അനുമതിയില്ലാതെ പോസ്റ്റര്‍ പതിച്ചാല്‍ 4,000 ദിര്‍ഹം വരെ പിഴ

Posted on: October 6, 2018 4:51 pm | Last updated: October 6, 2018 at 4:51 pm

ഷാര്‍ജ: നഗരസൗന്ദര്യത്തിന് കോട്ടംതട്ടുന്ന വിധത്തില്‍ കെട്ടിട ചുമരുകളിലും മറ്റും പതിക്കുന്ന പോസ്റ്ററുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഷാര്‍ജ നഗരസഭാധികൃതര്‍ വ്യക്തമാക്കി.
ബെഡ് സ്‌പേസ്, റൂം വാടകക്ക്, മസാജ് സര്‍വീസ് എന്നിങ്ങനെ പല പോസ്റ്ററുകളാണ് വിവിധയിടങ്ങളില്‍ പതിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി പോസ്റ്ററുകള്‍ പതിക്കുന്നത് പിടിക്കപ്പെട്ടാല്‍ 4,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്ന് നഗരസഭാ ക്ലീന്‍ലൈന്‍സ് വിഭാഗം മേധാവി മുഹമ്മദ് അല്‍ കഅ്ബി പറഞ്ഞു.

ഹോം ട്യൂഷന്‍, ആയുര്‍വേദ മരുന്നുകളുടെ പരസ്യങ്ങള്‍, ഡയബറ്റിസ്, ക്യാന്‍സര്‍, ലൈംഗിക രോഗ പരിഹാരം തുടങ്ങി നിരവധി പോസ്റ്ററുകളും പലയിടങ്ങളിലും കാണുന്നുണ്ട്.
കഴിഞ്ഞ നാല് മാസത്തിനിടെ നഗരസഭാധികൃതര്‍ നടത്തിയ പരിശോധനയില്‍ പോസ്റ്ററുകള്‍ പതിച്ച 32 പേരെ പിടികൂടിയിട്ടുണ്ട്. ആയിരക്കണക്കിന് പോസ്റ്ററുകളും സ്റ്റിക്കറുകളും സൈന്‍ ബോര്‍ഡുകളും അധികൃതര്‍ നീക്കംചെയ്തു. മതിലുകള്‍, വിളക്കുകാലുകള്‍, പാലങ്ങള്‍ എന്നിവയിലായിരുന്നു കൂടുതല്‍ പോസ്റ്ററുകളും പതിച്ചിരുന്നത്.

എമിറേറ്റിലെ വാടക ചട്ടം ലംഘിക്കുന്ന തരത്തില്‍ നിരവധിയിടങ്ങളില്‍ ബെഡ് സ്‌പേസ്, റൂം റെന്റ് പോസ്റ്ററുകള്‍ കാണുന്നുണ്ടെന്നും മുഹമ്മദ് അല്‍ കഅ്ബി ചൂണ്ടിക്കാട്ടി.
പരിശോധനക്കായി മികച്ച സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും റോള, അല്‍ നഹ്ദ, അല്‍ ഖാസിമിയ്യ, അരൂബ കൊമേഴ്‌സ്യല്‍ ആന്‍ഡ് റസിഡന്‍ഷ്യല്‍ ഏരിയ എന്നിവിടങ്ങളില്‍ കൂടുതലായി പരിശോധകര്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരം ലംഘനങ്ങള്‍ക്കെതിരെ താമസക്കാര്‍ നഗരസഭാധികൃതരുമായി സഹകരിക്കണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നഗരസഭയുടെ ഹോട്‌ലൈന്‍ നമ്പറായ 993ല്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.