തിരുവനന്തപുരം: കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജലവിതാനം ക്രമീകരിക്കാന്‍ തുറന്ന ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും അടച്ചു. 70 സെന്റീമീറ്റര്‍ ഉയര്‍ത്തി പെരിയാറ്റിലേക്ക് വെള്ളമൊഴുക്കിയിരുന്ന മൂന്നാമത്തെ ഷട്ടറാണ് ഉച്ചക്ക് മൂന്ന് മണിയോടെ അടച്ചത്.
ഇടുക്കി ജില്ലയില്‍ പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ച സാഹചര്യത്തിലാണ് വൈദ്യുതി ബോര്‍ഡ് ഷട്ടര്‍ അടക്കാന്‍ തീരുമാനിച്ചത്. വൃഷ്ടിപ്രദേശത്ത് കുറഞ്ഞ മഴയാണ് ലഭിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2387.08 അടിയാണ്. ശനിയാഴ്ച രാവിലെ ഷട്ടര്‍ തുറക്കുമ്പോള്‍ 2987.50 അടിയായിരുന്നു ജലനിരപ്പ്. 50000 ലിറ്റര്‍ വെള്ളമാണു പുറത്തേക്കൊഴുക്കിയത്.
ചുഴലിക്കാറ്റ് സാധ്യതയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.