അത്മഹത്യയില്‍നിന്നും പിന്തിരിപ്പിച്ചയാളുടെ കുട്ടിയെ യുവതി തട്ടിക്കൊണ്ടുപോയി

Posted on: October 7, 2018 10:10 am | Last updated: October 7, 2018 at 11:46 am

മുംബൈ: ആത്മഹത്യയില്‍നിന്നും രക്ഷിച്ച് വീട്ടില്‍ അഭയം നല്‍കിയയാളുടെ രണ്ട് വയസുകാരി മകളെ യുവതി തട്ടിക്കൊണ്ടുപോയി. മഹാരാഷ്ടയിലെ മുംബ്രയിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയ യവത്മാല്‍ സ്വദേശിനി അഞ്ജലി(25)യെ പോലീസ് പിന്നീട് പിടികൂടി. കഴിഞ്ഞ മാസം 29ന് മുംബൈയിലെ കല്യാണ്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ച് ട്രെയിനിന് മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിച്ച അഞ്ജലിയെ തട്ടിക്കൊണ്ടുപോയ കുട്ടിയുടെ പിതാവ് തടഞ്ഞിരുന്നു. വീട്ടില്‍നിന്നും പുറത്താക്കിയ തനിക്ക് പോകാനിടമില്ലെന്ന പറഞ്ഞ അഞ്ജലിയെ കുട്ടിയുടെ പിതാവ് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് അഭയം നല്‍കി.

ഇക്കഴിഞ്ഞ നാലിന് പലഹാരം വാങ്ങാനെന്ന് പറഞ്ഞ് കുട്ടിയുമായി അഞ്ജലി പുറത്തുപോയി. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരേയും കാണാത്തത്തിനെത്തുടര്‍ന്ന് വിവരം പോലീസിലറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കല്യാണ്‍-പനവേല്‍ സ്റ്റേഷനുകള്‍ക്ക് മധ്യേ ട്രെയിനില്‍നിന്നും ഇരുവരേയും കണ്ടെത്തി. കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ച പോലീസ് അഞ്ജലിക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു.