന്ദു സംരക്ഷണത്തിന് തങ്ങള്‍ മാത്രമാണുള്ളതെന്ന സന്ദേശം പ്രചരിപ്പിച്ചാണ് ഇവര്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത്. സ്ത്രീ പ്രവേശത്തെ അനുകൂലിച്ച ബി ജെ പി-ആര്‍ എസ് എസ് സംഘടനകള്‍ക്കുള്ളിലുള്ള അസംതൃപ്തരെ അടക്കം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ തുടക്കത്തില്‍ നടത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
സമരത്തിന്റെ പ്രത്യക്ഷ നേതൃത്വം ഏറ്റെടുത്ത് ഇതിനകം എ എച്ച് പി രംഗത്തെത്തുകയും ചെയ്തു. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പന്തളം രാജകൊട്ടാരത്തില്‍ നിന്ന് സെക്രട്ടേറിയറ്റ് പടിക്കലേക്ക് “ശബരിമല രക്ഷായാത്ര” നടത്തുമെന്ന് എ എച്ച് പി നേതൃത്വം കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം വിശ്വാസികളെ പങ്കെടുപ്പിച്ച് യാത്ര നടത്തുമെന്നാണ് ഇവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇന്ന് താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും നാമജപ ഘോഷയാത്രയും സംഘടിപ്പിക്കുന്നതിനുള്ള തീരുമാനവുമെടുത്തിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് നിയമനിര്‍മാണം നടത്താനുള്ള നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട ഇവര്‍ ബി ജെ പിയെ പരസ്യമായി വിമര്‍ശിക്കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് ഓര്‍ഡിനന്‍സും നിയമ നിര്‍മാണവും നടത്തുന്നതിലും യാതൊരു നിയമതടസ്സവുമില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് നിയമനിര്‍മാണം നടത്താന്‍ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ഇവര്‍ പറയുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹൈന്ദവ വിശ്വാസികള്‍ക്ക് എതിരായിട്ടാണ് നിലകൊള്ളുന്നതെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. അഞ്ഞൂറിലേറെ ജില്ലകളില്‍ എ എച്ച് പി യൂനിറ്റുകള്‍ക്ക് രൂപംകൊടുത്ത് കഴിഞ്ഞതായി വ്യക്തമാക്കുന്ന സംഘടന രാഷ്ട്രീയ ബജ്‌രംഗ്ദള്‍, രാഷ്ട്രീയ കിസാന്‍ പരിഷത്ത്, രാഷ്ട്രീയ ഛാത്ര പരിഷത്ത്, വനിതകള്‍ക്കായി ഓജസ്വിനി തുടങ്ങിയ പോഷക സംഘടനകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. സി പി എമ്മിലും കോണ്‍ഗ്രസ്സിലുമുള്‍പ്പെടെയുള്ള വിശ്വാസികള്‍ ശബരിമലയുമായി ബന്ധപ്പെട്ട പരിപാടികളാണെന്നതിനാല്‍ ഇത്തരം സംഘടനകള്‍ നേതൃത്വം നല്‍കുന്ന ചടങ്ങുകളില്‍ സഹകരിച്ചേക്കും. ഇവര്‍ക്കിടയിലെല്ലാം ഇത്തരം തീവ്ര നിലപാടുകളുള്ള ഹിന്ദുസംഘടനകളുടെ സ്വാധീനം ഉണ്ടാക്കാനാകുമെന്ന് ഇത്തരം സംഘടനകള്‍ കരുതുന്നുണ്ട്.

അതേസമയം, വരും ദിവസങ്ങളില്‍ തീവ്ര ഹിന്ദു സ്വഭാവമുള്ള കൂടുതല്‍ സംഘടനകളും പ്രക്ഷോഭവുമായി തെരുവിലേക്കിറങ്ങുമെന്നും രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏതാനും സംഘടനാ നേതാക്കളെയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ച് വരുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി