താനൂരിലെ അരുംകൊല: മരിച്ച സവാദിന്റെ ഭാര്യ അറസ്റ്റില്‍

Posted on: October 5, 2018 9:18 pm | Last updated: October 5, 2018 at 10:07 pm
മരിച്ച സവാദ്

മലപ്പുറം: താനൂരില്‍, കാമുകനുമൊത്ത് ജീവിക്കാന്‍ മത്സ്യത്തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. താനൂര്‍ അഞ്ചുമുടി സ്വദേശി സവാദിന്റെ കൊലപാതകത്തില്‍ ഭാര്യ സൗജത്ത് (26) ആണ് അറസ്റ്റിലായത്.

കേസിലെ മുഖ്യപ്രതിയും സൗജത്തിന്റെ കാമുകനുമായ അബ്ദുല്‍ ബഷീര്‍ ദുബൈയിലേക്ക് കടന്നു. കൊലപാതകം നടത്താനായി മാത്രം രണ്ട് ദിവസത്തെ ലീവില്‍ ഇയാള്‍ നാട്ടിലെത്തുകയായിരുന്നു. കൃത്യം പൂര്‍ത്തിയാക്കി മംഗലാപുരം വിമാനത്താവളം വഴിയാണ് ഇയാള്‍ ദുബൈയിലേക്ക് കടന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. സൗജത്താണ് മരണവിവരം അയല്‍വാസികളെ അറിയിച്ചത്. അയല്‍വാസികള്‍ എത്തിയപ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സവാദിനെയാണ് കണ്ടത്.

ബഷീര്‍ സവാദിനെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് മരണം ഉറപ്പിക്കാന്‍ സൗജത്ത് കത്തികൊണ്ട് കഴുത്ത് മുറിച്ചു. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് അരുംകൊല ചെയ്തതെന്ന് സൗജത്ത് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.