ചന്ദ്രിക: വിവരക്കേടിന് തറവിലയെങ്കിലും നിശ്ചയിക്കണം

ബിസിനസ് ഡെവലപ്മെൻറ് മാനേജർ, സിറാജ്
Posted on: October 5, 2018 2:26 pm | Last updated: October 5, 2018 at 2:26 pm

ശരിയാണ്,സ്തുതി പാടുമ്പോള്‍ പത്രങ്ങള്‍ പേജ് നോക്കി പാടണം. അപ്പോഴാണല്ലോ അതിന്റെ ശ്രുതി നന്നാവുക! ഇന്നലെ പത്രങ്ങളായ പത്രങ്ങളിലെല്ലാം വന്ന കേന്ദ്ര സര്‍ക്കാറിന്റെ പരസ്യം ചന്ദ്രികയും കൂട്ടരും ഇത്ര ആഘോഷിച്ചത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഡി.എ.വി.പി.പരസ്യങ്ങള്‍ അതിന്റെ നടപടിക്രമങ്ങള്‍ പാലിച്ച് ലഭ്യമാക്കുന്നതാണ്. ഇന്നലെ സിറാജിലേക്ക് വന്ന പരസ്യത്തിന്റെ റിലീസ് ഓര്‍ഡറില്‍ പരസ്യം ഒന്നാം പേജില്‍ നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നത് വിധേയത്വമല്ല, നടപടിക്രമങ്ങളോടുള്ള നീതി നിര്‍വ്വഹണം മാത്രമാണ്. അല്ലാതെ പേജ് മാറുമ്പോള്‍ അത് പാട്ടാവുന്നില്ലെന്ന തീരേ മനസ്സിലാവാത്ത ലോജിക്കിന്റെ ഇംപ്ലിമെന്റല്ല.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് സിറാജ് പത്രത്തിന്റെ കുറ്റമല്ല. അത് കണ്ടെത്താന്‍ മറ്റു പത്രങ്ങള്‍ക്കൊപ്പം കാന്തപുരത്തെയും കൂട്ടിക്കെട്ടി മൈലേജുണ്ടാക്കി ഇത്ര വലിയ സാഹസമൊന്നും വേണ്ടിയിരുന്നില്ല. അത്ര ദൂരെ മണ്ണാര്‍ക്കാട്ടേക്കൊന്നും പോകാതെ തന്നെ നേമത്ത് ചെന്ന് രാജഗോപാലനെ നേരിട്ട് കണ്ടാല്‍ മതിയായിരുന്നു.

പത്രങ്ങള്‍ പരസ്യം സ്വീകരിക്കുന്നതിലെ പൊതു മാനദണ്ഡം ആര് ഭരിക്കുന്നു, ആരെക്കുറിച്ചുള്ള പാട്ടാണ് എന്നൊന്നുമല്ല. ഏത് പേജാണ്,എത്രയാണ് സൈസ്, എന്താണ് ഉള്ളടക്കം എന്നൊക്കെയാണ്. മാസ്റ്റര്‍ ഹെഡിന് താഴെ കോര്‍പറേറ്റ് പരസ്യങ്ങള്‍ സ്വീകരിക്കാറില്ലെന്ന് വീമ്പിളക്കുന്നവര്‍, ഇതേ പ്രധാനമന്ത്രി യു.എ.ഇ യിലിറങ്ങിയപ്പോള്‍ പാടിയ സ്വാഗത പാട്ടിന്റെ പഴയ പേജൊന്നും വലിച്ച് പുറത്തേക്കിടാതിരിക്കുന്നതാവും കൂടുതല്‍ നല്ലത്.

പരസ്യം ഏതായാലും ഒരു പരസ്യം തന്നെയാണ്. പത്രങ്ങള്‍ക്കാവുമ്പോള്‍ അത് കൂടുതല്‍ പരസ്യമാവുകയാണ്. അതിനി എത്ര രഹസ്യമാക്കി വെച്ചിട്ടും കാര്യമില്ല. പുറത്തെ സ്തുതിപാടകരെക്കാള്‍ അകത്തെ സ്തുതിപാടകരാണ് കൂടുതല്‍ അപകടമെന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?വിവരമില്ലാത്തവര്‍ കൂടെയുണ്ടാവുമ്പോള്‍ വിവരക്കേട് വിളിച്ചു പറയുന്നത് അത്ര തെറ്റൊന്നുമല്ല, പക്ഷേ അതിന് തല്‍കാലം തറവിലയെങ്കിലും നിശ്ചയിക്കണമായിരുന്നു.

(റഷീദ് കെ മാണിയൂരിൻെറ ഫേസ്ബുക്ക് പോസ്റ്റ്)